
വീട് വെക്കാന്‍ ആവശ്യത്തിലധികം പണം ചെലവഴിക്കുന്നവരാണ് നമ്മളില്‍ പലരും. വലിയ വീടുകളാണ് ആഡംബരത്തിന്റെയും ലക്ഷണം പോലും. എന്നാല്‍ ജീവിക്കാന്‍ അത്ര വലിയ വീടൊന്നും വേണ്ടന്ന് പറയുകയാണ് അമേരിക്കന്‍ യുട്യൂബര്‍ ലെവി കെല്ലി. ലെവി കെല്ലി നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ വീട് ലോകമെമ്പാടും ശ്രദ്ധ നേടുകയാണ്. ഇതാണ് ലോകത്തിലെ ഏറ്റവും ചെറിയ വീടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.19.4 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഈ വീട് അതുണ്ടാക്കിയ രീതികൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
വെറും 19.46 ചതുരശ്ര അടി (1.8 ചതുരശ്രമീറ്റര്‍) വിസ്തീര്‍ണമുളള ഈ ചെറിയ വീട് ഒരു കിടപ്പുമുറി, അടുക്കള, ടോയ്‌ലറ്റ് എന്നിവയുള്ളതാണ്. 21, 500 രൂപയാണ് ഇത് നിര്‍മ്മിക്കാന്‍ ചെലവായ തുക. പരമ്പരാഗത ഭവന വാസ്തുവിദ്യയെ വെല്ലുവിളിക്കുന്ന കെല്ലിയുടെ കണ്ടുപിടുത്തം ഏറ്റവും ചെറിയ മുറികള്‍ പോലും വാസയോഗ്യവും പ്രവര്‍ത്തനക്ഷമവുമാകുമെന്ന് തെളിയിക്കുന്നു.
ലെവികെല്ലിക്ക് ചെറിയ വീടുകള്‍ എപ്പോഴും പ്രിയപ്പെട്ടതായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ഒരു വീട് വയ്ക്കാന്‍ തീരുമാനിച്ചതും. ഒരു മാസമെടുത്തു ഇങ്ങനെ ഒരു വീട് പൂര്‍ത്തീകരിക്കാന്‍. ചെറുതാണെങ്കിലും സൗകര്യങ്ങള്‍ കുറവാണെന്ന് കരുതേണ്ട. ഒരു കസേര, ഒരു കിടക്ക, ചെറിയ അടുക്കള, ടേയ്‌ലറ്റ് ഇവയോടൊപ്പം എസി, ഒരു ഹീറ്റര്‍, ഫില്‍ട്രേഷന്‍ പമ്പ് സിസ്റ്റം, ഒരു മിനി ഫ്രിഡ്ജ്,ഒരു കുക്ക്‌ടോപ്പ് ഇവയൊക്കെ ഈ വീട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥല പരിമിതി കാരണം ഷവര്‍ പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തില്‍ ഒരു പ്ലസ് പോയിന്റാണിതെന്ന് കെല്ലി കരുതുന്നു. ഇത് മാത്രമല്ല ഈ വീട് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നതിനായി വീലുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.
കെല്ലിയുടെ ഈ കണ്ടുപിടുത്തം ഒരു വീട് എന്താണെന്നതിനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ നിരാകരിക്കുന്നതാണ്. നഗരപ്രദേശങ്ങള്‍ കൂടുതല്‍ ജനസാന്ദ്രതയുളളതാക്കുകയും ഭവന ചെലവ് വര്‍ധിക്കുകയും ചെയ്യുന്നതിനാല്‍ ആളുകളെ ഇത്തരത്തിലുളള മൈക്രോലിവിങ് ഓപ്ഷനുകള്‍ സ്വാധീനിക്കുന്നുണ്ട്.
Content Highlights :This is the smallest house in the world