പ്രണയിക്കാനായി ഡേറ്റിങ് ആപ്പ് എടുത്തു; യുവാവിന് നഷ്ടമായത് 6.3 കോടി രൂപയുടെ സമ്പാദ്യം

ഇപ്പോൾ ഇതാ പ്രണയം കണ്ടെത്താൻ ശ്രമിച്ച നോയിഡ സ്വദേശിയ്ക്ക് 6.3കോടി രൂപ നഷ്ടപ്പെട്ട കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്

dot image

ഡിജിറ്റല്‍ തട്ടിപ്പിനിരയാകുന്ന നിരവധിപേരുടെ വാര്‍ത്തകളാണ് നിത്യമെന്നോണം നാം കേട്ടുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് പ്രണയം കണ്ടെത്താൻ ശ്രമിച്ച് ഡിജിറ്റല്‍ തട്ടിപ്പിലൂടെ 6.3 കോടി രൂപ നഷ്ടപ്പെട്ട യുവാവിന്‍റെ കഥ. ഡൽഹി ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിലെ ഡയറക്ടറായ ദൽജിത് സിങ് വിവാഹമോചിതനാണ്. ജീവിതത്തില്‍ വീണ്ടും ഒരു പ്രണയം വേണമെന്ന് തോന്നിയ ദല്‍ജിത് സിങ് അതിന് കണ്ടെത്തിയ മാര്‍ഗം ഒരു ഡേറ്റിങ് ആപ്പായിരുന്നു. പക്ഷെ പിന്നീട് സംഭവിച്ചത് ആരേയും ഞെട്ടിപ്പിക്കുന്ന അനുഭവമാണ്.

കഴിഞ്ഞ വർഷം ഡേറ്റിങ് ആപ്പിലൂടെ ദല്‍ജിത് അനിത എന്ന യുവതിയുമായി പ്രണയത്തിലായി. ഡേറ്റിങ് ആപ്പിലൂടെ പരിയചയപ്പെട്ട ഇവർ സംസാരിച്ച് സംസാരിച്ച് കൂടുതൽ അടുക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും അടുപ്പവും വളർന്നു. നല്ല സുഹൃത്തുക്കളായി. ‌യുവതി സിങ്ങിന്‍റെ വിശ്വാസം നേടിയെടുത്തു. ശേഷം വ്യാപാരത്തിലൂടെ വലിയ ലാഭം നേടുന്നതിനെക്കുറിച്ച് യുവാവുമായി സംസാരിച്ചു. പിന്നാലെ
മൂന്ന് കമ്പനികളുടെ പേരും നിര്‍ദേശിച്ചു.

യുവതിയെ വിശ്വസിച്ച സിങ് യുവതി നിര്‍ദേശിച്ച ആദ്യത്തെ വെബ്സൈറ്റില്‍3.2 ലക്ഷം രൂപ നിക്ഷേപിച്ചു. പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ 24,000 രൂപ സമ്പാദിക്കുകയും ചെയ്തു. ലാഭത്തിൽ നിന്ന് 8000 രൂപ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടതോടെ സിങ്ങിന്‍റെ വിശ്വാസം ശക്തിപ്പെട്ടു. അനിത തന്റെ അഭ്യുദയകാംക്ഷിയാണെന്നും ശരിയായ ഉപദേശമാണ് നൽകുന്നതെന്നും ഇയാള്‍ കരുതി. പിന്നീട് അയാൾ ചാടിക്കയറി തൻ്റെ ആജീവനാന്ത സമ്പാദ്യമായ ഏകദേശം 4.5 കോടി രൂപ നിക്ഷേപം നടത്തി. അനിതയുടെ നിർദേശപ്രകാരം അയാൾ രണ്ട് കോടി രൂപ വായ്പയെടുത്ത് അതും നിക്ഷേപിച്ചു.

30 വ്യത്യസ്ത ഇടപാടുകളിലൂടെ 25 ബാങ്ക് അക്കൗണ്ടുകളിലേക്ക് ആകെ 6.5 കോടി രൂപ സിങ് ട്രാൻസ്ഫർ ചെയ്തു. പിന്നാലെ നേരത്തെ ചെയ്തതുപോലെ സിങ് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ നിക്ഷേപിച്ച തുകയുടെ 30 ശതമാനം ട്രാൻസ്ഫർ ചെയ്യാനാണ് നിര്‍ദേശം വന്നത്. ഇത് നിരസിച്ചതോടെ സിങ്ങുമായുള്ള ബന്ധം ഇവര്‍ വിച്ഛേദിച്ചു. അനിത പറഞ്ഞ മൂന്ന് വെബ്സൈറ്റുകളിൽ രണ്ടെണ്ണം പ്രവർത്തനരഹിതമായി.

അതോടെ സംശയം തോന്നിയ സിങ് നോയിഡ സെക്ടർ 36ലെ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിൽ അനിതയുടെ ഡേറ്റിംഗ് ആപ്പ് പ്രൊഫൈൽ വ്യാജമാണെന്ന് തെളിഞ്ഞു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ.

Content Highlights:Trying To Find Love, Noida Man Loses Rs 6.3 Crore Life Savings

dot image
To advertise here,contact us
dot image