'കണ്ണാരം പൊത്തി കളിക്കാം മണ്ണപ്പം ചുട്ടു വിളമ്പാം...'; കണ്ടറിഞ്ഞ് തൊട്ടറിഞ്ഞ് മലയാളം പഠിക്കാം

എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ ഗോപി നാരായണനും ഭാര്യ ജെസി നാരായണനും ചേര്‍ന്ന് നടത്തുന്ന 'മലയാളം പള്ളിക്കൂട'ത്തിന്റെ വിശേഷങ്ങളിലേക്ക്...

ഷെറിങ് പവിത്രൻ
1 min read|21 Feb 2025, 12:10 pm
dot image

2014 ചിങ്ങം 1 നാണ് തിരുവനന്തപുരത്ത്‌ മലയാളം പള്ളിക്കൂടം ആരംഭിക്കുന്നത്. മലയാള ഭാഷ പഠിപ്പിക്കാന്‍ ഒരിടം. അതാണ് 'മലയാളം പളളിക്കൂടം' ലക്ഷ്യമിടുന്നത്. മലയാളം പഠിക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ തങ്ങള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അതിന് അവസരമില്ലാതിരിക്കുകയും ചെയ്യുന്ന നൂറ് കണക്കിന് കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. വിദ്യാലയത്തിലും വീട്ടിലും കിട്ടാത്ത അനുഭവങ്ങളുടെ ലോകമാണ് 'മലയാളം പളളിക്കൂടം' കുട്ടികള്‍ക്ക് ഒരുക്കിനല്‍കുന്നത്. തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ പളളിക്കൂടത്തിന്റെ ഉദയത്തിന് പിന്നിലെ മനോഹരമായ യാത്ര ഇങ്ങനെയാണ്….

അതൊരു സ്വപ്‌നമായിരുന്നു

എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ ഗോപി നാരായണന്റെയും ജെസി നാരായണന്റെയും മകള്‍ ആര്‍ച്ച അന്ന് പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌. ഒരിക്കല്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ നില്‍ക്കുമ്പോള്‍ സ്‌കൂള്‍ ബസില്‍ മാത്രം പോയി ശീലമുള്ള അവളുടെ കൂട്ടുകാര്‍ക്ക് അന്ന് ലൈന്‍ ബസില്‍ പോകണമെന്ന് ആഗ്രഹം. അങ്ങനെ കൂട്ടുകാരെല്ലാവരും ബസ് കാത്ത് നില്‍ക്കുകയാണ്. ഓരോ ബസ് വരുമ്പോഴും കുട്ടികള്‍ ഓടിചെന്ന് ബസിലെ ജീവനക്കാരോട് ചോദിക്കുകയാണ്. ' ചേട്ടാ ഈ ബസ് ശാസ്തമംഗലത്ത് പോകുമോ? , അങ്കിളേ ഈ ബസ് തമ്പാനൂര്‍ക്ക് പോകുമോ? കൂട്ടുകാരുടെ ഈ ചോദ്യം കേട്ട് ആര്‍ച്ചയ്ക്ക് ആകെപ്പാടെ അമ്പരപ്പായി. ഇതെന്താ ഇവര്‍ക്ക് ബസിലെ മലയാളം ബോര്‍ഡ് വായിക്കാനറിയില്ലേ? . അവളുടെ സംശയം ശരിയായിരുന്നു അവര്‍ക്ക് മലയാളം വായിക്കാൻ അറിയില്ലായിരുന്നു. ഈ സംഭവം വളരെ വിഷമത്തോടെ ആര്‍ച്ച മാതാപിതാക്കളായ ഗോപിയോടും ജെസിയോടും വന്നുപറഞ്ഞു. അത് മാത്രമല്ല കൂട്ടുകാരെ മലയാളം പഠിപ്പിക്കാന്‍ വഴിയുണ്ടാക്കണം എന്നൊരു ആവശ്യവും ആ മകള്‍ പറയുകയുണ്ടായി. മകള്‍ പറഞ്ഞത് പ്രാവര്‍ത്തികമാക്കേണ്ട വിഷയമാണോ എന്ന ആലോചനയ്ക്കിടയിലാണ് ഇവിടെ ബിരുദം ജയിച്ചവര്‍ക്ക് പോലും മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്. അങ്ങനെ ആ മാതാപിതാക്കള്‍ മകള്‍ക്ക് വാക്ക് കൊടുത്തു. കൂട്ടുകാരെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കാം. ഫീസൊന്നും വാങ്ങാതെ വീടിന്റെ കോലായില്‍ ഇരുത്തി പഠിപ്പിക്കാം എന്നാണ് ആദ്യം തീരുമാനിക്കുന്നത്. അങ്ങനെയിരിക്കുമ്പോള്‍ വളരെ വേഗത്തിലാണ് പള്ളിക്കൂടം എന്ന സങ്കല്‍പ്പം ഉണ്ടാകുന്നതും അത് പ്രാവര്‍ത്തികമാക്കുന്നതും….

