
യുപിയിലെ അലിഗഡിലുള്ള ഒരു സാധാരണ ജ്യൂസ് വില്‍പ്പനക്കാരനാണ് റയീസ് അഹമ്മദ്. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കണ്ട് റയീസ് പകച്ചുപോയി. ദിവസവും 500 രൂപയ്ക്ക് കച്ചവടം നടത്തുന്ന ഇയാള്‍ക്ക് 7.8 കോടി രൂപ നികുതി ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസാണ് ലഭിച്ചത്. അലിഗഡിലെ സിവില്‍ കോടതിക്ക് സമീപം സീസണല്‍ ജ്യൂസ് കാര്‍ട്ട് നടത്തുകയാണ് 35 വയസുകാരനായ റയീസ് അഹമ്മദ്.
കൊറിയര്‍ വഴി നോട്ടീസ് ലഭിച്ചപ്പോള്‍ സമീപത്തുണ്ടായിരുന്ന അഭിഭാഷകന്റെ സഹായത്തോടെ വായിച്ചെടുക്കുകയായിരുന്നു.
ഇത്രയും തുകയെക്കുറിച്ച് കേട്ടപ്പോള്‍ തനിക്ക് രക്തസമ്മര്‍ദ്ദം ഉയര്‍ന്നെന്നും മരുന്ന് കഴിക്കേണ്ടിവന്നുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യത്തിന് വിശദീകരണം തേടി പ്രാദേശിക നികുതി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഇയാളുടെ പാന്‍ നമ്പര്‍ വലിയ തോതിലുളള ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
എന്നാല്‍ സാധാരണക്കാരനായ തനിക്ക് വലിയ തുകയുടെ ഇടപാടുകള്‍ ഒന്നുംതന്നെയില്ലെന്ന് പറയുകയും, തന്റെ പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കാണിച്ച് റയീസ് സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് അജ്ഞാത വ്യക്തിക്കെതിരെ ഔദ്യോഗിക അന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
Content Highlights : Income tax notice of Rs 7.8 crore issued to man selling juice for Rs 500