
സൈബർ തട്ടിപ്പുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും, പലരും അത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടാകും, എന്നാൽ പലപ്പോഴും ചതി തിരച്ചറിയാതെ തട്ടിപ്പിന് ഇരയാവുകയാണ് പതിവ്. എന്നാല്‍ കടുവയെ പിടിച്ച കിടുവയെന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കിയിരിക്കുകയാണ് കാണ്‍പുരില്‍ നിന്നുള്ള യുവാവ്. ഭൂപേന്ദ്ര സിംഗ് എന്ന യുവാവാണ് സൈബര്‍ തട്ടിപ്പുകാരെ വെട്ടിലാക്കിയത്. തന്നെ പറ്റിക്കാനെത്തിയ തട്ടിപ്പുകാരനെ കബളിപ്പിച്ച് 10,000 രൂപ ഭൂപേന്ദ്ര വാങ്ങിച്ചെടുത്തു. ഇപ്പോൾ തൻ്റെ പണം തിരികെ ലഭിക്കാൻ തട്ടിപ്പുകാരൻ യുവാവിനോട് അപേക്ഷിക്കുകയാണ്.
സിബിഐ ഓഫീസറാണെന്ന് പറഞ്ഞായിരുന്നു ഭൂപേന്ദ്ര സിംഗിന് കോൾ വരുന്നത്. ഭൂപേന്ദ്രയുടെ വീഡിയോകോള്‍ തൻ്റെ കൈവശമുണ്ടെന്ന് പറഞ്ഞുകൊണ്ട് 16,000 രൂപ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തട്ടിപ്പാണെന്ന് തിരിച്ചറിയാതിരിക്കാൻ സിംഗിനെതിരായ പരാതിയുടെ ചിത്രവും അയച്ചു നൽകി. എന്നാൽ ഇതിൽ പതറാതെ ഭൂപേന്ദ്ര ഉടനെ പരാതി ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പരിശോധിക്കുകയും അത് വ്യാജമാണെന്ന് തിരിച്ചറിയുകയും ചെയ്തു. അതോടെ തട്ടിപ്പുകാരനെ വെട്ടിലാക്കാൻ ഭൂപേന്ദ്ര തീരുമാനിക്കുകയായിരുന്നു.
ഒരു സ്വർണ്ണമാല പണയം വെച്ചിട്ടുണ്ടെന്നും അത് തിരികെ ലഭിക്കാൻ 3000 രൂപ വേണമെന്നും സിംഗ് പറഞ്ഞു. സിംഗ് പറഞ്ഞത് വിശ്വസിച്ച തട്ടിപ്പുകാരൻ ഉടനെ പണം അയച്ചുകൊടുത്തു. അടുത്ത കുറച്ചുദിവസത്തിനുള്ളിൽ സിംഗ് പല കഥകൾ പറഞ്ഞു. ഒരുഘട്ടത്തില്‍ ജുവലറി ഉടമയാണെന്ന് പറഞ്ഞ് ഒരു സുഹൃത്തിനെ വരെ പരിചയപ്പെടുത്തുകയും ചെയ്തു. എന്തിനുപറയുന്നു തട്ടിക്കാന്‍ വിളിച്ചവനെ പറ്റിച്ച് 10,000 രൂപ പലപ്പോഴായി യുവാവ് നേടി.
തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ കുറിച്ചും അത് ഡീൽ ചെയ്തതിനെ കുറിച്ചും യുവാവ് ഒരു വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായി. വീഡിയോക്ക് താഴെ നിരവധി പേരാണ് കമൻ്റുകളുമായി എത്തിയത്. ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് വർധിച്ചുവരികയാണ്. അടുത്തിടെ പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റ് ഹർഷ ഭോഗ്ലെ വാട്സ് ആപ്പ് ഹൈജാക്കിംഗ് സ്കാം എന്ന പുതിയ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: Kanpur man outsmarts cyber scammer, tricks him into sending money: ‘UNO reverse’