മരിക്കാൻ പോകുകയാണ്, അതിന് മുൻപ് മനോഹരമായ ഒരു ഗുഡ്ബൈ പാർട്ടി; എന്ത് കിടിലൻ അച്ഛനും മകളും എന്ന് സോഷ്യൽ മീഡിയ

എല്ലാ കമന്റുകളും വളരെ പോസിറ്റിവ് ആയിട്ടുള്ളതാണ് എന്നത് ആളുകൾ ഈ വീഡിയോ എത്രമാത്രം ഉൾക്കൊണ്ടു എന്നതിന് തെളിവാണ്

dot image

കാൻസർ ബാധിതനായ ഒരാൾ താൻ ഉടൻ മരിക്കുമെന്ന കാര്യം മനസിലാക്കി അവസാനമായി ഒരു ഗുഡ്ബൈ പാർട്ടി നടത്തുന്നു. നമ്മുടെ നാട്ടിൽ ഇതിനെ എങ്ങനെയാണ് ആളുകൾ കാണുക? ഒരുപക്ഷെ മുഖം ചുളിച്ചേക്കും അല്ലെ? ഇതെന്താണ് ഇയാൾ കാണിക്കുന്നതെന്നും ഇങ്ങനെയൊക്കെ ചെയ്യാനോ എന്ന് ചിന്തിച്ചേക്കും അല്ലെ? പക്ഷെ ആരെങ്കിലും അയാളുടെ നിശ്ചയദാർഢ്യത്തെയും മനഃശക്തിയെയും അഭിനന്ദിച്ചു കാണാറുണ്ടോ? അത്തരത്തിലൊരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

പോളണ്ടുകാരനായ കാൻസർ ബാധിതനായ ഒരു അച്ഛൻ, തന്റെ സുഹൃത്തുകൾക്കും മറ്റുമായി ഒരു 'ഗുഡ്ബൈ' പാർട്ടി നടത്തിയിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ അയാളുടെ മകൾ പകർത്തിയ ശേഷം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

വളരെ വൈകാരികമായ വീഡിയോ ആയിരുന്നു മകൾ പോസ്റ്റ് ചെയ്തത്. 'ഉടൻ മരിക്കുമെന്ന് തിരിച്ചറിഞ്ഞ എന്റെ അച്ഛൻ കഴിഞ്ഞ മാസം ഒരു ഗുഡ്ബൈ പാർട്ടി നടത്തി. ചിലർ ഞെട്ടിപ്പോയെങ്കിലും ചിലർ വളരെ പ്രചോദനപരമായാണ് കാര്യങ്ങളെ കണ്ടത്. മരണത്തിന് ശേഷമുള്ള പരിപാടികൾ എല്ലാം ഒഴിവാക്കി, എല്ലാം താൻ ഉള്ളപ്പോൾ വേണമെന്നതാണ് അച്ഛനെ ഇതിന് പ്രേരിപ്പിച്ചത്' എന്ന് മകൾ പറയുന്നുണ്ട്. തുടർന്ന് വീഡിയോയിൽ ആളുകൾ ഭക്ഷണം കഴിക്കുന്നതും ഓർമ്മകൾ പങ്കുവെക്കുന്നതും എല്ലാം കാണിക്കുന്നുണ്ട്.

ചെറിയ ഒരു സ്ഥലത്ത് വളരെ കുറച്ച് പേര് മാത്രമുള്ള ഒരു പാർട്ടിയാണ് അച്ഛൻ നടത്തിയത്. വന്നവർക്കെല്ലാം അവരുടെയൊപ്പം താൻ എടുത്ത ചിത്രങ്ങൾ എല്ലാം പ്രദർശിപ്പിക്കുന്നുണ്ട്. അച്ഛന് വേണ്ടി മകൾ അവരുടെ ഫോട്ടോകളും മറ്റും കൂട്ടിച്ചേർത്ത ഒരു കോമ്പിനേഷൻ ആണ് പ്രദർശിപ്പിച്ചത്. പാർട്ടിയുടെ ഒടുവിൽ എല്ലാവരും അച്ഛനെ കെട്ടിപ്പിടിക്കുന്നതും കരയുന്നതും കാണാം. തനിക്ക് അച്ഛനെ ഓർത്ത് അഭിമാനമുണ്ടെന്നും മകൾ പറയുന്നുണ്ട്.

നിരവധിപേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാ കമന്റുകളും വളരെ പോസിറ്റിവ് ആയിട്ടുള്ളതാണ് എന്നത് ആളുകൾ ഈ വീഡിയോ എത്രമാത്രം ഉൾക്കൊണ്ടു എന്നതിന് തെളിവാണ്. 'മറ്റൊരു അവസ്ഥയിലേക്ക് കടക്കുമ്പോൾ, യാഥാർഥ്യം ഉൾകൊള്ളുമ്പോൾ, ഇങ്ങനെ പക്വതയോടെ അവയെ സ്വീകരിക്കണം. അടിപൊളി അച്ഛന് ഒരു അടിപൊളി മകൾ' എന്നാണ് ഒരാൾ പറഞ്ഞത്. 'ഒരുപാട് പേർ ഈ വീഡിയോ കണ്ട ശേഷം പ്രചോദിതരാകും എന്നുറപ്പാണ്. ജീവിതത്തെ അംഗീകരിക്കാൻ ഇങ്ങനെയാണ് പഠിക്കേണ്ടത്' എന്ന് മറ്റൊരാൾ പറയുന്നുണ്ട്. എന്തുതന്നെയായാലും വീഡിയോയെ ഇന്റർനെറ്റ് ലോകം ഏറ്റെടുത്തുകഴിഞ്ഞു.

dot image
To advertise here,contact us
dot image