
പ്രണയം നടിച്ച് 36 യുവാക്കളെക്കൊണ്ട് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിപ്പിച്ച് യുവതി. ചൈനയിലെ ഷെന്‍ജന്‍ പ്രവിശ്യയിലാണ് സംഭവം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുവാക്കളുടെ സ്‌നേഹവും വിശ്വാസവും നേടിയെടുത്ത യുവതി ഇവരെക്കൊണ്ടെല്ലാം അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിപ്പിക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതിയുടെ പ്രണയം വിശ്വസിച്ച അതാവോ എന്ന യുവാവാണ് താനടക്കം 36 പേര്‍ പ്രണയത്തട്ടിപ്പില്‍ കുടുങ്ങിയത് കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് അതാവോ യുവതിയുമായി പരിചയത്തിലാകുന്നത്. ലിയു ജിയ എന്നാണ് യുവതി സ്വയം പരിചയപ്പെടുത്തിയത്. 30 വയസ്സുള്ള ഇവര്‍ ഷെന്‍ജനിലെ ഒരു ഇ കൊമേഴ്‌സ് ഇന്‍ഡസ്ട്രിയിലാണ് ജോലി ചെയ്യുന്നതെന്നും യുവാവിനെ വിശ്വസിപ്പിച്ചു. സഹാനുഭൂതിയോടെയും കരുണയോടെയും പെരുമാറുന്ന യുവതി അതാവോയുടെ സ്‌നേഹം ചുരുങ്ങിയ സമയംകൊണ്ടാണ് നേടിയെടുത്തത്. കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്ന യുവതി അതാവോയ്ക്ക് നല്‍കിയ പരിഗണനയും അയാളെ ആകര്‍ഷിച്ചു.
പ്രണയത്തിലായി ഒരു മാസത്തിനുള്ളില്‍ തന്നെ വിവാഹത്തിന് മുന്‍പായി അപ്പാര്‍ട്ട്‌മെന്റ് വാങ്ങണമെന്ന് യുവതി ഇയാളോട് ആവശ്യപ്പെട്ടു. കൂടുതല്‍ വിശ്വാസ്യത നേടുന്നതിനായി ഡൗണ്‍ പേമെന്റായി നല്‍കാന്‍ 30,000 യുവാന്‍ നല്‍കാമെന്നും യുവതി പറഞ്ഞു. തന്നെയുമല്ല വന്‍ഡിസ്‌കൗണ്ട് കെട്ടിട നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ള ഹുയിചോയിലെ രണ്ടു കെട്ടിട സമുച്ചയങ്ങള്‍ തനിക്കറിയാമെന്നും അവിടെ നിന്ന് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയാല്‍ ലാഭമായിരിക്കുമെന്നും പറഞ്ഞതോടെ അറ്റാവോ വീടുവാങ്ങാനുള്ള തീരുമാനത്തിലെത്തി. വിവാഹശേഷം പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് മാറാനായിരുന്നു പദ്ധതി.
എന്നാല്‍ അപ്പാര്‍ട്ട്‌മെന്റ് റജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ഘട്ടത്തിലേക്കെത്തിയതോടെ യുവതിയില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നു. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളില്‍ തന്റെ പേര് വയ്‌ക്കേണ്ടെന്ന് യുവതി സ്‌നേഹപൂര്‍വം അഭ്യര്‍ഥിച്ചു. അപ്പാര്‍ട്ട്‌മെന്റ് വാങ്ങിക്കഴിഞ്ഞതും യുവതി പതുക്കെ അകലം പാലിച്ചുതുടങ്ങി. വൈകാതെ യുവാവിനെ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു.
യുവതിയുടെ പ്രണയത്തട്ടിപ്പിന് ഇരയായ വാങ് എന്ന യുവാവിനും സമാനമായ കഥയാണ് പറയാന്‍ ഉണ്ടായിരുന്നത്. അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയതിന് പിന്നാലെ തിരക്കുകള്‍ പറഞ്ഞ് അകലം പാലിച്ച യുവതി വൈകാതെ വാങ്ങിനെയും ബ്ലോക്ക് ചെയ്യുകയായിരുന്നുവത്രേ.
അതാവോ നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ 36 യുവാക്കള്‍ യുവതിയുടെ പ്രണയത്തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. പലരും ഒന്നോ രണ്ടോ മാസത്തെ ഡേറ്റിങ്ങോടെ യുവതിയുമായി കടുത്ത പ്രണയത്തിലാവുകയും അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി അപ്പാര്‍ട്ട്‌മെന്റ് വാങ്ങുകയുമായിരുന്നു. പല യുവാക്കളും ഭവന വായ്പ അ്ടയ്ക്കുന്നതുള്‍പ്പെടെയുള്ള വലിയ സാമ്പത്തിക ബാധ്യതകളിലാണ് ചെന്നുചാടിയത്.
Content Highlights: ‘Romance scam’: 36 men take out Rs 1.2 crore mortgages to buy apartments for ‘lover’