ഹോട്ട് ഡ്രിങ്ക് വീണ് ഡെലിവറി ഡ്രൈവര്‍ക്ക് പൊള്ളലേറ്റു; സ്റ്റാര്‍ബക്‌സിന് 434.78കോടി രൂപ പിഴയിട്ട് കോടതി

ഗാര്‍സിയ മുന്നോട്ടുവച്ച നിബന്ധനകള്‍ പാലിക്കാന്‍ സ്റ്റാര്‍ബക്ക്സ് തയ്യാറായില്ല, 50 മില്യണ്‍ ഡോളര്‍ പിഴയിട്ട് കോടതി

dot image

സ്റ്റാര്‍ബക്‌സിന് 434.78കോടി രൂപ പിഴയിട്ട് കാലിഫോര്‍ണിയയിലെ കോടതി. ശരിയായി മൂടാത്തതുകാരണം ചൂടുള്ള പാനീയം ഡെലിവറി ഡ്രൈവറുടെ ശരീരത്തില്‍ വീണ് പൊള്ളിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2020 ഫെബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. മൈക്കിള്‍ ഗാര്‍സിയ എന്ന ഡ്രൈവറാണ് ഓണ്‍ലൈന്‍ ഓര്‍ഡര്‍ പ്രകാരം സ്റ്റാര്‍ബക്‌സിന്റെ ഓര്‍ഡര്‍ എടുക്കുന്നത്. എന്നാല്‍ കൃത്യമായി അടയ്ക്കാത്തതിനെ തുടര്‍ന്ന് ചൂടുള്ള പാനീയം ഇയാളുടെ ദേഹത്ത് വീഴുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നു.

മൂന്നുപാനീയങ്ങള്‍ അടങ്ങിയ പാക്കേജാണ് ഗാര്‍സിയ കൈമാറിയത്. അതില്‍ ഒന്ന് സുരക്ഷിതമായി പാക്ക് ചെയ്തിരുന്നില്ലെന്ന് ഗാര്‍സിയയുടെ അഭിഭാഷകന്‍ മൈക്കിള്‍ പാര്‍ക്കര്‍ പറഞ്ഞു. അത് ഗാര്‍സിയയുടെ മടിയിലേക്ക് വീഴുകയായിരുന്നു. അപകടം ശാരീരികമായും മാനസികമായും ഗാര്‍സിയയെ ബാധിച്ചുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഹോട്ട് ഡ്രിങ്കുകള്‍ സുരക്ഷിതമായി പാഴ്‌സല്‍ ചെയ്യുന്നതിലുണ്ടായ വീഴ്ച കണ്ടെത്തിയ കോടതി ഗാര്‍സിയയ്ക്കുണ്ടായ നഷ്ടവും വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിധി. എന്നാല്‍ ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് സ്റ്റാര്‍ബക്‌സ് അറിയിച്ചു. 'ഗാര്‍സിയക്കുണ്ടായ അപകടത്തില്‍ ഞങ്ങള്‍ സഹാനുഭൂതി രേഖപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കുറ്റക്കാരാണ് ഞങ്ങളെന്ന ജൂറിയുടെ തീരുമാനത്തോട് വിയോജിപ്പുണ്ട്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നവരാണ് ഞങ്ങള്‍. സ്റ്റോറില്‍ പോലും ഹോട്ട് ഡ്രിങ്കുകള്‍ വളരെ സുരക്ഷിതമായാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.'സ്റ്റാര്‍ബക്‌സ് വക്താവ് ജാസി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

അപകടത്തോടെ ഗാര്‍സിയയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നു.' അപകടത്തോടെ മൈക്കിള്‍ ഗാര്‍സിയയുടെ ജീവിതം എന്നന്നേക്കുമായി മാറി. അദ്ദേഹം അനുഭവിച്ച വേദനയ്ക്ക് പകരമാകാന്‍ പണത്തിന് സാധിക്കില്ല. എന്നാല്‍ ഉപഭോക്താവിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലും സ്റ്റാര്‍ബക്‌സ് കാണിച്ച നിരുത്തരവാദപരമായ സമീപനത്തിനെതിരെ കോടതിയെടുത്ത ചുവടുവയ്പ്പാണ് ഈ വിധി.' ഗാര്‍സിയയുടെ അഭിഭാഷകന്‍ പറയുന്നു.

എന്നാല്‍ കോടതി വിധി വരും മുന്‍പ് തന്നെ കേസ് ഒത്തുതീര്‍ക്കുന്നതിനായി സ്റ്റാര്‍ബക്‌സ് മുന്‍കൈ എടുത്തിരുന്നതായി ലോസ് ആഞ്ചല്‍സിലെ ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍26 കോടി രൂപയും പിന്നീട് 261 കോടി രൂപയും വാഗ്ദാനം ചെയ്തിരുന്നുവത്രേ. എന്നാല്‍ മാപ്പുപറഞ്ഞുകൊണ്ടുള്ള പ്രസ്താവന ഇറക്കിയാല്‍ പണം സ്വീകരിക്കാം എന്ന നിലപാടിലായിരുന്നു ഗാര്‍സിയ. അതുപോലെ ഹോട്ട് ഡ്രിങ്കുകളുടെ പാക്കിങ്ങില്‍ രണ്ടുതവണ സുരക്ഷാപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ സ്റ്റാര്‍ബക്‌സ് തയ്യാറായില്ല. ഇതാണ് പിന്നീട് കേസിലേക്ക് നയിച്ചത്.

Content Highlights: Starbucks To Pay $50 Million To Delivery Driver Burned From Hot Beverage

dot image
To advertise here,contact us
dot image