
കാഞ്ചീവരം ചേല ചുറ്റി, സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ്, മുല്ലപ്പൂവച്ച് പരമ്പരാഗത വധുവായി മണ്ഡപത്തിലെത്തുന്ന വധു. ഒരു ദക്ഷിണേന്ത്യന്‍ വധുവിനെ കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സിലെത്തുന്ന ചിത്രം ഇതാണ്. വിവാഹദിനത്തില്‍ പാഷനെ ചേര്‍ത്തുപിടിച്ചുകൊണ്ട് പരമ്പരാഗതവധുവായി ഒരുങ്ങിയെത്തിയ ബോഡി ബില്‍ഡറും ഫിറ്റ്‌നസ് ട്രെയ്‌നറുമായ ചിത്ര പുരുഷോത്തം ആണ് ഇന്‍സ്റ്റഗ്രാമിലെ പുതിയ താരം.
ബോഡി ബില്‍ഡിങ് ജീവശ്വാസമാണ് ചിത്ര പുരുഷോത്തമിന്. മിസ് ഇന്ത്യ ഫിറ്റ്‌നസ്സ്, വെല്‍നെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് കര്‍ണാടക തുടങ്ങിയ ബോഡി ബില്‍ഡിങ് മത്സരങ്ങളിലെല്ലാം പങ്കെടുക്കുകയും വിജയകിരീടമണിയുകയും ചെയ്ത ചിത്ര വിവാഹത്തിന് ഒരുങ്ങിയപ്പോഴും ആ അഭിനിവേശത്തെ മുറുകെ പിടിച്ചു. തന്റെ കായിക ക്ഷമത കാണും വിധമായിരുന്നു വധുവായി ചിത്ര ഒരുങ്ങിയെത്തിയത്. നീല ബോര്‍ഡറോടുകൂടിയ മഞ്ഞ കാഞ്ചീവരം, കഴുത്തില്‍ മുല്ലമൊട്ടുമാലയും മാങ്ങാമാലയുള്‍പ്പെടെയുള്ള പരമ്പരാഗത ആഭരണങ്ങള്‍, വലിയ ജിമുക്കിയും ചുട്ടിയും വളകളും അരപ്പട്ടയുമണിഞ്ഞ് പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂവച്ച് വധുവായി ചിത്ര പുരുഷോത്തമനെത്തിയപ്പോള്‍ അത് സൗന്ദര്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായി. ബ്ലൗസ്‌ലെസ്സായി മസിലുകള്‍ കാണുംവിധമാണ് ചിത്ര സാരി സ്റ്റൈല്‍ ചെയ്തത്. വിവാഹത്തിന് ഹെവി മേക്കപ്പാണ് ചിത്ര തിരഞ്ഞെടുത്തത്. വിങ്ഡ് ഐലൈനറും ചുവന്ന ലിപ്സ്റ്റിക്കും വധുവിനെ മനോഹരിയാക്കിയിട്ടുണ്ട്.വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കിരണ്‍ രാജിനെയാണ് ചിത്ര വിവാഹം ചെയ്തത്.
മാനസികനിലയാണ് എല്ലാം എന്ന കുറിപ്പോടെ ചിത്ര പോസ്റ്റ് ചെയ്ത വിഡീയോ 7.6 മില്യണ്‍ വ്യൂസാണ് നേടിയത്. ഇന്‍സ്റ്റഗ്രാമില്‍ 139000 ഫോളോവേഴ്‌സാണ് ചിത്രയ്ക്കുള്ളത്.
Content Highlights: Karnataka bodybuilder bride's wedding look video goes viral with 7 million views