
ഇന്ന് ശിവരാത്രി. എല്ലാ ശിവ ക്ഷേത്രങ്ങളിലും വിശേഷ ദിവസമായി ആഘോഷിക്കുന്ന ദിവസം. കുഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി. ശിവരാത്രിയെ സംബന്ധിച്ച് പല ഐതീഹ്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട രണ്ട് ഐതീഹ്യങ്ങളാണ് ഉള്ളത്.
പാലാഴി മഥന സമയത്ത് ഉയര്‍ന്നുവന്ന കാളകൂട വിഷം കഴിച്ച മഹാദേവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതി ദേവി ഉറക്കമൊഴിഞ്ഞു പ്രാര്‍ത്ഥിച്ച ദിനമാണ് ശിവരാത്രി എന്നാണ് വിശ്വാസികള്‍ കരുതുന്നത്. അമൃത് തിരഞ്ഞ് കണ്ടുപിടിക്കുവാനുള്ള പാലാഴി മഥനത്തില്‍ ആദ്യം ഉയര്‍ന്നുവന്ന കാളകൂട വിഷം ലോകത്തെ രക്ഷിക്കുവാനായി മഹാദേവന്‍ പാനം ചെയ്തു. വിഷം ഉള്ളില്‍ ചെന്നാല്‍ ഭഗവാന് ദോഷമാകും പുറത്തു ചെന്നാല്‍ ലോകത്തിന് ദോഷം ചെയ്യും. അതറിയാവുന്നതുകൊണ്ട് പാര്‍വ്വതി ദേവി മഹാദേവന്റെ കണ്ഠത്തിലും വായവഴി പുറത്തുപോകാതിരിക്കുവാന്‍ വിഷ്ണു അദ്ദേഹത്തിന്റെ വായിലും പിടിച്ചു. അങ്ങനെ കാളകൂടവിഷം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ തടഞ്ഞിരിക്കുകയും അങ്ങനെ ലോകം രക്ഷപ്പെടുകയും ചെയ്തുവെന്നാണ് വിശ്വാസം. അന്നേ ദിവസം ഭഗവാനായി പാര്‍വ്വതി ദേവിയും മറ്റു ദേവഗണങ്ങളും ഉറങ്ങാതെ പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മ്മയാണ് ശിവരാത്രി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആയിരം ഏകാദശിക്ക് തുല്യമാണ് ശിവരാത്രി എന്നാണ് വിശ്വാസം.
മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്‌മാവിനേയും ബന്ധപ്പെടുത്തിയാണ് മറ്റൊരു ഐതീഹ്യം. മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും ഉയര്‍ന്നുവന്ന താമരയില്‍ ബ്രഹ്‌മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിക്കവേ ബ്രഹ്‌മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. നീ ആരാണ് എന്ന ബ്രഹ്‌മാവിന്റെ ചോദ്യത്തിന് 'നിന്റെ പിതാവായ വിഷ്ണു' എന്ന ഉത്തരം ബ്രഹ്‌മാവിന് തൃപ്തി നല്‍കിയില്ല.
അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു. അപ്പോള്‍ ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്റെ മുകള്‍ ഭാഗവും താഴെ ഭാഗവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്‌മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. കുറേ ദൂരം സഞ്ചരിച്ചിട്ടും ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് തിരികെ വന്നു. അപ്പോള്‍ ഭഗവാന്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ അറിയിച്ചു. ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തുവെന്നുമാണ് ഐതീഹ്യം.
ശിവരാത്രി വ്രതം എടുക്കേണ്ടവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തലേ ദിവസംതന്നെ വീട് മുഴുവന്‍ കഴുകി വൃത്തിയാക്കണം. അതുപോലെ തന്നെ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. വ്രതം രണ്ട് രീതിയിലെടുക്കാം. പൂര്‍ണ്ണ ഉപവാസമായോ അല്ലെങ്കില്‍ ഒരിക്കലായോ എടുക്കാവുന്നതാണ്. ഒരിക്കല്‍ വ്രതമെടുക്കുന്നവര്‍ക്ക് ഒരുനേരം അരിയാഹാരം കഴിക്കാം.
ഉറങ്ങാതിരുന്ന് പഞ്ചാക്ഷരീ മന്ത്രം ജപിക്കാം. പൂര്‍ണ ഉപവാസം എടുക്കുന്നവര്‍ ജലപാനം പാടില്ല. ശിവരാത്രി ദിനം കഴിയുമ്പോള്‍ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്ന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കഴിക്കാവുന്നതാണ്. പൂര്‍ണ്ണ ഉപവാസമെടുക്കുന്നവരും ജലപാനം ചെയ്യാതെ ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്ന് തീര്‍ത്ഥം പാനം ചെയ്ത് വ്രതം അവസാനിപ്പിക്കാം.
ശിവരാത്രി ദിനത്തില്‍ ഭക്തിയോടെ ക്ഷേത്ര ദര്‍ശനം നടത്തിയാല്‍ നാം ചെയ്ത പാപങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം. അതുപോലെ അന്നേദിവസം ബലിതര്‍പ്പണം നടത്തിയാല്‍ പിതൃക്കളുടെ അനുഗ്രഹം ലഭിക്കുമെന്നും വിശ്വാസമുണ്ട്.
Content Highlights :What is the significance of Shivaratri? What are myths?