ഒഎന്‍വിയുടെ അനുഗ്രഹം ' അമ്മത്തിരുമൊഴി മലയാളം'

ഗോപിയും ജെസിയും പളളിക്കൂടമെന്ന ആശയവുമായി ആദ്യം പ്രൊഫ. മധൂസൂദനന്‍ നായരെയാണ് ചെന്ന് കാണുന്നത്. തങ്ങളുടെ ഉദ്യമത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ അദ്ദേഹം കുറേകൂടി വിശാലമായ തലത്തിലേക്ക് അതിനെ ഉയര്‍ത്താനുളള ആശയങ്ങള്‍ പങ്കുവച്ചു. ഈ ആശയങ്ങളൊക്കെയും ഗോപിയേയും ജെസിയേയും കൂടുതല്‍ ആവേശഭരിതരാക്കി. ആശയം കിട്ടി പക്ഷേ എങ്ങനെ തുടങ്ങും എന്ന ചോദ്യത്തിന് ഉത്തരം തേടി അവര്‍ ഒഎന്‍വി കുറുപ്പിനരികിലെത്തി. അന്നദ്ദേഹം സുഖമില്ലാതെ വീട്ടില്‍ വിശ്രമിക്കുകയാണ്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഒഎന്‍വി പറഞ്ഞു 'മധുവിനെ മുന്നില്‍ നിര്‍ത്തിയത് നന്നായി. വീലിന്മേല്‍ കയറാനേ പ്രയാസമുണ്ടാവൂ പിന്നെ അതങ്ങ് ഉരുണ്ട് പൊയ്‌ക്കൊളളും'. അങ്ങനെ പറഞ്ഞാണ് അദ്ദേഹം അവരെ അനുഗ്രഹിച്ചത്. പളളിക്കൂടം തുടങ്ങിയപ്പോള്‍ അദ്ദേഹം അക്ഷരമാല കലണ്ടര്‍ ഒപ്പിട്ടുകൊടുക്കുകയും "അമ്മത്തിരുമൊഴി മലയാളം" എന്നുതുടങ്ങുന്ന ഒരു കാവ്യഭാഷാപ്രതിജ്ഞ അവര്‍ക്കായി എഴുതിക്കൊടുക്കുകയും ചെയ്തു.

അങ്ങനെ പളളിക്കൂടം തുടങ്ങി

പള്ളിക്കൂടം തുടങ്ങുന്ന വാര്‍ത്ത അക്കാലത്ത് പത്രമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ നല്‍കി. വാര്‍ത്ത പുറത്തറിഞ്ഞതു മുതല്‍ അവരുടെ ഫോണുകള്‍ക്ക് വിശ്രമമുണ്ടായില്ല. ഉദ്ഘാടന ദിവസംതന്നെ നൂറിലധികം കുട്ടികള്‍ അവിടെ പ്രവേശനം നേടി. പാളയം ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് സെന്ററില്‍ വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പള്ളിക്കൂടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. ജെസിയുടെ സ്വര്‍ണ്ണം പണയം വച്ച് പ്രാരംഭ ചിലവുകളൊക്കെ നടത്തി. ഉത്ഘാടനത്തിന് ശേഷം നാല് മാസം കഴിഞ്ഞ് മലയാളം പള്ളിക്കൂടം സമിതി എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്തു. പ്രൊഫ. വി. മധുസൂദനന്‍ നായര്‍ അദ്ധ്യക്ഷനും ജെസി നാരായണന്‍ സെക്രട്ടറിയും ഗോപീ നാരായണന്‍ ട്രഷററുമായി ചുമതലയേറ്റു.

