വീടുകളിൽ ചെടികൾ വളർത്താൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നല്ല രീതിയിലുള്ള പരിപാലനം ലഭിച്ചാൽ മനോഹരമായി ചെടികൾ വളരും. ചെടികളെ പരിപാലിക്കുന്ന ചില രീതികൾ പരിചയപ്പെട്ടാലോ?

dot image

വീടിന് അകവും പുറവും ഭം​ഗി കൂട്ടാൻ പ്രധാനമായും ചെയ്യുന്ന ഒന്നാണ് ചെടികൾ കൊണ്ട് അലങ്കരിക്കൽ. ചെറിയത് മുതൽ വലിയ ചട്ടികളിൽ വരെ ചെടികൾ നട്ടുപിടിപ്പിക്കും. ബാത്ത്റൂം, ബെഡ്റൂം, കിച്ചൺ, ഹാൾ, ഉമ്മറം തുടങ്ങിയ വീടിന്റെ എല്ലാ കോണിലും ചെടികൾ വെച്ചുപിടിപ്പിക്കുന്നവരാണ് നമ്മളിൽ പലരും. ഭം​ഗികൂട്ടാൻ മാത്രമല്ല, പോസിറ്റീവ് എനർജി ലഭിക്കാന്‍ കൂടിയാണ് ചെടികൾ വെക്കുന്നത്. എന്നാല്‍ ഒരാവേശത്തിന് ചെടികളെല്ലാം വെച്ച് പിന്നീട് കൃത്യമായി വെള്ളമൊഴിക്കാതെ, പരിപാലിക്കാതെ കാടുപിടിച്ചും ഉണങ്ങിയെല്ലാം പോകുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്.

നല്ല രീതിയിലുള്ള പരിപാലനം ലഭിച്ചാൽ മനോഹരമായി ചെടികൾ വളരുമെന്നതില്‍ സംശയം വേണ്ട. ചെടികള്‍ പരിപാലിക്കുന്ന ചില രീതികൾ പിരചയപ്പെട്ടാലോ?

  • നിങ്ങൾ ചെടികൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? ചെടികളുടെ ഭം​ഗി നോക്കിയാണോ ​ഗുണം നോക്കിയാണോ വാങ്ങുന്നത്. ചെടികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ് തിര‍ഞ്ഞെടുക്കുന്ന രീതി. ഭം​ഗി നോക്കി മാത്രമാവരുത് ചെടികൾ തിരഞ്ഞെടുക്കുന്നത്. ഓരോ ചെടികൾക്കും ഓരോ ​ഗുണങ്ങളുണ്ട്, അത് അറിഞ്ഞായിരിക്കണം തിര‍ഞ്ഞെടുക്കേണ്ടത്. കാണാൻ ഭം​ഗിയുള്ള ചെടികൾ ചിലപ്പോൾ അപകടകാരികളായേക്കാം. സ്ഥലം, ലഭ്യമാകുന്ന വെളിച്ചം എന്നിവ മനസിലാക്കി വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
  • നല്ല മണ്ണും വളവും ലഭിച്ചാലാണ് ചെടികൾ നന്നായി വളരുക. ചെടി വാങ്ങിയപാടെ മണ്ണിൽ കുഴിച്ചിടുകയല്ല വേണ്ടത്. ചെടികൾ നടുന്നതിനായി മണ്ണ് മിശ്രിതം പ്രത്യേകം തയ്യാറാക്കണം. വളർത്താൻ ഉപയോ​ഗിക്കുന്ന ചെടികളുടെ സ്വഭാവം മനസിലാക്കി വേണം മണ്ണ് മിശ്രിതമാക്കാൻ.
  • നമ്മൾ നട്ട ചെടികളുടെ പരിപാലം എന്ന് പറഞ്ഞ് ധാരാളം വെള്ളം ഒഴിക്കാറുണ്ടെങ്കിൽ അത് തെറ്റായ രീതിയാണ്. ചെടികൾക്ക് വലിയ തോതിൽ വെള്ളത്തിന്റെ ആവശ്യമുണ്ടാകാറില്ല. ചിലതിന് കുറച്ച് വെള്ളം മാത്രം മതിയാകും എന്നാൽ മറ്റുചിലതിന് കൂടുതൽ വെള്ളം ആവശ്യമായി വേണ്ടവയുമുണ്ട്. നമ്മൾ ഒഴിക്കുന്ന വെള്ളത്തിനനുസരിച്ചായിരിക്കും ചെടികൾ ചീഞ്ഞുപോകുന്നതും ഉണങ്ങിപോകുന്നതും. ഓരോ ചെടികളെയും അറിഞ്ഞായിരിക്കണം വെള്ളം തളിച്ച് കൊടുക്കേണ്ടത്.
  • വീടിന് അകത്ത് വളരുന്ന ഇൻഡോർ പ്ലാൻ്റുകൾക്ക് വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. അതിനാൽ ഇത്തരം ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് ശാന്തമായ അന്തരീക്ഷവും ശുദ്ധവായുവും നൽകും. നല്ല ഉറക്കത്തിനും സഹായിക്കും.
  • ചെടികളിലെ പഴുത്തതും കേടായതുമായ ഇലകൾ മാറ്റുക. ഇങ്ങനെ മാറ്റുന്നത് പുതിയ ഇലകൾ വളരാൻ സഹായിക്കും. കേടായ ഇലകൾ ചെടികളിൽ ഇരുന്നാൽ എല്ലാ ഊർജ്ജവും അതിലേക്ക് പോകും ഇത് ചെടി വാടാൻ കാരണമാകും.

