
നടന്‍ സല്‍മാന്‍ ഖാന്‍ അടുത്തിടെ സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ അനന്തിരവന്‍ അര്‍ഹാന്‍ഖാന്റെ യൂട്യൂബ് ചാനലിലൂടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. സൗഹൃദത്തെക്കുറിച്ചുളള തന്റെ ചിന്തകളും സൗഹൃദങ്ങള്‍ക്കിടയില്‍ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
'നമ്മള്‍ ഒരിടത്ത് ജനിക്കുന്നു പക്ഷേ ആ വീടിനപ്പുറത്ത് നമുക്ക് എത്രയധികം സുഹൃത്തുക്കളെയാണ് ലഭിക്കുന്നത്. അക്കാര്യത്തില്‍ നമുക്ക് യാതൊരു നിയന്ത്രണവുമില്ല. സുഹൃത്തുക്കള്‍ നമ്മള്‍ തിരഞ്ഞെടുക്കുന്ന, നമ്മുടെ സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളാണ്. നമ്മെ ചതിക്കുന്ന സുഹൃത്തുക്കള്‍ ചുറ്റുമുളളതിനേക്കാള്‍ വിശ്വസിക്കാന്‍ കഴിയുന്ന സുഹൃത്തുക്കളെ കൂടെച്ചേര്‍ക്കുന്നതാണ് എപ്പോഴും നല്ലത്.
ജീവിതത്തില്‍ പല ഘട്ടങ്ങളിലും സാഹചര്യങ്ങളിലും ഒരു വ്യക്തിക്ക് ആശ്രയിക്കാനും സംസാരിക്കാനും ആത്മവിശ്വാസം നല്‍കാനും കഴിയുന്ന കുറച്ച് സുഹൃത്തുക്കളെ ആവശ്യമുണ്ട്. നിങ്ങളെ കേള്‍ക്കുക, നിങ്ങളുടെ എല്ലാ കുരുത്തക്കേടുകള്‍ക്കും കൂടെനില്‍ക്കുക അങ്ങനെയുളള സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് അനുഗ്രഹമാണെന്നും സല്‍മാന്‍ഖാന്‍ പറയുന്നു.
സൗഹൃദങ്ങള്‍ വേണ്ടത്ര ശക്തമല്ലെങ്കില്‍ അത് അധിക കാലം നിലനില്‍ക്കില്ല. എനിക്ക് പല ബന്ധങ്ങളില്‍ നിരാശ തോന്നിയിട്ടുണ്ട്. ചില ആളുകള്‍ എന്റെ ജീവിതത്തില്‍നിന്ന് എന്നന്നേക്കുമായി പോയിട്ടുണ്ട്. അത് ഇരുകൂട്ടരുടേയും കാഴ്ചപ്പാടുകള്‍ പൊരുത്തപ്പെടാത്തതുകൊണ്ടാണ്. സുഹൃത്തുക്കള്‍ നമ്മുടെ ഏറ്റവും വലിയ വിമര്‍ശകരും അതേസമയം ഏറ്റവും വലിയ ചിയര്‍ ലീഡേഴ്‌സുമായിരിക്കണം. നല്ല സുഹൃത്തുക്കള്‍ ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനവും ഏറ്റവും വലിയ അനുഗ്രഹവുമാണെന്നും സല്‍മാന്‍ ഖാന്‍ പറയുന്നു.
Content Highlights : I have been disappointed in some relationships - Salman Khan