
പണം സമ്പാദിക്കാനും മറ്റും ആളുകൾ ഏത് ജോലിയും കഷ്ടപ്പെട്ട് ചെയ്യുന്ന കാലമാണ്. ചിലപ്പോൾ എത്ര ജോലി ചെയ്താൽപ്പോലും കിട്ടുന്ന പണം ഒരു മാസത്തിന് തികയാതെ വരണമെന്ന് പോലുമില്ല. എന്തിന്, കരുതിവെക്കാൻ പോലും പണം ബാക്കിയാകണമെന്നുമില്ല. അങ്ങനെയിരിക്കെ ഒരു പണിയുമെടുക്കാതെ വെറുതെ ഇരുന്നാൽ 35 ലക്ഷം കിട്ടുമെന്ന് പറഞ്ഞ് ആരെങ്കിലും വന്നാലോ? ആളുകൾ വെറുതെയിരിക്കുമോ?
ചൈനയിലെ പ്രശസ്ത ഇൻഫ്ളുവൻസറായ ഗു സിസിയ്ക്കാണ് തന്റെ പ്രസ്താവന കാരണം വലിയ വിമർശനം നേരിടേണ്ടിവന്നത്. പണിയൊന്നുമെടുക്കാതെ വെറുതെ കട്ടിലിൽ കിടന്നാൽ പോലും തനിക്ക് ഒരു ദിവസം 35 ലക്ഷം കിട്ടുമെന്നാണ് ഗു സിസി പറഞ്ഞത്. ഫെബ്രുവരി എട്ട് മുതൽ പതിനാറ് വരെ മാത്രം തനിക്ക് ഇത്തരത്തിൽ 12 കോടി കിട്ടിയെന്ന് സിസി പറയുന്നു. സൗന്ദര്യവർദ്ധകവസ്തുക്കൾ വിൽക്കുന്ന ഡൂയിൻ ഷോപ്പ് എന്ന വെബ്‌സൈറ്റ് സിസിയ്ക്കുണ്ട്. ഇതിലെ വിൽപ്പനയും കമ്മീഷനും എല്ലാം കൂട്ടിയാണ് ഈ തുക എന്നാണ് സിസി പറയുന്നത്.
തന്റെ വിമർശകരോടുള്ള മറുപടിയെന്നോണമാണ് സിസി ഇത് പറഞ്ഞത്. 'ഞാൻ എന്റെ സ്വന്തം കാലിൽ നിൽക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാലത്തോളം, എന്നെ നിങ്ങൾ വിമർശിക്കുന്ന കാലത്തോളം, ഞാൻ ഇനിയും പണമുണ്ടാക്കും. ഒരു മാസം എത്ര പണമുണ്ടാക്കുന്നു എന്നതിലല്ല, ഒരു ദിവസം എത്രയുണ്ടാക്കുന്നു എന്നതിലാണ് കാര്യം'; സിസി പറഞ്ഞത് ഇങ്ങനെയാണ്.
എന്നാൽ സിസിയുടെ ഈ വീമ്പിളക്കലിനെതിരെ വ്യാപക വിമർശനമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെയും സിസിയുടെ ഓൺലൈൻ കണ്ടന്റുകൾക്കെതിരെ വ്യാപകമായി ആളുകൾ രംഗത്തെത്തിയിരുന്നു. മോശം വീഡിയോകൾ, മറ്റുള്ളവരെ അകാരണമായി കളിയാക്കുക, മോശം പ്രവൃത്തികളിൽ ഏർപ്പെടുക തുടങ്ങി നിരവധി പരാതികൾ ഇവർക്കെതിരെ ഉണ്ട്. തന്റെ വീഡിയോയിൽ ആളുകളെ കൂട്ടാനായി നഗ്നതാ പ്രദർശനം വരെ ഇവർ നടത്തിയിട്ടുണ്ട്.
വിമർശനം വ്യാപകമായതോടെ ഈ പണമെല്ലാം അധ്വാനിച്ച് സമ്പാദിച്ചതാണെന്ന വിശദീകരണവുമായി സിസി തന്നെ രംഗത്തുവന്നിട്ടുണ്ട്. താൻ ഇതൊന്നും മോഷ്ടിച്ചതല്ല എന്നും ജോലി ചെയ്യാതെ തനിക്ക് എങ്ങനെ ഇരിക്കാൻ കഴിയുമെന്നുമാണ് സിസി വിശദീകരിച്ചത്.
Content Highlights: Chinese influencer faces backlash after saying earning lakhs by doing nothing