വാട്‌സാപ്പിലൂടെ വിവാഹം കഴിച്ചെന്ന് അവകാശപ്പെട്ട് യുവാവ്. ബിഹാര്‍ മുസാഫര്‍പുരിലാണ് സംഭവം. ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥികളാണ് വാട്‌സാപ്പിലൂടെ വിവാഹം കഴിച്ച 'വരനും വധുവും'. വിവാഹം കഴിഞ്ഞതിനാല്‍ ഇനി ഒന്നിച്ചുതാമസിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുകയാണ് യുവാവ്. എന്നാല്‍ വരന്റെയും വധുവിന്റെയും കുടുംബം വിവാഹം അംഗീകരിച്ചിട്ടില്ല.
വാട്‌സാപ്പിലൂടെ മെസേജ് അയക്കുന്നതിനിടയില്‍ മൂന്നുതവണ വരന്‍ കബൂല്‍ ഹെ(സമ്മതമാണ്) എന്നു സന്ദേശമയച്ചെന്നും പെണ്‍കുട്ടിയും ഇതിനോട് അതേരീതിയില്‍ പ്രതികരിച്ചെന്നുമാണ് വരന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഡിജിറ്റല്‍ വിവാഹത്തെ മാതാപിതാക്കള്‍ അംഗീകരിച്ചില്ല. ഇവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിനായി രക്ഷിതാക്കള്‍ പൊലീസിന്റെ സഹായം തേടുകയും ചെയ്തു.
ആണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ സഹായം തേടിയെത്തിയതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്. എന്തുവിലകൊടുത്തും പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്യുമെന്ന് പറഞ്ഞ യുവാവ് പൊലീസ് സ്റ്റേഷനില്‍ രണ്ടുമണിക്കൂറോളം ബഹളം വച്ചു.
രണ്ടുവര്‍ഷമായി പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് യുവാവ് അറിയിച്ചു. വാട്‌സാപ്പ് വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടി തന്നെ ഭര്‍ത്താവായി അംഗീകരിച്ചെന്നും അവരുടെ രഹസ്യ കൂടിക്കാഴ്ചയില്‍ നെറുകയില്‍ സിന്ദൂരമണിഞ്ഞ് എത്താറുണ്ടെന്നും യുവാവ് അവകാശപ്പെട്ടു. പെണ്‍കുട്ടിയുമൊത്തുള്ള ചിത്രങ്ങളും കബൂല്‍ ഹെ ഉള്‍പ്പെടെയുള്ള വാട്‌സാപ്പ് ചാറ്റും പൊലീസ് കണ്ടെത്തി.
യുവാവിന് മണിക്കൂറുകളോളം കൗണ്‍സിലിങ് നല്‍കിയെങ്കിലും യുവാവ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി സ്‌നേഹത്തിലായ യുവാവ് തങ്ങളുമായി അകലം പാലിക്കുകയാണെന്ന് യുവാവിന്റെ വീട്ടുകാര്‍ പറയുന്നു. മധ്യസ്ഥതയിലൂടെ ഇരുവീട്ടുകാരുമായും സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. പെണ്‍കുട്ടിയും യുവാവും രണ്ടു സമുദായത്തില്‍ നിന്നുള്ളവരാണ്.
Content Highlights: 'Kabool hai!': Bihar couple 'marries' on WhatsApp, families oppose union