
ഒരു കാലത്തെ ഏറ്റവും ജനപ്രിയ വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയർ ആയിരുന്ന സ്കൈപ്പ് നിർത്താനൊരുങ്ങി മൈക്രോസോഫ്റ്റ്. മെയ് 5 മുതൽക്ക് ഡിവൈസുകളിൽ സ്കൈപ്പ് ലഭ്യമാകില്ല എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് സോഫ്റ്റ്‌വെയർ ആയ ടീംസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നീക്കമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. സ്കൈപ്പിലെ എല്ലാ ഡാറ്റകളും ടീംസിലേക്ക് മാറ്റാനായും മൈക്രോസോഫ്റ്റ് തങ്ങളുടെ യൂസേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി സ്‌കൈപ്പിനെ നീക്കും. നേരത്തെ ടീംസ് ലോഞ്ച് ചെയ്തപ്പോൾ തന്നെ അവയ്ക്കായിരുന്നു മൈക്രോസോഫ്റ്റ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്.
മാറ്റം സുഖമമാക്കാനായി സ്കൈപ്പിൽ നിലവിലുളള യൂസർനെയിം, പാസ്സ്‌വേർഡ് വെച്ചുകൊണ്ടുതന്നെ ടീംസിൽ ലോഗിൻ ചെയ്യാനുള്ള ഓപ്‌ഷനും മൈക്രോസോഫ്റ്റ് നൽകിയിട്ടുണ്ട്. സ്കൈപ്പിൽ ഉണ്ടായിരുന്ന വൺ ഓൺ വൺ, ഗ്രൂപ്പ് കോളുകൾ, മെസ്സേജ് അയക്കാനുള്ള സൗകര്യങ്ങൾ, ഫയൽസ് ഷെയർ ചെയ്യാനുള്ള സൗകര്യങ്ങൾ തുടങ്ങിയ എല്ലാം ടീംസിലും ഉണ്ടാകും. ആപ്പിൽ ലോഗിൻ ചെയ്യുന്നതോടെ തന്നെ സ്കൈപ്പിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തന്നെ ഒരാൾക്ക് ടീംസിൽ തുടങ്ങാമെന്നാണ് കമ്പനി പറയുന്നത്.
പണം കൊടുത്തുള്ള പ്രീമിയം സ്കൈപ്പ് സർവീസുകളും മൈക്രോസോഫ്റ്റ് നിർത്തിക്കഴിഞ്ഞു. നിലവിലെ സബ്സ്ക്രൈബർമാർക്ക് ഇപ്പോഴുള്ള പ്ലാൻ അവസാനിക്കുന്നത് വരെ ആ ആനുകൂല്യങ്ങൾ തുടരും. എന്നാൽ മെയ് അഞ്ചിന് ശേഷവും, സ്കൈപ്പ് ഡയൽ പാഡുകളും മറ്റും ടീംസിലൂടെ ഉപയോഗിക്കാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Content Highlights: Microsoft to stop skype