
കാമുകിയുടെ അഭ്യർത്ഥനപ്രകാരം മൂന്ന് മണിക്കൂർ നീണ്ട പ്രസവ വേദന സഹിച്ച യുവാവിൻ്റെ ചെറുകുടലിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രതിശ്രുത വധുവാണ് യുവാവിനെ കൊണ്ട് വേദന അനുഭവിപ്പിച്ചത്. വിവാഹത്തിന് മുമ്പുള്ള "പരീക്ഷ" എന്ന നിലയിലാണ് കാമുകനെ യുവതി സിമുലേഷൻ സെന്ററിലേക്ക് കൊണ്ടുവന്നത്. പ്രസവവേദന അനുഭവം യുവാവിനെ മികച്ച ഭർത്താവാക്കുമെന്ന് വിശ്വസിച്ച യുവതിയുടെ കുടുംബവും ഇതിനെ പ്രോത്സാഹിപ്പിച്ചു. യുവതി ആവശ്യപ്പെട്ടപ്പോൾ ആദ്യം മടിച്ചെങ്കിലും യുവാവ് സമ്മതിക്കുകയായിരുന്നു. ചൈനയിലാണ് സംഭവം.
എന്നാല്‍, ഒരാഴ്ചയ്ക്ക് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ കുടലിന്റെ ഒരു ഭാഗം നശിച്ചതായി കണ്ടെത്തുകയും അത് നീക്കം ചെയ്യുകയും ചെയ്തു.
വൈദ്യുത പ്രവാഹങ്ങൾ ഉപയോഗിച്ചാണ് പ്രസവവേദനയുടെ അനുഭവം നല്‍കുന്നത്. ആദ്യത്തെ 90 മിനിറ്റിനുള്ളിൽ തീവ്രത ക്രമേണ വർദ്ധിച്ചു, ശേഷിക്കുന്ന സമയത്തേക്ക് പരമാവധി ഉയരത്തില്‍ എത്തി. എട്ടാമത്തെ ലെവലില്‍ വൈദ്യുത പ്രവാഹം ഏല്‍പ്പിക്കുന്നതിനിടെ കാമുകന്‍ നിലവിളിച്ചു. 10-ാം ലെവലില്‍ അലറി കരഞ്ഞു. അവസാനമായപ്പോഴേക്കും യുവാവിന് ഛര്‍ദ്ദിയും വയറുവേദയും അനുഭവപ്പെട്ടെന്ന് യുവതി പറയുന്നു.
യുവാവിനെ വ്യക്തിഹത്യ ചെയ്യാനല്ല സിമുലേഷന്‍ സെന്ററില്‍ എത്തിച്ചതെന്ന് യുവതി വിശദീകരിച്ചു. പ്രസവവേദന ഉണ്ടാക്കുക എന്നതല്ല, മറിച്ച് പ്രസവത്തിന്റെ വെല്ലുവിളികളെക്കുറിച്ച് മനസ്സിലാക്കുക എന്നതായിരുന്നു ഉദ്ദേശം. സംഭവത്തെ തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിൽ നിന്ന് പിന്മാറി. യുവതിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് യുവാവിന്റെ കുടുംബം അറിയിച്ചു. എന്നാല്‍ സുഖം പ്രാപിക്കുന്നത് വരെ യുവാവിനെ പരിചരിക്കാന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. യുവാവ് സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയും സ്ത്രീ പ്രകടിപ്പിച്ചു.
ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. പലരും സ്ത്രീയുടെ പ്രവൃത്തിയെ വിമർശിച്ചു.
Content Highlights: Man Suffers organ damage after girlfriend throws Labour pain challenge to make him better husband