നല്ല ചില ഇൻഡോ‍ർ പ്ലാന്റുകള്‍ പരിചയപ്പെട്ടാലോ?

കറ്റാർവാഴ

ഭാഗ്യവും പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന ചെടിയാണെന്നാണ് കറ്റാര്‍ വാഴയെ വിശേഷിപ്പിക്കുന്നത്. രോഗം ശമിപ്പിക്കാന്‍ കറ്റാര്‍വാഴയ്ക്ക് പ്രത്യേക കഴിവുണ്ട്. വീടിനുള്ളിലെ വായു ശുദ്ധമാക്കാനും പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും കറ്റാര്‍വാഴയ്ക്ക് സാധിക്കും. കറ്റാര്‍വാഴയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്.

ഇതിന്റെ ഇലകളില്‍ അടങ്ങിയിരിക്കുന്ന ജെല്ലികളില്‍ മ്യൂക്കോപോളിസാക്കറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, കാത്സ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. ചര്‍മ്മ സൗന്ദര്യത്തിനും മുഖത്തേയും മറ്റും പാടുകള്‍ പോകാനും ദിവസവും ഉപയോഗിക്കുന്നത് ഗുണം ചെയ്യും.

ബാംബു പാം

വീടിനുള്ളില്‍ വെക്കാന്‍ കഴിയുന്ന മനോഹരമായ ചെടികളില്‍ ഒന്നാണ് ബാംബു പാം. ഈ ചെടിയ്ക്ക് ദീര്‍ഘനാള്‍ വെള്ളമില്ലാതെ വളരാന്‍ സാധിക്കും. ഫോര്‍മാല്‍ഡിഹൈഡ്, ട്രൈക്ലോറോ എത്‌ലിന്‍, സൈലിന്‍ എന്നിവ വലിച്ചെടുക്കാന്‍ ഏറ്റവും നല്ല ചെടിയാണിത്.

കര്‍പ്പൂരവള്ളി

ഉറക്കകുറവ്, ടെന്‍ഷന്‍ എന്നിവയ്ക്ക് പറ്റിയ ചെടിയാണ് കര്‍പ്പൂര വള്ളി അഥവാ പനിക്കൂർക്ക. കര്‍പ്പൂര വള്ളിയുടെ സുഗന്ധം വേദനകള്‍ക്ക് പോലും ആശ്വാസം നല്‍കുമെന്നാണ് വിശ്വാസം.

സര്‍പ്പ പോള

വീടിനുള്ളില്‍ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്താന്‍ മികച്ച ചെടിയാണ് സര്‍പ്പ പോള. ഈ ചെടിയ്ക്ക് പരിപാലനം തീരെ കുറവ് മാത്രമേ ആവശ്യമുള്ളൂ.

ഗാര്‍ഡെനിയ

നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചെടിയാണ് ഗാര്‍ഡെനിയ എന്നാണ് പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പഠനത്തില്‍ ഉറക്കത്തെ ഉദ്ദീപിപ്പിക്കുന്ന രാസവസ്തുക്കള്‍ പ്രസരിപ്പിക്കാന്‍ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. വീടിനുള്ളിലെ മലിനവായു വലിച്ചെടുക്കാനും ഈ ചെടിയ്ക്ക് കഴിവുണ്ട്.

Content Highlights: If you like to grow plants at home, then you should pay attention to these things

dot image
To advertise here,contact us
dot image