
അമ്മമാര്‍ക്ക് മക്കള്‍ എത്ര വലുതായാലും കുഞ്ഞുങ്ങള്‍ തന്നെയാണ്. ഇവിടെയിതാ 80 വയസുളള ഒരു അമ്മ തന്റെ മകന് വൃക്ക ദാനം ചെയ്തിരിക്കുകയാണ്. അവസാനഘട്ട വൃക്ക രോഗവുമായി മല്ലിടുന്ന 59 വയസുള്ള രാജേഷിനാണ് ദര്‍ശന ജെയിന്‍ എന്ന 80 വയസുകാരി പുനര്‍ ജന്മം നല്‍കിയത്.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ രോഹിണിയില്‍ നിന്നുളള ബിസിനസുകാരനാണ് രാജേഷ് . രണ്ട് വര്‍ഷം മുന്‍പാണ് രാജേഷിന് ഗുരുതരമായ വൃക്കരോഗമുണ്ടെന്ന് കണ്ടെത്തുന്നത്. വൃക്ക മാറ്റിവച്ചാല്‍ മാത്രമേ രാജേഷിന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തു. അങ്ങനെ ഡോണറെ തിരയുമ്പോഴാണ് ദര്‍ശന വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി വരുന്നത്. വൈദ്യ പരിശോധനകള്‍ നടത്തിയപ്പോള്‍ അമ്മയുടെ വൃക്ക രാജേഷിന് യോജിച്ചതാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു.
പക്ഷേ അമ്മ പ്രായമായ സ്ത്രീയായതുകൊണ്ട് രാജേഷ് മടിച്ചുനിന്നു. സമൂഹം എന്ത് പറയുമെന്നും അമ്മയുടെ ആരോഗ്യം മോശമാകുമെന്നും രാജേഷ് ആശങ്കപ്പെട്ടു. അതുകൊണ്ട് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകേണ്ട എന്ന് രാജേഷ് തീരുമാനിക്കുകയും ചെയ്തു. കാലക്രമേണ ഇയാളുടെ അവസ്ഥ വഷളാവുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്തപ്പോള്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിക്കുകയും ഒടുവില്‍ രാജേഷ് വൃക്കമാറ്റിവയ്ക്കലിന് തയ്യാറാവുകയും ചെയ്യുകയായിരുന്നു.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ സാധ്യതകളെയും ഒരു അമ്മയുടെ മനോഭാവത്തെയും ഈ കേസ് എടുത്തുകാണിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം നാലാം ദിവസം ദര്‍ശന ജെയ്‌നെ ഡിസ്ചാര്‍ജ് ചെയ്തു. സുഖം പ്രാപിച്ച് ആറാം ദിവസം രാജേഷിനെ ഡിസ്ചാര്‍ജ് ചെയ്തു.
Content Highlights : Elderly mother donates kidney to son battling end-stage kidney disease