
വീട് നടത്തിക്കൊണ്ടുപോകുന്നതും വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റുമൊക്കെ നോക്കി അന്തംവിട്ട് നില്‍ക്കുന്നവരാണ് സാധാരണക്കാരിലധികവും. മാസ ശമ്പളം വാങ്ങി പത്ത് ദിവസത്തിനുളളില്‍ത്തന്നെ കേരളത്തിലെ സാധാരണക്കാരുടെ പോക്കറ്റ് കാലിയാവുകയും ചെയ്യും. ഏറ്റവും കൂടുതല്‍ പണം ചെലവാകുന്നത് പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോഴാണ്. ഭക്ഷണ സാധനങ്ങളുടെ വില വര്‍ദ്ധിച്ച് വരുന്നതുകൊണ്ടുതന്നെ പണച്ചെലവ് കൂടുതലാണ്. എന്നാല്‍ ലളിതമായ ചില തന്ത്രങ്ങള്‍ ഉപയോഗിച്ച് ചെലവിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും.
വാങ്ങേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് മുന്‍കൂട്ടി പട്ടികപെടുത്തി സമര്‍ഥമായി ഷോപ്പിംഗ് നടത്തുന്ന രീതി ആസൂത്രണം ചെയ്യുക. ഷോപ്പിംഗ് രീതിയില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ വരുത്തുന്നതിലൂടെ ചെലവുകള്‍ നിയന്ത്രിക്കാനും പണം ലാഭിക്കാനും കഴിയും.
സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊത്തം വില മാത്രം നോക്കുന്നതിന് പകരം യൂണിറ്റ് വില പരിശോധിക്കാന്‍ ശ്രദ്ധിക്കുക. വലിയ പാക്കേജുകള്‍ മികച്ച ഡീലായി തോന്നാമെങ്കിലും ചിലപ്പോള്‍ ചെറിയ പായ്ക്കറ്റുകള്‍ക്കും യൂണിറ്റിന് കുറഞ്ഞ വിലയുണ്ട്. സ്‌റ്റോക്ക് വേഗത്തില്‍ വില്‍ക്കാനാണ് ഈ രീതിയില്‍ വില നിശ്ചയിക്കുന്നത്. ഇത്തരത്തില്‍ യൂണിറ്റ് വിലകള്‍ താരതമ്യം ചെയ്യുന്നത് മികച്ച മൂല്യം കണ്ടെത്താനും ആവശ്യത്തിലധികം ചെലവഴിക്കുന്നത് തടയാനും സഹായിക്കും.
ഡിസ്‌കൗണ്ട് ഉള്ള സാധനങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഡിസ്‌കൗണ്ടുകള്‍ നോക്കി സാധനങ്ങള്‍ വാങ്ങുന്നത് പലചരക്ക് ബില്ല് കുറയ്ക്കാന്‍ സഹായിക്കുന്നു.വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്‍പ് എന്തൊക്കെ വീട്ടില്‍ ബാലന്‍സ് ഇരിപ്പുണ്ട് എന്ന് പരിശോധിക്കുക. ഉള്ളത് ഉപയോഗിച്ച് തീര്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് പണം ലാഭിക്കാനും ഭക്ഷണം പാഴാക്കുന്നത് തടയാനും കഴിയും. കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വാങ്ങിയ സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
Content Highlights : There is a way to reduce the cost of purchasing household things