
ഒരാള്‍ക്ക് ഒരേസമയം രണ്ടുപേരോട് പ്രണയം തോന്നിയാല്‍ എന്തുചെയ്യും? തെലങ്കാനയില്‍ ഒരു യുവാവ് പ്രശ്നം പരിഹരിച്ചത് പ്രണയം തോന്നിയ രണ്ട് യുവതികളെയും ഒരേ ചടങ്ങില്‍ വെച്ച് വിവാഹം കഴിച്ചാണ്. കൊമരംഭീം ആസിഫാബാദ് ജില്ലയിലെ ഗുംനൂര്‍ നിവാസിയായ സൂര്യദേവാണ് ഒരേസമയം പ്രണയിച്ച ലാല്‍ ദേവി, ത്സല്‍കാരി ദേവി എന്നീ യുവതികളെ വിവാഹം ചെയ്തത്.
വിവാഹ ക്ഷണക്കത്തില്‍ രണ്ടുപേരുടെയും പേര് ഒന്നിച്ചാണ് അച്ചടിച്ചിട്ടുളളത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് യുവതികളുമായും സൂര്യദേവ് പ്രണയത്തിലായിരുന്നുവെന്നും പിന്നീട് മൂവരും ഒന്നിച്ചുജീവിക്കാനുളള തീരുമാനമെടുക്കുകയായിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ఒకే మండపంలో ఇద్దరు అమ్మాయిలను పెళ్లి చేసుకున్న యువకుడు #Marraige #TelanganaNews #Wedding #Oneindiatelugu pic.twitter.com/1EFilwUzK8
— oneindiatelugu (@oneindiatelugu) March 28, 2025
യുവാവ് രണ്ടു യുവതികളെയും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ആദ്യം ഇത് അംഗീകരിച്ചിരുന്നില്ല. അവരുടെ വിവാഹം നടത്തിക്കൊടുക്കാനും തയ്യാറായില്ല. എന്നാല്‍ പിന്നീട് ഇവര്‍ യുവാവിന്റെ ആവശ്യം അംഗീകരിച്ച് ആഘോഷപൂര്‍വ്വം വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. മൂവരുടെയും ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം വിവാഹത്തില്‍ പങ്കെടുത്തു.
രാജ്യത്ത് ഹിന്ദുവിവാഹ നിയമപ്രകാരം ബഹുഭാര്യാത്വം നിയമവിരുദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയില്‍ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. 2021-ല്‍ തെലങ്കാനയിലെ ആദിലാബാദില്‍ ഒരു യുവാവ് ഒരേ മണ്ഡപത്തില്‍വെച്ച് രണ്ടു യുവതികളെ വിവാഹം ചെയ്തിരുന്നു. 2022-ല്‍ ജാര്‍ഖണ്ഡിലെ ലൊഹാര്‍ഗാദയിലും യുവാവ് രണ്ട് കാമുകിമാരെ ഒരേ ചടങ്ങില്‍വെച്ച് വിവാഹം ചെയ്ത സംഭവമുണ്ടായി.
Content Highlights: Telangana Man Falls In Love With 2 Women, Marries Them