
വിവാഹ പരിപാടികള്‍ കളറാക്കാന്‍ താത്പര്യമില്ലാത്തവരായി ആരാണ് ഉള്ളത്. വിവാഹത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ട് ഉഷാറാക്കാന്‍ പലരീതിയിലുള്ള ഒരുക്കളാണ് നടത്താറുള്ളത്. ഇപ്പോഴിതാ ബെംഗളൂരുവില്‍ വിവാഹ ചടങ്ങിന് ശേഷം ഫോട്ടോ ഷൂട്ട് കളറാക്കാന്‍ കളര്‍ ബോംബ് ഉപയോഗിച്ചതിന് പിന്നാലെ നവവധുവിന് സാരമായി പരിക്കേറ്റിരിക്കുകയാണ്. കാനഡയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജരായ വിക്കിയും പിയയുമാണ് ബെംഗളൂരുവില്‍വെച്ച് വിവാഹിതരായത്. സംഭവത്തിൻ്റെ വീഡിയോ ദമ്പതികള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയിലാണ് തങ്ങള്‍ വീഡിയോ പുറത്തുവിട്ടതെന്ന് അവര്‍ പ്രതികരിച്ചു.
'മനോഹരമായൊരു ഷോട്ടിന് വേണ്ടി പശ്ചാത്തലത്തില്‍ കളര്‍ ബോംബുകള്‍ പൊട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ അത് പാളുകയും തങ്ങള്‍ക്ക് നേരെ പാഞ്ഞെടുക്കുകയും ചെയ്തു'വെന്ന് വീഡിയോക്കൊപ്പം കുറിച്ചു. ഫോട്ടോ ഷൂട്ട് പശ്ചാത്തലത്തില്‍ പൊട്ടിത്തെറിക്കേണ്ട കളര്‍ബോംബ് ദമ്പതികളുടെ അടുത്തേക്ക് പാഞ്ഞെത്തുകയായിരുന്നു. യുവതിയുടെ പിന്‍ഭാഗത്ത് സാരമായി പരിക്കേറ്റു. വിവാഹത്തിന് ശേഷം നടന്ന ഫോട്ടോഷൂട്ടിനിടെയാണ് സംഭവമുണ്ടായത്. വധുവിനെ വരന്‍ പൊക്കിയെടുത്ത് ചുംബിക്കാനൊരുങ്ങുമ്പോഴായിരുന്നു കളർ ബോംബ് പൊട്ടിത്തെറിച്ചത്. സ്ഥാനം തെറ്റി എത്തിയ കളര്‍ ബോംബ് യുവതിയുടെ ശരീരത്തിലാണ് പതിച്ചത്. തുടര്‍ന്ന് യുവതിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍ക്കുകയും മുടിയുടെ ഭാഗം കരിഞ്ഞുപോവുകയും ചെയ്തു. പിന്നാലെ ഇവർ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം വളരെ ദുഃഖമായി മാറിയെന്ന് അവര്‍ പറഞ്ഞു. ഫോട്ടോഷൂട്ടുകള്‍ക്കായി കളര്‍ബോംബ് പോലുള്ളവ ഉപയോഗിക്കുന്നതിലെ വിപത്തിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ദമ്പതികള്‍.
Content Highlights: Canadian bride burnt by colour bomb on wedding day in Bengaluru