സ്വർണക്കടത്തെന്ന പേരിൽ അഴിച്ചുവാങ്ങിയത് 11 പവന്റെ താലിമാല; 14 മാസത്തെ നിയമപോരാട്ടം, ഒടുവില്‍ ജയം

മദ്രാസ് ഹൈക്കോടതിയുടെ മതാചാര ലംഘനമാണെന്ന വിധിയുടെ അടിസ്ഥാനത്തിലാണ് യുവതിയ്ക്ക് ആഭരണങ്ങൾ തിരികെ കൊടുത്തത്

dot image

നീണ്ട 14 മാസത്തെ നിയമപോരാട്ടത്തിന് ശേഷം ഇന്ത്യയിലെ കസ്റ്റംസ് അധികൃതർ പിടിച്ചുവെച്ച താലിമാല ഉൾപ്പടെയുള്ള ആഭരണങ്ങൾ ശ്രീലങ്കൻ യുവതിയ്ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. സ്വർണ്ണക്കടത്താണെന്ന് ആരോപിച്ച് അഴിച്ചുവാങ്ങിയ 11പവനോളം വരുന്ന താലിമാലയും ആറ് പവനോളം വരുന്ന വളകളുമാണ് തിരികെ ലഭിച്ചിരിക്കുന്നത്. മതാചാര ലംഘനമാണെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതിയ്ക്ക് ആഭരണങ്ങൾ തിരികെ കൊടുത്തത്. കൂടാതെ അമിതഅധികാരം കാണിച്ചുകൊണ്ട് ആഭരണങ്ങൾ അഴിച്ചുവാങ്ങിയ ഉദ്യോ​ഗസ്ഥർക്കെതിരെ നപടിയ്ക്കും കോടതി ഉത്തരവിട്ടു.

2023ല്‍ വിമാനത്താവളത്തില്‍വെച്ച് സംഭവിച്ചത്:

2023 ജൂലൈ 15നാണ് ശ്രീലങ്കയിൽ നിന്നുള്ള തമിഴ് യുവതിയായ തുനിഷ്കയും ഫ്രാൻസിൽ ജോലി ചെയ്യുന്ന ശ്രീലങ്കൻ പൗരനായ ജയകാന്തും വിവാഹിതരാകുന്നത്. തമിഴ്നാട്ടിലെ മധുകാന്തകത്തുവെച്ചായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം ജയകാന്ത് തിരികെ ഫ്രാൻസിലേക്കും തുനിഷ്ക ശ്രീലങ്കയിലേക്കും പോയി. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഫ്രാൻസിലേക്ക് പോകാനായി വിസ ശരിയായപ്പോൾ തനുഷികയും കുടുംബവും ചെന്നൈയിലെത്തി. 2023 ഡിസംബറിലാണ് ഇവർ ചെന്നൈലെത്തിയത്. തമിഴ്നാട്ടിലെത്തി ക്ഷേത്രദർശനങ്ങൾ നടത്തിയ ശേഷം ഫ്രാൻസിലേക്ക് പോകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാൽ വിമാനം ഇറങ്ങിവന്ന ആഭരണങ്ങള്‍ അണിഞ്ഞ യുവതിയെ കണ്ടപ്പോൾ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അവരെ തടഞ്ഞുനിര്‍ത്തി 11 പവന്‍ വരുന്ന താലിമാലയും ആറ് പവനോളം തൂക്കം വരുന്ന വളകളും അഴിച്ചുവാങ്ങി. സ്വർണക്കടത്താണെന്നായിരുന്നു കസ്റ്റംസിന്റെ വാദം.

വിവാഹസമയത്ത് അണിഞ്ഞ ആഭരണങ്ങളാണെന്ന് യുവതി വാദിച്ചിട്ടും കസ്റ്റംസ് അത് തള്ളിക്കളയുകയായിരുന്നു. കസ്റ്റംസ് ഓഫീസർ മൈഥിലിയാണ് ആഭരണങ്ങൾ അഴിച്ചുവാങ്ങിയത്. സംഭവത്തിന് പിന്നാലെ തന്നെ യുവതി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. താലിമാല അണിയുന്നത് ഹൈന്ദവ ആചാരങ്ങളുടെ ഭാ​ഗമാണെന്നും അത് അഴിച്ച് വാങ്ങുന്നത് ആചാരങ്ങളുടെ നിഷേധമാണെന്നുമായിരുന്നു തനുഷികയുടെ വാദം. ഈ വാദം കോടതി ശരിവെക്കുകയായിരുന്നു. ഒരു വര്‍ഷക്കാല പോരാട്ടാത്തിന് ഒടുവില്‍ ഫെബ്രുവരി 14നാണ് കോടതി കേസിൽ വിധി പറ‍ഞ്ഞത്.

വ്യക്തിഗത ആഭരണങ്ങളും കള്ളക്കടത്ത് വസ്തുക്കളും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഉദ്യോഗസ്ഥരെ കോടതി വിമര്‍ശിച്ചു. ഒരു സ്ത്രീയുടെ താലി അവളുടെ ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമാണ്, അത് നിയമവിരുദ്ധ സ്വർണമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

ആഭരണങ്ങൾ അണിയുന്നത് ആചാരങ്ങളുടെ ഭാ​ഗമായതിനാലാണ് ഇന്ത്യയിലെ ബാ​ഗേജ് നിയമത്തിൽ അവയ്ക്ക് ഇളവുനൽകിയിരിക്കുന്നതെന്ന് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയുടെ ബെഞ്ച് പറഞ്ഞു. കൂടാതെ അമിതഅധികാരം കാണിച്ച് ഉദ്യോ​ഗസ്ഥയ്ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. ഉദ്യോ​ഗസ്ഥർക്കെതിരായ നടപടി വിധിയിൽ അധികൃതർ അപ്പീൽ നൽകി. അപ്പീൽ പരി​ഗണിച്ച ഡിവിഷൻ ബെഞ്ച് നടപടി വേണമെന്ന് വിധി സ്റ്റേ ചെയ്യുകയും ആഭരണങ്ങൾ വിട്ടനൽകണമെന്ന ഉത്തരവ് ശരിവെക്കുകയും ചെയ്തു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടാണ് തനുഷ്കയുടെ കുടുംബാംഗങ്ങള്‍ ചെന്നൈയിലെത്തി അവ ഏറ്റുവാങ്ങിയത്. നീതി വിജയിച്ചുവെന്ന് മാല തിരികെ ലഭിച്ച ശേഷം കുടുംബം പറഞ്ഞു.

Content Highlights: Sri Lankan Tamil woman wins legal battle to reclaim seized Thali chain from Chennai

dot image
To advertise here,contact us
dot image