
ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള അന്തരീക്ഷമൊരുക്കിയും ക്രിയേറ്റീവ് ഡിസൈനുകളിലൂടെയും ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള ഓഫീസുകളാണ് ഗൂഗിളിന്റേത്. ജോലിയ്‌ക്കൊപ്പം വിശ്രമിക്കാനും അല്പം നേരമ്പോക്കുകള്‍ക്കുമെല്ലാം ഉള്ള ഇടങ്ങള്‍ ഗൂഗിളിന്റെ ഓഫീസുകളില്‍ നാം കണ്ടിട്ടുണ്ട്. പ്രതിഭകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഗൂഗിള്‍ അസൂയാവഹമായ തൊഴിലിടമായാണ് തങ്ങളുടെ ഓഫീസുകളെ മാറ്റിയെടുത്തിരിക്കുന്നത്. മികച്ച ശമ്പളത്തിനൊപ്പം അത്യാധുനിക സജീകരണങ്ങളുള്ള ഓഫീസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്ത ആരാണ് ഉണ്ടായിരിക്കുക. ഇപ്പോഴിതാ, ഗുരുഗ്രാമിലെ ഗൂഗിള്‍ ഓഫീസിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശിവാംഗി ഗുപ്ത എന്ന യുവതി. യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്.
ശന്തനു ആന്‍ഡ് നിഖിലിലെ കുറ്റിയൂര്‍ ഡിസൈനറാണ് ശിവാംഗി. ഗൂഗിളിന്റെ ഓഫീസ് സന്ദര്‍ശിക്കാനിടയായ യുവതി ഓഫീസിന്റെ വീഡിയോ തന്റെ ഫോണില്‍ പകര്‍ത്തുകയായിരുന്നു. യുവതി രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച വീഡിയോ ഇതിനകം 13 മില്യണിലധികം കാഴ്ചക്കാരെയാണ് നേടിയത്. രാവിലെ 9.20ന് ഓഫീസിലെത്തുന്നത് മുതലാണ് ശിവാംഗിയുടെ വീഡിയോ ആരംഭിക്കുന്നത്. 9.35നാണ് ഗൂഗിളിലെ ബ്രേക്ക്ഫാസ്റ്റ്് ടൈം. വിവിധ സ്‌നാക്‌സും യോഗര്‍ട്ടുകളുമെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നത് ശിവാംഗിയുടെ വീഡിയോയില്‍ കാണാം. ത്രീകോഴ്‌സ് ബ്രേക്ക്ഫാസ്റ്റും കഴിഞ്ഞ് പ്ത്തുമണിയോടെ പ്ലാനിങ് ആരംഭിക്കും. പിന്നെ പത്തരയ്ക്ക് ചൂടോടെ കാപ്പി. അതിനൊപ്പം നല്ല സ്‌നാക്‌സും ഷെഫുമാര്‍ ഒരുക്കിയിട്ടുണ്ട്. 11 മണിയോടെ ബ്രെയിന്‍സ്‌റ്റോമിങ് പ്രൊജക്ടുകള്‍ ആരംഭിക്കാം. അതായത് ടേബിള്‍ ടെന്നീസോ, ബില്യാര്‍ഡ്‌സോ കളിച്ച് തലച്ചോറൊന്നു ചൂടാക്കാം. ഒന്നരയോടെയാണ് ഉച്ചഭക്ഷണം വിവിധ വിഭവങ്ങളുള്ള ചൂടുള്ള ഭക്ഷണം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. രണ്ടരയോടെ നാപ് റൂമില്‍ കയറി ഒന്നു മയങ്ങാം..പിന്നെ ജോലിയിലേക്ക് മടക്കം. അതുകഴിഞ്ഞാല്‍ 4.30യ്ക്ക് പോയി പുതിയ സ്‌കില്‍ എന്തെങ്കിലും പഠിക്കണമെങ്കില്‍ അതിനും അവസരമുണ്ട്. ഇനി പണിയെടുത്ത് ക്ഷീണിച്ചെങ്കില്‍ അഞ്ചരയോടെ മസാജ് ചെയറിലിരുന്ന് മസാജ് എടുക്കാം. ഇതിനെല്ലാം പുറമേ ടീം ബില്‍ഡിങ് യോഗാ ക്ലാസിന് പോയിരുന്നതും അവര്‍ പറയുന്നു. ജോലിക്കിടയിലുള്ള ചെറിയ ഇടവേളകള്‍ ഇത്രമേല്‍ ക്രിയേറ്റീവായി ചെലവഴിക്കാനും റിലാക്‌സ് ചെയ്യാനും മറ്റേത് ഓഫീസിലാണ് സാധിക്കുക.
ശിവാംഗിയുടെ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പലരും ആശ്ചര്യവും അസൂയയും പങ്കുവച്ചു. ഇതാണ് സ്വപ്‌നതുല്യമായ തൊഴിലിടമെന്നാണ് ഒരാള്‍ കുറിച്ചത്. 'ജീവനക്കാരെ എങ്ങനെ സന്തോഷത്തോടെ ജോലിയെടുപ്പിക്കാമെന്ന് ഗൂഗിളിന് അറിയാം.', 'ഇത്തരത്തില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടുള്ള തൊഴില്‍ അന്തരീക്ഷമെന്ന കാഴ്ചപ്പാട് ബ്രില്യന്റാണ്. മികച്ച ബാലന്‍സ് ഉള്ളതാണ്.' തുടങ്ങി നിരവധി കമന്റുകളാണ് പലരും കുറിച്ചിരിക്കുന്നത്. ജീവനക്കാരന്റെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന വളരെ കുറച്ച് തൊഴിലിടങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ഗൂഗിള്‍ അതില്‍ മുന്‍പന്തിയിലാണെന്നും പറഞ്ഞവരും കുറവല്ല. ഇങ്ങനെയൊരു ഓഫീസ് വിട്ട് വീട്ടില്‍ പോകാന്‍ തന്നെ ആരാണ് ഇഷ്ടപ്പെടുക അല്ലേ?
Content Highlights: Woman gives a sneak peek into Google's Gurgaon office