
കാനഡയ്‌ക്കെതിരെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് കാപ്പിയിലൂടെ മറുപടി പറഞ്ഞ് കാനഡക്കാര്‍. ക്ലാസിക് കോഫിയായ അമേരിക്കാനോയുടെ പേര് കനേഡിയാനോ എന്നുമാറ്റിയാണ് രാജ്യമെമ്പാടുമുള്ള കഫേകള്‍.
അമേരിക്കാനോയ്ക്ക് കനേഡിയാനോ എന്ന പേര് ആദ്യം നല്‍കുന്നത് കിക്കിങ് ഹോഴ്‌സ് കോഫിയാണ്. കഴിഞ്ഞ 16 വര്‍ഷമായി ഈ കഫേ കനേഡിയാനോ വില്‍ക്കുന്നുണ്ടെന്ന് പറയുന്നു. എന്തായാലും അമേരിക്കാനോയെ കനേഡിയാനോ ആക്കിക്കൊണ്ടുള്ള മാറ്റത്തെ കോഫി പ്രേമികളും കഫേ ഉടമകളും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്. ഹാള്‍ട്ടണ്‍ ഹില്‍ മേയര്‍ ആന്‍ ലാവ്‌ലോറും ഈ നീക്കത്തെ പിന്തുണച്ചെത്തി. ടൊറന്റോയിലെ കഫെ ബെലെയാണ് അമേരിക്കാനോയെ കനേഡിയാനോ ആക്കിയവരില്‍ മുന്‍പില്‍. എന്നാല്‍ പ്രതിഷേധ സൂചകമായിട്ടല്ല മറിച്ച് ദേശീയത വളര്‍ത്തുന്നതിന് വേണ്ടിയാണ് പേരുമാറ്റം സ്വീകരിച്ചതെന്ന് ഉടമകളിലൊരാളായ വില്യം ഒലിവെയര്‍ പറയുന്നു.
അമേരിക്കയുടെ നടപടിയോട് കാപ്പിയിലൂടെ മാത്രമല്ല കാനഡ പ്രതികരിച്ചത്. അടുത്തിടെ നടന്ന ഹോക്കി ഗെയിംസില്‍ അമേരിക്കന്‍ ദേശീയഗാനം ഉയര്‍ന്നപ്പോള്‍ കാനേഡിയന്‍ പൗരന്മാര്‍ കൂവിയിരുന്നു. അമേരിക്കല്‍ ഉല്പന്നങ്ങളെയും അവര്‍ ഉപേക്ഷിച്ച മട്ടാണ്. കനേഡിയന്‍ ഉല്പന്നങ്ങളെ തിരിച്ചറിയുന്നതിന് വേണ്ടി പ്രത്യേകം ആപ്പുകള്‍ പോലും കാനഡ വികസിപ്പിച്ചതായാണ് വിവരം. രാജ്യത്തുനിന്നുള്ള ഉല്പന്നങ്ങള്‍ തന്നെ ഉപയോഗിക്കണമെന്ന് ട്രൂഡോയും ആഹ്വാനം ചെയ്തിരുന്നു.
ബുദ്ധിപരമായ നീക്കമാണിതെന്നാണ് കഫെ കോകോ ആന്‍ഡ് ബീന്‍ ഉടമ ഇതിനെ വിശേഷിപ്പിച്ചത്. 'കാനേഡിയാനോ എന്ന പേരുമാറ്റം ആരംഭിച്ചത് ഞങ്ങളല്ല. പക്ഷെ ഞങ്ങളും അത് പിന്തുടരുകയാണ്. പ്രത്യേകം നിറത്തിലാണ് കഫേയില്‍ കനേഡിയാനോ നല്‍കുന്നത് ഉപഭേക്താക്കളെ അറിയിച്ചത്. പലരും എന്താണ് കനേഡിയാനോ എന്ന് കൗതുകത്തോടെ ചോദിച്ചു. വിവരം പങ്കുവച്ചപ്പോള്‍ ഇനിമുതല്‍ കനേഡിയാനോ മതിയെന്ന് അവരില്‍ പലരും പറഞ്ഞു.' കഫെ കോകോ ആന്‍ഡ് ബീന്‍ ഉടമ പറയുന്നു.
കനേഡിയന്‍ ഉല്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. അതിര്‍ത്തി സുരക്ഷാകാരണങ്ങളും അനധികൃത ലഹരിക്കടത്തും ചൂണ്ടിക്കാണിച്ചാണ് തീരുവ ഏര്‍പ്പെടുത്തിയതെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം.
Content Highlights: Canadian coffee shops renaming the Americano