'പിള്ളേരെന്തിന് സ്‌കൂളിൽ പോണം? അവർ യാത്ര ചെയ്യട്ടെ, പഠിക്കട്ടെ'; വ്യത്യസ്തരായ മാതാപിതാക്കളെ കണ്ടാലോ...

കുട്ടികളെ സ്‌കൂളിലേക്ക് വിടാതെ, സ്വയം പഠിക്കട്ടെ എന്ന കാഴ്ചപ്പാടുള്ള ഒരു അച്ഛനും അമ്മയും കൊൽക്കത്തയിലുണ്ട്

dot image

ഒരു കുട്ടിയുടെ ഏറ്റവും നിർണായകമായ കാലഘട്ടമാണ് സ്‌കൂൾ കാലഘട്ടം. അവൻ/അവൾ അറിവുകൾ നേടുകയും, ഏറ്റവും നല്ല രീതിയിൽ ഒരു മികച്ച വ്യക്തിയാവുകയും ചെയ്യുന്ന കാലഘട്ടം.

അതുകൊണ്ടുതന്നെ ഇക്കാലത്ത് മിക്ക മാതാപിതാക്കളുടെയും ആശങ്ക കുട്ടികളുടെ വിദ്യാഭ്യാസത്തെ പറ്റിയാകും. അവരെ എവിടെ പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്നതെല്ലാമാകും വലിയ ഒരു ആശങ്ക. എന്നാൽ കുട്ടികളെ സ്‌കൂളിലേക്ക് വിടാതെ, സ്വയം പഠിക്കട്ടെ എന്ന കാഴ്ചപ്പാടുള്ള ഒരു അച്ഛനും അമ്മയും കൊൽക്കത്തയിലുണ്ട്.

ഷെനാസ് ട്രഷറിവാല എന്ന ഒരു ഇൻഫ്ളുവൻസറാണ് ഈ കുടുംബത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്നതാണ് ഈ കുടുംബം. ഈ മാതാപിതാക്കൾ മക്കളെ സ്‌കൂളിലേക്ക് അയക്കുന്നതേയില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവരുടെ ഉത്തരം ഇങ്ങനെയാണ്, 'സ്‌കൂളുകൾ വെറുതെയാണ്. സമയം കളയുക എന്നതല്ലാതെ വേറെയൊന്നും അവയിലില്ല. ഞങ്ങൾ വിശ്വസിക്കുന്നത് പ്രായോഗികമായ പഠനത്തിലും യാത്രയിലുമാണ്. അങ്ങനെ കുട്ടികൾ കാര്യങ്ങൾ പഠിക്കട്ടെ. ഇപ്പോൾത്തന്നെ നമ്മൾ ഒരുപാട് യാത്ര ചെയ്തുകഴിഞ്ഞു'.

അൺസ്‌കൂളിങ് രീതിയിലാണ് കുട്ടികൾ കാര്യങ്ങൾ പഠിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. അതായത് സിലബസ് ഇല്ലാത്ത, നിത്യജീവിതത്തിലൂടെ കാര്യങ്ങൾ പഠിക്കുന്ന, വർക് ഷോപ്പുകൾ, ബേർഡ് വാക്കുകൾ, കല എന്നിവയിലൂടെ പഠനം നടത്തുന്ന രീതി. ക്രിക്കറ്റിന്റെ വലിയ ആരാധകനായ ഇവരുടെ മകൻ, ക്രിക്കറ്റിലൂടെ തന്നെ കണക്ക് പഠിക്കുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.

സ്‌കൂൾ വിദ്യാഭ്യാസമില്ലെങ്കിൽ കുട്ടികളുടെ ഭാവി ഇക്കാലത്ത് ചോദ്യചിഹ്നമാകില്ലേ എന്നതിനും ഇവരുടെ പക്കൽ ഉത്തരമുണ്ട്. കുട്ടികളെ സംരംഭകരാകാനാണ് തങ്ങൾ പരിശീലിപ്പിക്കുന്നതെന്നും, അതിൽ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് ഇവരുടെ അഭിപ്രായം.

ഷെനാസ് ട്രെഷറിവാല തൻറെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഈ കുടുംബത്തിന്റെ വീഡിയോക്ക് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. ചിലർ സ്‌കൂളുകളെന്നാൽ ഇക്കാലത്ത് ബിസിനസ് മാത്രമാണെന്നും കുട്ടികൾ കണ്ടും അറിഞ്ഞും വളരുന്നതാണ് നല്ലത് എന്നാണ് പറയുന്നത്. ചിലരാകട്ടെ പണമുണ്ടെങ്കിൽ ഇങ്ങനെ കുട്ടികളെ പഠിപ്പിക്കാതെ ഇരിക്കാമെന്നും പറയുന്നുണ്ട്. കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുന്നതിന്റെ നെഗറ്റീവ് വശങ്ങളെയും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തുതന്നെയായാലും, തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന് തന്നെയാണ് ഈ അച്ഛന്റേയും അമ്മയുടെയും തീരുമാനം.

Content Highlights: This couple dont send their children to school

dot image
To advertise here,contact us
dot image