'ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം', അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ കാരണം പറഞ്ഞ് സംരംഭകൻ

ഒരു പതിറ്റാണ്ടിന് ശേഷം എന്തുകൊണ്ടാണ് അമേരിക്കയില്‍ നിന്ന് താന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കുകയാണ് സംരംഭകനായ അനിരുദ്ധ

dot image

മികച്ച ജോലികള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്കുമായി വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ശ്രമിക്കുന്നവരുടെ എണ്ണം ഇന്ന് നിരവധിയാണ്. അമേരിക്ക, യുകെ, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഭൂരിഭാഗം പേരുടെയും ലക്ഷ്യം. എന്നാല്‍ ഒരു പതിറ്റാണ്ടിന് ശേഷം എന്തുകൊണ്ടാണ് അമേരിക്കയില്‍ നിന്ന് താന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കുകയാണ് സംരംഭകനായ അനിരുദ്ധ അഞ്ചന.

ഇന്‍സ്റ്റഗ്രാമിലാണ് അനിരുദ്ധ തന്റെ അഭിപ്രായം പങ്കുവെച്ചത്. താന്‍ ഇന്ത്യയിലേക്ക് മടങ്ങിയത് വിസ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും, ജോലി പോയതുകൊണ്ടാണെന്നും ട്രംപിനെ പേടിച്ചാണെന്നും വരെ ആളുകള്‍ പറഞ്ഞെന്നും അനിരുദ്ധ പറയുന്നു. എന്നാല്‍ തന്റെ മാതാപിതാക്കളെ നോക്കുന്നതിനായാണ് താന്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതെന്നും, പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

'10 വര്‍ഷത്തിന് ശേഷം ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത് എന്റെ മാതാപിതാക്കള്‍ക്ക് എന്നെ ആവശ്യമായതുകൊണ്ടാണ്. എന്റെ ജോലി പോയെന്നും, വിസാ പ്രശ്‌നങ്ങളാണോയെന്നും ചോദിച്ച് നിരവധി കമന്റുകള്‍ വന്നു. എന്നാല്‍ എനിക്ക് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ള, എന്റെ മാതാപിതാക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതാണ് യഥാര്‍ത്ഥ കാരണം. അവര്‍ ഒരിക്കലും തിരിച്ചുവരാന്‍ എന്നോട് ആവശ്യപ്പെടില്ലെന്ന് എനിക്കറിയാം', അനിരുദ്ധ കുറിച്ചു.

ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണെന്നും അനിരുദ്ധ പറയുന്നുണ്ട്. നിരവധി പേരാണ് അനിരുദ്ധയുടെ പോസ്റ്റ് പങ്കുവെച്ചത്. സ്വന്തം നാട്ടിലേക്ക് തിരിച്ചുവരാനെടുത്തത് ശരിയായ തീരുമാനം തന്നെയാണെന്നാണ് ഒരാളുടെ കമന്റ്. 'നിങ്ങളെ മാതാപിതാക്കള്‍ ശരിയായി വളര്‍ത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണിത്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Content Highlights: Entrepreneur Living In US Explains Why He Returned To India After 10 Years

dot image
To advertise here,contact us
dot image