
സൈബര്‍ തട്ടിപ്പുകളിലൂടെയും മറ്റും നിരവധിപേര്‍ക്ക് പണം നഷ്ടമായ വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു സംഭവമാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. ഓണ്‍ലൈന്‍ ആപ്പിലൂടെ പ്രണയിച്ച ഓസ്‌ട്രേലിയന്‍ മധ്യവയസ്‌കയ്ക്ക് നഷ്ടമായത് വീടും സ്വത്തുകളുമടക്കം 4.3 കോടി രൂപയാണ് (780,000 ഡോളര്‍).
ഒരു അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച്, 57 കാരിയായ ആനെറ്റ് ഫോര്‍ഡ് എന്ന യുവതി തന്റെ 33 വര്‍ഷം നീണ്ട ദാമ്പത്യം 2018ല്‍ അവസാനിപ്പിച്ചതിനു ശേഷം ഡേറ്റിംഗ് ആപ്പായ 'പ്ലന്റി ഓഫ് ഫിഷ'ലൂടെയാണ് തന്റെ പുതിയ പ്രണയം കണ്ടെത്തിയത്. ആപ്പിലൂടെ വില്ല്യം എന്ന പുരുഷനെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയുമായിരുന്നു.
കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ വില്ല്യംസിന് ഫോര്‍ഡിന്റെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞു. പിന്നീട് പല സാഹചര്യങ്ങളില്‍ പണം ആവശ്യപ്പെട്ടു തുടങ്ങി. ഒരിക്കല്‍ വില്ല്യം ക്വലാംലംപൂരില്‍ ജോലി ചെയ്യുന്ന സ്ഥലത്തു വെച്ച് പഴ്‌സ് നഷ്ടമായെന്ന് പറഞ്ഞ് 2,75,000 രൂപ (5000 ഡോളര്‍) വാങ്ങിയെടുത്തു. കൂടാതെ ആശുപത്രിയില്‍ ബില്ലടക്കണമെന്നും കാര്‍ഡ് ആക്‌സസ് ചെയ്യാന്‍ കഴിയിന്നില്ലെന്നുമെല്ലാം പറഞ്ഞ് ലക്ഷങ്ങളാണ് തട്ടിയത്.
താന്‍ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മനസിലാക്കിയപ്പോഴേക്കും ഫോഡിന് അവരുടെ സ്വത്തുക്കളെല്ലാം നഷ്ടമായിരുന്നു. കേസ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Content Highlights: Australian Woman Loses Rs 4.3 Crore, Becomes Homeless, Trying To Find Love Online