![search icon](https://www.reporterlive.com/assets/images/icons/search.png)
സാധാരണക്കാര്‍ക്ക് അസാധ്യമായ തരത്തില്‍ ഭക്ഷണം കഴിച്ച് പ്രശസ്തയായ ജാപ്പനീസ് വനിത യുക കിനോഷിത അമിതമായി ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍5.2 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള യുക, ജാപ്പനീസ് റിയാലിറ്റി ഷോ ആയ 'ദ് ബാറ്റില്‍ ഓഫ് ബിഗ് ഈറ്റേഴ്‌സി'ലൂടെയാണ് ലോകപ്രശസ്ത തീറ്റക്കാരി ആയി മാറുന്നത്. മെലിഞ്ഞ ശരീരപകൃതിയും 158 സെന്റീമീറ്റര്‍ ഉയരവുമുള്ള യുക അമിതമായി ഭക്ഷണം കഴിക്കുമെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു പലര്‍ക്കും. ഷോയില്‍ വിജയിച്ചില്ലെങ്കിലും അതോടെ യുക പ്രശസ്തയായി.
ബൈപോളാര്‍ ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏഴുമാസത്തോളം സോഷ്യല്‍മീഡിയയില്‍ നിന്ന് വിട്ടുനിന്ന യുക തിരിച്ചെത്തി വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. തനിക്ക് പ്രായമായി വരികയാണെന്നും ആരോഗ്യം കണക്കിലെടുത്ത് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം അവസാനിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. 'ഫെബ്രുവരി നാലിന് എനിക്ക് 40 വയസ്സു തികയും. ഒരു തീറ്റക്കാരിയായി തുടരുക ഇനി ബുദ്ധിമുട്ടാണ്. ഞാന്‍ വല്ലാതെ തളര്‍ന്നുകഴിഞ്ഞു. വര്‍ഷങ്ങള്‍ കടന്നുപോകുന്നതിനൊപ്പം എന്റെ ആരോഗ്യവും മോശപ്പെട്ടു.' വിരമിക്കല്‍ വീഡിയോയില്‍ യുക പറയുന്നു.
ഒരിക്കല്‍ 600 ഫ്രൈഡ് ചിക്കനും 100 ബര്‍ഗറും കഴിച്ച് തന്റെ ആരാധകരെ യുക ഞെട്ടിച്ചിരുന്നു. മറ്റൊരിക്കല്‍ 50 മുട്ടയും ആറു കിലോ മിസോ സൂപ്പും അവര്‍ കഴിച്ചു. നിത്യവും 5000-20,000 കാലറിക്ക് മുകളിലാണ് യുക അകത്താക്കുന്നത്. ഇത്രയധികം ഭക്ഷണം കഴിച്ചിട്ടും 47 കിലോ ഭാരമാണ് യുകയ്ക്ക് ഉണ്ടായിരുന്നത്.
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്ന യുക ഓഗസ്റ്റിലാണ് തിരിച്ചുവരുന്നത്. മൂന്ന് പൂച്ചകളൊത്തുള്ള സന്തോഷ നിമിഷങ്ങള്‍ അവര്‍ പങ്കുവച്ചിരുന്നു. പാമ്പിനെപ്പോലെ ദീര്‍ഘായുസ്സോടെ ജീവിക്കാന്‍ കഴിയുമെന്നാണ് പുതുവര്‍ഷത്തില്‍ താന്‍ കരുതുന്നതെന്നും അവര്‍ പറഞ്ഞു. യുകയുടെ വിരമിക്കല്‍ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയിലേക്കാണ് നയിച്ചത്. 'നിങ്ങളുടെ ആരോഗ്യമാണ് പ്രധാനം. വീഡിയോകള്‍ക്ക് നന്ദിയുണ്ട്. അതെന്നെ സംബന്ധിച്ചിടത്തോളം സുഖപ്പെടുത്തുന്ന ഒന്നായിരുന്നു. എനിക്ക് നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ട്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ശീലങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കട്ടെ.', 'ഞാന്‍ ഒട്ടും ഉന്മേഷമില്ലാതെ ഇരിക്കുന്ന സാഹചര്യങ്ങളില്‍ ഞാനൊന്നും കഴിക്കാന്‍ ഇഷ്ടപ്പെടാറില്ല. അപ്പോഴാണ് ഞാന്‍ നിങ്ങളുടെ വീഡിയോ കാണാറുള്ളത്. നിങ്ങളുടെ വീഡിയോ കണ്ടതോടെ ഭക്ഷണം വളരെ രുചികരമായ ഒന്നാണെന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിച്ചുതുടങ്ങി എനിക്ക് നിങ്ങളോട് നന്ദിയുണ്ട്.' തുടങ്ങി നിരവധി പ്രതികരണങ്ങളാണ് യുകയുടെ വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്.
Content Highlights: Japanese influencer who ate 600 fried chickens and 100 burgers in one sitting retires after battling bipolar disorder convert it to title