ലാഭം കിട്ടിയ 64 ലക്ഷം ജീവനക്കാര്‍ക്ക് വീതിച്ച് നല്‍കി ചൈനീസ് റെസ്റ്ററന്‍റ് ; കയ്യടിച്ച് സോഷ്യല്‍ മീഡിയ

ഏറ്റവും കൂടുതല്‍ കച്ചവടം നടന്ന റെസ്റ്ററന്റിലെ മാനേജര്‍ക്ക് 2.18 ലക്ഷം രൂപയാണ് ലഭിച്ചത്

dot image

മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുന്നതും കമ്പനിയുടെ ലാഭം ജീവനക്കാര്‍ക്ക് ആഡംബര കാറുകളായും പണമായും നല്‍കുന്നതിന്റെയും നിരവധി വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു ചൈനീസ് റെസ്‌റ്റോറന്റും എത്തിയിരിക്കുകയാണ്. റെസ്‌റ്റോറന്റിന് ലഭിച്ച 64 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്ക് കമ്പനി വീതിച്ച് നല്‍കിയത്. ദക്ഷിണകിഴക്കന്‍ ചൈനയിലെ ഖിലിചുവാന്‍ ഹോട്ട്‌പോട്ട് റെസ്‌റ്റോറന്റ് ഉടമയായ ഹുവാങ് ഹൗമിങ്ങാണ് കിട്ടിയ ലാഭം ജീവനക്കാര്‍ക്ക് തന്നെ വീതിച്ചുനല്‍കിയത്. ഇത് സ്ഥിരമായി ചെയ്തുവരുന്നതാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുടെ വിവിധ ഭാഗങ്ങളിലായി എട്ടു ബ്രാഞ്ചുകളുളള റെസ്റ്ററന്റ് ആണ് ഖിലിചുവാന്‍ ഹോട്ട്‌പോട്ട്. ചൈനീസ് സ്പ്രിങ് ഫെസ്റ്റിവല്‍ നടന്ന മൂന്നുദിവസങ്ങളിലായി 1.2 കോടി രൂപയുടെ കച്ചവടമാണ് റെസ്റ്ററന്റില്‍ നടന്നത്.

ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ബ്രാഞ്ചിന് ഏറ്റവും അധികം എന്ന രീതിയിലാണ് ഈ ലാഭം ഉടമ വീതം വച്ചത്. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടന്ന റെസ്റ്ററന്റിലെ മാനേജര്‍ക്ക് 2.18 ലക്ഷം രൂപയാണ് ലഭിച്ചത്. ഏറ്റവും കുറവ് ലാഭവിഹിതം നല്‍കിയിട്ടുള്ളത് 7200 രൂപയാണ്. 'ജീവനക്കാര്‍ക്ക് സന്തോഷം നിറഞ്ഞ ലൂണാര്‍ പുതുവര്‍ഷം ഉണ്ടാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഒരുവര്‍ഷം മുഴുവന്‍ കഠിനാധ്വാനം ചെയ്തവര്‍ക്കുള്ള സമ്മാനം കൂടിയാണ് ഇത്.' ഹുവങ് പറയുന്നു.

200 ജീവനക്കാരാണ് കമ്പനിയില്‍ ആകെയുള്ളത്. ഇവരില്‍ കുറച്ചുപേര്‍ തിരക്കുള്ള സമയത്തും അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതെല്ലാം കണക്കുകൂട്ടി 140 പേരാണ് ലാഭവിഹിതത്തിന് അര്‍ഹത നേടിയത്. എല്ലാ ചെലവുകളും കഴിഞ്ഞ് ലഭിച്ച ലാഭമാണ് 64 ലക്ഷമെന്നും ഹുവാങ് അറിയിച്ചു. മാതാപിതാക്കള്‍ക്കായി ഫിലിയല്‍ പയറ്റീ അലവന്‍സും കമ്പനി നല്‍കുന്നുണ്ട്.

ഏതായാലും പുതുവര്‍ഷം ജീവനക്കാര്‍ക്ക് മികച്ച സമ്മാനം നല്‍കിയ കമ്പനിയെ അഭിനന്ദിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊരു കമ്പനിയുടമ ഉണ്ടാവുകയാണെങ്കില്‍ ജീവനക്കാര്‍ ഏറ്റവും മികച്ച രീതിയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ മടിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. നിരവധി ആളുകളാണ് ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ടുപോകാന്‍ ആശംസകള്‍ അറിയിച്ചത്.

Content Highlights: Restaurant Shares Rs 64 Lakh In Profits With Staff

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us