മണ്ണും നാട്ടറിവും നാടന്‍ കളരിയുമൊക്കെ ചേര്‍ന്ന പാഠ്യപദ്ധതി

മലയാളം പള്ളിക്കൂടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവരുടെ പാഠ്യ പദ്ധതികള്‍ തന്നെയാണ്. മണ്ണും നാട്ടറിവും നാട്ടുരുചിയും കൃഷിയും നാടന്‍ കളരിയും ഒക്കെ ചേര്‍ന്ന പാഠ്യ പദ്ധതി. മലയാള ഭാഷയെ അടുത്തറിയാനും ഹൃദയത്തില്‍ ചേര്‍ക്കാനും ഇതിലും നല്ലൊരു പാഠ്യപദ്ധതി വേറെയില്ല. പുതിയ കാലത്തെ കുട്ടികള്‍ക്ക് അവരുടെ വീടുകളിലും സ്‌കൂളിലും കിട്ടാതെ പോകുന്ന അറിവുകളെ നികത്തുന്ന തരത്തിലുളള പാഠ്യ പദ്ധതികളാണ് പ്രൊ. മധൂസൂദനന്‍ നായരുടെ നേതൃത്വത്തില്‍ പള്ളിക്കൂടത്തില്‍ നടപ്പിലാക്കിയിട്ടുളളത്. മണ്ണില്‍ എഴുതി പഠിപ്പിക്കുന്ന രീതിയാണ് പള്ളിക്കൂടത്തിലേത്. സ്പര്‍ശനത്തിന് ശബ്ദത്തേക്കാള്‍ വേഗത്തില്‍ തലച്ചോറിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ സാധിക്കും എന്ന ഗവേഷണത്തിന്റെ ഫലമായാണ് മണ്ണിലെഴുത്ത് രീതി സ്വീകരിച്ചത്.

ഇത് മാത്രമല്ല നാട്ടറിവുകളെക്കുറിച്ചും നാട്ടുരുചികളെപ്പറ്റിയും കൃഷിയെക്കുറിച്ചും പുഴയെക്കുറിച്ചും പണ്ടുകാലത്തുപയോഗിച്ചിരുന്ന ഉപകരണങ്ങളെകുറിച്ചും അക്കാലത്തുപയോഗിച്ചിരുന്ന വാക്കുകളെക്കുറിച്ചും ഒക്കെ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കിക്കൊടുത്തു കൊണ്ട് മലയാള തനിമയോടെയാണ് ഓരോ പാഠ്യപദ്ധതിയും രൂപപ്പെടുത്തിയിരിക്കുന്നത്. ക്ലാസ് മുറിക്ക് പുറത്തെ പഠനം പള്ളിക്കൂടത്തിന്റെ പ്രധാന സവിശേഷിതയാണ്. ഒരോ അധ്യയനവര്‍ഷത്തിന്റെ പകുതിയിലും ഗ്രാമയാത്ര, വയല്‍യാത്ര, പുഴയാത്ര, വനയാത്ര, സാംസ്‌കാരിക യാത്ര എന്നിങ്ങനെ ഓരോ പഠനയാത്രകളും നടത്താറുണ്ട്.
ഒഎന്‍വി കുറുപ്പ്, സുഗത കുമാരി, ഡോ.ഡി.ബാബുപോള്‍ ,വിഷ്ണുനാരായണന്‍ നമ്പൂതിരി, അടൂര്‍ ഗോപാലകൃഷ്ണന്‍, കാനായി കുഞ്ഞിരാമന്‍, പെരുമ്പടവം ശ്രീധരന്‍, പ്രഭാവര്‍മ്മ, ആര്‍ട്ടിസ്റ്റ് ഭട്ടതിരി, ഡോ.അച്യുത് ശങ്കര്‍ എന്നിവരുടെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണ് പാഠ്യപദ്ധതികള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ അനുവദിച്ചുകൊടുത്തതുപ്രകാരം ഞായറാഴ്ചകളില്‍ തിരുവനന്തപുരം തൈക്കാട് ഗവ.മോഡല്‍ എച്ച്.എസ്.പി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് പഠനം. നാല് കളരികളിലായാണ് പഠനം നടക്കുന്നത് . അക്ഷര കളരി, ഭാഷാപഠന കളരി, സാഹിത്യ കളരി, മലയാളത്തട്ടകം എന്നിങ്ങനെയാണ് നാല് കളരികള്‍.

