
ആമസോണ്‍ സ്ഥാപകനും അമേരിക്കന്‍ ശതകോടീശ്വരനുമായ ജെഫ് ബെസോസും പ്രതിശ്രുതവധു ലോറന്‍ സാഞ്ചസും തമ്മിലുളള വിവാഹം വെനീസില്‍ വെച്ചായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ആഡംബര നൗകയായ കോരുവിലാണ് ഇവരുടെ വിവാഹം നടക്കുക. ജൂണില്‍ നടക്കാനിരിക്കുന്ന വിവാഹത്തില്‍ നിരവധി പ്രശസ്ത ഹോളിവുഡ് താരങ്ങളും ബിസിനസ്, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുക്കുമെന്നാണ് വിവരം. 2019-ലാണ് ജെഫ് ബെസോസിന്റെയും ലോറന്റെയും പ്രണയം ലോകമറിഞ്ഞത്. 2023 മെയ് മാസത്തില്‍ ഇവരുടെ വിവാഹനിശ്ചയം കഴിയുകയും ചെയ്തു. ബെസോസ് ലോറനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ അതേ നൗകയില്‍ വെച്ചാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്.
നാലുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹച്ചടങ്ങുകള്‍ക്കായി വെനീസിലെ ഏറ്റവും മികച്ച ഹോട്ടലുകളായ ദി ഗ്രിറ്റി പാലസ്, അമന്‍ വെനീസ് എന്നിവയാണ് ജെഫ് ബെസോസ് തെരഞ്ഞെടുത്തിരിക്കുന്നത്. അയ്യായിരം കോടി രൂപയിലേറെ ചെലവുവരുന്ന വിവാഹമാണ് നടക്കാനിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിന്റര്‍ വണ്ടര്‍ലാന്‍ഡ് തീമിലാണ് വിവാഹം. ബില്‍ ഗേറ്റ്സ് ഉള്‍പ്പെടെ നിരവധി ശതകോടീശ്വരന്മാര്‍ ചടങ്ങിനെത്തും. ലിയണാര്‍ഡോ ഡികാപ്രിയോ, ഇവാ ലോംഗോറിയ, കാറ്റി പെറി, ഒര്‍ലാന്‍ഡോ ബ്ലൂം, ഇവാങ്ക ട്രംപ്, കിം കര്‍ദാഷിയാന്‍, ക്രിസ് ജെന്നര്‍, ഓപ്ര വിന്‍ഫ്രി, ഗെയ്ല്‍ കിംഗ്, ജുവല്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുളള പ്രമുഖരും വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബ്ലൂംബെര്‍ഗിന്റെ സമ്പന്ന സൂചിക പട്ടിക പ്രകാരം ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ്. 244 ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എമ്മി പുരസ്‌കാര ജേതാവായ മാധ്യമപ്രവര്‍ത്തകയാണ് ലോറന്‍ സാഞ്ചസ്. പൈലറ്റായും സാമൂഹിക പ്രവര്‍ത്തകയായും അഭിനേത്രിയായും ലോറന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മക്കെന്‍സി സ്‌കോട്ടാണ് ജെഫ് ബെസോസിന്റെ ആദ്യ ഭാര്യ. 1993-ലാണ് ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തില്‍ നാല് മക്കളുണ്ട്. മൂന്ന് ആണ്‍കുട്ടികളും ഒരു ദത്തുപുത്രിയും. 2019-ലാണ് ഇവര്‍ വിവാഹമോചനം നേടിയത്.
Content Highlights: Inside Jeff Bezos, Lauren Sanchez's wedding