ബെംഗളൂരു വളരെ മോശം സ്ഥലം, താമസം മാറിയതില്‍ ഖേദിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി യുവാവിന്റെ പോസ്റ്റ്

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്

dot image

ശമ്പളത്തില്‍ 40ശതമാനം വര്‍ധനവോടെ പുതിയ ജോലിയുമായി പൂനെയില്‍ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയ ഒരു കോര്‍പ്പറേറ്റ് ജീവനക്കാരന്റെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ തീരുമാനത്തില്‍ ഖേദിക്കേണ്ടിവന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ ഒരു സുഹൃത്താണ് അദ്ദേഹത്തിന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. പൂനെയില്‍ പ്രതിവര്‍ഷം 18 ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ആ വ്യക്തി. ബെംഗളൂരുവില്‍ പ്രതിവര്‍ഷം 25 ലക്ഷം രൂപ സാലറി ലഭിക്കുന്ന ജോലിയായിരുന്നു യുവാവിന്. എന്നാല്‍ ശമ്പളത്തില്‍ ഇത്രയും വര്‍ധനവുണ്ടായിട്ടും ബെംഗളൂരു പോലൊരു നഗരത്തില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് അദ്ദേഹം പറയുന്നത്.

'ബെംഗളൂരുവിലെ ചെലവുകള്‍ ശമ്പളത്തേക്കാള്‍ വളരെ കൂടുതലാണ്. ഇവിടെ വാടക വളരെ കൂടുതലാണ്. വീട്ടുടമസ്ഥര്‍ പിശുക്കന്മാരാണ്, മൂന്ന്-നാല് മാസത്തെ ഡെപ്പോസിറ്റ് ചോദിക്കുന്നു. ഗതാഗതം മോശമാണ്, യാത്രാച്ചെലവ് വളരെ കൂടുതലാണ്' എന്നാണ് അദ്ദേഹം പറയുന്നത്.

നിരവധിപ്പേരാണ് ഈ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. 'ഇതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു! എട്ട് വര്‍ഷം പൂനെയില്‍ ചെലവഴിച്ചു, അവിടെ ഉണ്ടായിരുന്ന ജീവിതാവസ്ഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. മികച്ച കാലാവസ്ഥ, താങ്ങാനാവുന്ന ജീവിതശൈലി, ശാന്തമായ അന്തരീക്ഷം. രണ്ട് വര്‍ഷം മുമ്പ് ബാംഗ്ലൂരിലേക്ക് താമസം മാറിയപ്പോള്‍ കാര്യങ്ങള്‍ എത്ര വ്യത്യസ്തമാണെന്ന് എനിക്ക് മനസ്സിലായി. ഗതാഗതം, ഉയര്‍ന്ന വാടക, മൊത്തത്തിലുള്ള ജീവിതച്ചെലവ് എന്നിവ നിലവിലെ എന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നു. പൂനെ ഇപ്പോഴും വീട് പോലെയാണ് തോന്നുന്നത്, സത്യം പറഞ്ഞാല്‍, ബെഗളൂരുവില്‍ ലളിതവും താങ്ങാനാവുന്നതുമായ ജീവിതം എനിക്ക് നഷ്ടമാകും. കൂടുതല്‍ പണം എന്നത് എല്ലായ്‌പ്പോഴും മികച്ച ജീവിതശൈലി എന്നല്ല അര്‍ത്ഥമാക്കുന്നത്', എന്നാണ് ഒരാള്‍ കുറിച്ചത്.

മറ്റൊരാള്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്, 'അതെ, വാടകയും ചെലവുകളും കൂടുതലാണ്, ഗതാഗതം ഒരു പേടിസ്വപ്നമാണ്, പക്ഷേ അവസരങ്ങളും അനുഭവങ്ങളും നിറഞ്ഞ ഒരു നഗരം കൂടിയാണിത്. വളരെ കുറഞ്ഞ ശമ്പളത്തിലും ആളുകള്‍ക്ക് സുഖമായി ജീവിക്കാന്‍ കഴിയുന്നു! ഒരുപക്ഷേ നിങ്ങളുടെ സുഹൃത്തിന് മികച്ച ബജറ്റിംഗ് കഴിവുകള്‍ ഇല്ലാത്തതു കൊണ്ടായിരിക്കാം.' ഇങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

Content Highlights: Why Pune Man Regrets Moving To Bengaluru Despite 40% Salary Hike

dot image
To advertise here,contact us
dot image