ഏയ് ഓട്ടോ....ഓട്ടോറിക്ഷയില്‍ 15 മിനിറ്റ് വെയിറ്റിംഗ് ചാര്‍ജ് 10 രൂപ

മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് പുതിയ പദ്ധതി

dot image

എവിടെയെങ്കിലും പോകാന്‍ ഓട്ടോറിക്ഷ വിളിച്ച് സ്ഥലമെത്തുമ്പോള്‍ നമ്മള്‍ ചോദിക്കും, ചേട്ടാ എത്ര രൂപയായി… മിക്കവാറും ഓട്ടോ ഡ്രൈവര്‍ ഒരു തുക പറയും അത് കേള്‍ക്കുമ്പോള്‍ ചിലരെന്താകും പറയുക. ഇത്രയും രൂപയോ… ഞാന്‍ ചേട്ടന്റെ ഓട്ടോയുടെ വിലയല്ല ചോദിച്ചതെന്ന്. അങ്ങനെ തര്‍ക്കം നടക്കുകയും ചെയ്യും. എന്നാല്‍ ഇനി അത് വേണ്ട. ഓട്ടോറിക്ഷാ യാത്രകള്‍ കൂലിത്തര്‍ക്കത്തില്‍ അവസാനിക്കുന്നത് തടയാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഓട്ടോകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര എന്ന സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയര്‍ ചാര്‍ട്ട് പതിക്കലുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തെത്തുന്നത്.

സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളിലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവര്‍മാരും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുളള സംവിധാനമാണ് ആദ്യം നടപ്പിലാക്കേണ്ടതെന്ന് യാത്രക്കാര്‍ പറയുന്നു.

ഇനി മുതല്‍ ഓട്ടോകളില്‍ കൂലിനിരക്ക് പതിക്കും

  • മിനിമം കൂലി - 30 രൂപ , സഞ്ചരിക്കാവുന്ന ദൂരം -1.5 കിലോ മീറ്റര്‍ (1.5 കിലോ മീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ
  • ഒരു വശത്തേക്ക് മാത്രം യാത്ര ചെയ്താല്‍ മീറ്റര്‍ കൂലിയോടൊപ്പം മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം അധികമായി നല്‍കണം
  • രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ മീറ്ററനുസരിച്ചുള്ള കൂലിയുടെ 50 ശതമാനം അധികമായി നല്‍കണം.

വെയിറ്റിംഗ് ചാര്‍ജ് നിരക്ക്

  • ഓരോ 15 മിനിറ്റിനും 10 രൂപ
  • ഒരു ദിവസം പരമാവധി 250 രൂപ

റോട്ടറി ക്ലബ്ബുകളുടെ സഹായത്തോടെ ഓട്ടോറിക്ഷകളില്‍ ഫെയര്‍ ചാര്‍ട്ട് പതിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്ന ഓട്ടോകള്‍ക്കെതിരെ നടപടി ഉണ്ടാകും.

Content Highlights : Autorickshaw waiting charge of Rs 10 for 15 minutes. Motor Vehicles Department's new scheme

dot image
To advertise here,contact us
dot image