പള്ളിക്കൂടം മുന്നോട്ട് പോകുന്നത്

ഒരു ഫണ്ടും ഇല്ലാതെ നടത്തിക്കൊണ്ടുപോകുന്ന സ്ഥാപനമാണ് പള്ളിക്കൂടം. കുട്ടികളില്‍ നിന്നുവാങ്ങുന്ന ഗുരുദക്ഷിണകൊണ്ടാണ് അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കുന്നത്. കേരളത്തില്‍ പലയിടങ്ങളിലും ഈ പഠനരീതി വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അത് ചെയ്യാനുളള അടിസ്ഥാന സൗകര്യം ഇല്ല എന്നുളളതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സര്‍ക്കാരില്‍ നിന്നും തൈക്കാട് ഗവ. മോഡല്‍ സ്‌കൂള്‍ അനുവദിച്ചുകിട്ടിയതാണ് പള്ളിക്കൂടത്തിന് ഒരു നാഴികക്കല്ലായി മാറിയത്. ഇത്തവണത്തെ ബജറ്റില്‍ മലയാളം പള്ളിക്കൂടത്തിന് ഒരു ചെറിയ ഗ്രാന്‍ഡ് അനുവദിച്ചുകിട്ടിയത് ഒരു അനുഗ്രഹമായെന്ന് ജെസി പറയുന്നു.

സ്വപ്‌നങ്ങള്‍ ചിറകുവിടര്‍ത്തി

ഇന്നത്തെ തലമുറയിലെ ഒരു കുട്ടിക്കെങ്കിലും ഒരു ഓലപ്പന്ത് ഉണ്ടാക്കാനും ഓലവാച്ച് ഉണ്ടാക്കാനും അറിയുമോ? .അറിയില്ല എന്നുതന്നെ പറയേണ്ടിവരും. അവരുടെ മാതാപിതാക്കള്‍ക്കും ഇതിനെക്കുറിച്ച് ഒരു അറിവും ഉണ്ടാവുകയുമില്ല. ഇതൊക്കെ കാലമുണ്ടാക്കിയ വിടവുകളാണ്. മലയാളത്തിലെ പദങ്ങള്‍, നാടന്‍ പാട്ടുകള്‍, നാട്ടറിവുകള്‍ ഇവയെല്ലാം ഒത്തൊരുമിച്ച് കൊണ്ടുവന്ന് കുട്ടികള്‍ക്ക് അറിവുകൊടുക്കുന്ന ഒരു കേന്ദ്രം തുടങ്ങുകയാണ് ഗോപീ നാരായണന്റെയും ജെസി നാരായണന്റെയും അടുത്ത ലക്ഷ്യം. അതിനായി പഴയ ഉപകരണങ്ങള്‍, കാളവണ്ടിയുടെ ചക്രങ്ങള്‍, ജലചക്രം, നുകം, കലപ്പ , കാര്‍ഷിക ഉപകരണങ്ങള്‍ , വീട്ടുപകരണങ്ങള്‍ ആയുധങ്ങള്‍ ഇവയെല്ലാം ശേഖരിച്ച് വിദ്യാഭ്യാസ ആവശ്യത്തിനായി ഒരു സ്ഥിരം പ്രദര്‍ശനശാല ഉണ്ടാക്കണമെന്നാണ് ഇവരുടെ ആഗ്രഹം.

Content Highlights : To the details of the 'Malayalam Pallikkudam' run by writers and journalists Gopi Narayanan and his wife Jessy Narayanan

dot image
To advertise here,contact us
dot image