പണിയെടുക്കണ്ട, വെറുതെ കിടന്നാല്‍ മതി ശമ്പളം 4.73 ലക്ഷം പോക്കറ്റില്‍ വീഴും

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി നടത്തുന്ന ഒരു പഠനത്തിന്റെ ഭാഗമായിട്ടാണ് ഈ പരീക്ഷണം

dot image

ബഹിരാകാശ യാത്രികരുടെ ആരോഗ്യവും പ്രകടനവും മെച്ചപ്പെടുത്താനുള്ള പഠനങ്ങളില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ലോട്ടറി അടിച്ച പ്രതീതിയാണ്. എന്താണെന്നല്ലേ. ബഹിരാകാശ പര്യവേഷണ സ്ഥാപനമായ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (European Space Agency) നടത്തിയ ഒരു പഠനവുമായി ബന്ധപ്പെട്ട് പത്ത് ദിവസം അനങ്ങാതെ കിടന്നാല്‍ 5000യൂറോ(4.73ലക്ഷം രൂപ) യാണ് പ്രതിഫലമായി നല്‍കുന്നത്.


വെറുതെ കിടന്നാല്‍ മതിയെങ്കില്‍ ഒന്നു പരീക്ഷിച്ചാലോ എന്ന് ചിന്തിക്കാന്‍ വരട്ടെ. സംഗതി അത്ര എളുപ്പമല്ല. ബാത്ത്ടബ്ബ് പോലെ സജ്ജമാക്കിയ കട്ടിലില്‍ വെള്ളം നിറച്ച് അതിനുമുകളില്‍ നനവിനെ പ്രതിരോധിക്കാനുള്ള പ്രത്യേത തുണി വിരിച്ച് തയ്യാറാക്കിയ കിടക്കയിലാണ് കിടക്കേണ്ടത്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയണ്ടേ. ബഹിരാകാശ യാത്രയില്‍ ശരീരത്തിന് അനുഭവപ്പെടുന്ന ഭാരമില്ലായ്മ പോലെയുള്ള വിഷയങ്ങളില്‍ നടത്തുന്ന ഗവേഷണങ്ങള്‍ക്ക് വേണ്ടിയാണ് ആളുകളെ പണം നല്‍കി പരീക്ഷണത്തിന് വിധേയമാക്കുന്നത്.

ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന സ്ഥാപനമായ മീഡ്‌സ് സ്‌പേസ് ക്ലിനിക്കിലാണ് പഠനം നടക്കുന്നത്. Vivaldi എന്നാണ് ഈ ഗവേഷണത്തിന് നല്‍കിയിരിക്കുന്ന പേര്. പത്ത് വളണ്ടിയര്‍മാരാണ് അവസാന ഘട്ട പരീക്ഷണത്തിലുളളത്. വെള്ളത്തിന് മുകളില്‍ കൈകളും തലയും അല്‍പ്പം ഉയര്‍ന്ന് മറ്റ് സഹായങ്ങളൊന്നും ഇല്ലാതെ പൊങ്ങി കിടന്ന് ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഫീല്‍ ഉണ്ടാക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യുന്നത്.

ഭക്ഷണം കഴിക്കുന്നതിനായി വെള്ളത്തില്‍ പൊങ്ങികിടക്കുന്ന ഒരു ബോര്‍ഡും തല ഉയര്‍ത്തി വെക്കാന്‍ നെക്ക് പില്ലോയും നല്‍കും. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇവരെ താല്‍ക്കാലികമായ ഒരു ട്രോളിയിലേക്ക് മാറ്റും. കിടക്കുന്ന വിധത്തില്‍ ശാരീരിക നിലയില്‍ മാറ്റമുണ്ടാക്കാതെയാണ് ട്രോളിയിലേക്ക് മാറ്റുന്നത്. 10 ദിവസം ഇങ്ങനെ കിടന്നതിന് ശേഷം തുടര്‍ന്നുളള അഞ്ച് ദിവസം ശാരീരിക സ്ഥിതി പൂര്‍വ്വ സ്ഥിതിയിലേക്ക് മാറാനായി ക്ലിനിക്കില്‍ എത്തി ആരോഗ്യ സ്ഥിതി പരീക്ഷിക്കും. ബഹിരാകാശത്തെ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ ശരീരം സ്വീകരിക്കുന്ന സംവിധാനത്തെ നിരീക്ഷിക്കുന്നതിനാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നത്. ഇത് കൂടാതെ കാല്‍ ഭാഗം ഉയര്‍ത്തി തലയുടെ ഭാഗം താഴേക്ക് വരുന്ന രീതിയില്‍ കിടന്നുളള പഠനവും മറ്റ് 10 പേരില്‍ നടത്തി വരുന്നുണ്ട്. പരീക്ഷണത്തിനായി 20 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Content Highlights :This experiment is part of a study conducted by the European Space Agency

dot image
To advertise here,contact us
dot image