
യൂറോപ്യന്‍മാരുടെ ചര്‍മം ഇരുണ്ട നിറത്തിലുള്ളതായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ യൂറോപ്യന്‍മാരുടെ ചര്‍മം ഇരുണ്ട നിറത്തിലായിരുന്നു എന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. ഇറ്റലിയിലെ ഫെരാര സര്‍വകലാശാലയിലെ ഗൈഡോ ബാര്‍ബുജാനിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. യൂറേഷ്യയില്‍ നിന്ന് ശേഖരിച്ച 348 അതിപുരാതന ജീനോമുകള്‍ പരിശോധിച്ചതില്‍ നിന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂറോപ്യന്‍മാരുടെ ചര്‍മം ഇരുണ്ട നിറത്തിലായിരുന്നുവെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്.
വെറും മൂവായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് വെളുത്ത ചര്‍മത്തിലുള്ള യൂറോപ്യന്‍മാര്‍ സാധാരണമാകുന്നതെന്നും പഠനത്തില്‍ പറയുന്നു. കോപ്പര്‍-അയേണ്‍ യുഗത്തില്‍ പോലും ഇരുണ്ട ചര്‍മത്തിലുള്ള യൂറോപ്യന്‍മാരാണ് ഉണ്ടായിരുന്നതത്രേ. ഇവര്‍ക്ക് പുറമേ ഗ്രീക്കുകാരും റോമന്‍കാരും ഇരുണ്ട നിറവും കണ്ണുകളും മുടിയും ഉള്ളവരായിരുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.
ആദ്യമായല്ല യൂറോപ്യന്‍മാരുടെ ചര്‍മത്തിന്റെ നിറവുമായി ബന്ധപ്പെട്ട പഠനം പുറത്തുവരുന്നത്. ലണ്ടനിലെ നാച്വറല്‍ മ്യൂസിയം, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ എന്നിവയുടെ രേഖകള്‍ പ്രകാരം 10000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ചെഡാര്‍ മാനിനും ഇരുണ്ട നിറത്തിലുള്ള ചര്‍മമായിരുന്നു ഉണ്ടായിരുന്നത്. തവിട്ട് നിറത്തിലുളള മുടിയും നീലനിറത്തിലുള്ള കണ്ണുകളും ഇരുണ്ട-കറുപ്പിനോട് ചേര്‍ന്ന് നില്‍ക്കുന്ന ചര്‍മവുമായിരുന്നു ചെഡാര്‍മാനിന്റേത്. ചെഡാര്‍ മാനെയാണ് ആദ്യ ആധുനിക ബ്രിട്ടീഷുകാരനായി കണക്കാക്കുന്നത്.
ആഫ്രിക്ക ഉപേക്ഷിച്ച ചെഡാര്‍ മാനിന്റെ പൂര്‍വികര്‍ മിഡില്‍ ഈസ്റ്റ് വഴി ബ്രിട്ടനിലെത്തിയതായാണ് കണക്കാക്കുന്നത്. 1903ല്‍ ദക്ഷിണ കിഴക്കന്‍ ഇംഗ്ലണ്ടിലെ ഒരു ഗുഹയില്‍ നിന്നാണ് ചെഡാര്‍ മാനിന്റെ അസ്ഥികൂടം കണ്ടെത്തുന്നത്. ഏകദേശം 45000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആധുനിക മനുഷ്യന്‍ യൂറോപ്പില്‍ എത്തുന്നത്. ഇവരുടെ ചര്‍മത്തില്‍ സൂര്യപ്രകാശത്തിന്റെ അളവേല്‍ക്കുന്നത് കുറയുന്നതോടെയാണ് ചര്‍മത്തിന്റെ ഇരുളിമ കുറഞ്ഞ് വെളുത്ത നിറമാകുന്നതെന്നും പറയപ്പെടുന്നു.
Content Highlights: Most Europeans Had Dark Skin Until Recently, New Study Claims