
ഇടിമിന്നലേറ്റ യുവതിയുടെ കണ്ണിന്റെ നിറം മാറി. ഓസ്ട്രേലിയന്‍ സ്റ്റേറ്റായ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. മുപ്പതുകാരിയായ കാര്‍ലി ഇലക്ട്രിക്കാണ് ഇടിമിന്നലേറ്റതിനു ശേഷം കണ്ണിലെ കൃഷ്ണമണിയുടെ നിറം മാറിയത്. നേരത്തെ പച്ച നിറമുണ്ടായിരുന്ന തന്റെ കണ്ണുകള്‍ ഇപ്പോള്‍ കടുത്ത ബ്രൗണ്‍ നിറമായി മാറിയെന്ന് കാര്‍ലി പറയുന്നു. 2023 ഡിസംബറിലാണ് കാര്‍ലിയുടെ വീടിന് സമീപത്ത് ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നത്. അത് അടുത്തുനിന്ന് കാണാനും മൊബൈലില്‍ പകര്‍ത്താനുമായി വീട്ടില്‍ നിന്നും പുറത്തേക്ക് ഓടിയപ്പോഴാണ് അപ്രതീക്ഷിതമായി അവര്‍ക്ക് മിന്നലേറ്റത്. ശരീരം മുഴുവന്‍ തളര്‍ന്നുപോയതുപോലെയാണ് ആ നിമിഷം തനിക്ക് തോന്നിയതെന്ന് അവര്‍ പറയുന്നു.
'ഇടിമിന്നലും കൊടുങ്കാറ്റുമെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. മിന്നല്‍ തീമിലുളള മൂന്ന് ടാറ്റുകള്‍ ശരീരത്തില്‍ പതിപ്പിച്ചിട്ടുണ്ട്. അന്ന് മിന്നലേറ്റപ്പോള്‍ ശരീരം മുഴുവന്‍ വിയര്‍ത്തു. തലകറങ്ങി. എനിക്ക് ഒരു ഇഞ്ചുപോലും അനങ്ങാന്‍ കഴിഞ്ഞില്ല. സുഹൃത്തിനെ വിളിച്ച് ആംബുലന്‍സ് എത്തിക്കാന്‍ ആവശ്യപ്പെട്ടു. വാഹനം എത്തുമ്പോഴേക്കും കൈകാലുകള്‍ പൂര്‍ണമായും നീല നിറത്തിലായിക്കഴിഞ്ഞിരുന്നു. തലയും കഴുത്തുമൊഴികെ മറ്റൊരു ശരീരഭാഗവും ചലിപ്പിക്കാനായില്ല. എനിക്ക് ശ്വസിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ കൃഷ്ണമണികള്‍ വികസിച്ചതായി കണ്ടിരുന്നു. പിന്നീടാണ് നിറം മാറിയത് മനസിലായത്'- കാര്‍ലി പറഞ്ഞു.
ലൈറ്റ്നിംഗ് പാരാലിസിസ് അഥവാ കെരൗണോപാരാലിസിസ് ആണ് കാര്‍ലിയെ ബാധിച്ചത്. ഇടിമിന്നലേല്‍ക്കുമ്പോള്‍ താല്‍ക്കാലികമായി അവയവങ്ങളെ ദുര്‍ബലമാക്കുന്ന അവസ്ഥയാണിത്. ഉണര്‍ന്ന് എഴുന്നേറ്റപ്പോഴാണ് കണ്ണുകളുടെ നിറം മാറിയ കാര്യം കാര്‍ലി തിരിച്ചറിഞ്ഞത്. സംഭവം തന്റെ ഡേറ്റിംഗ് ലൈഫിന് കൂടുതല്‍ ഗുണമുണ്ടാക്കിയെന്നും മരണത്തെ മുഖാമുഖം കണ്ടപ്പോഴത്തെ അവസ്ഥയാണ് എല്ലാവര്‍ക്കും അറിയേണ്ടതെന്നും കാര്‍ലി പറഞ്ഞു.
മിന്നലേറ്റതിനുശേഷം വിചിത്രമായ അനുഭവങ്ങളുണ്ടാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. 2017-ല്‍ അലബാമയില്‍ മിന്നലേറ്റതിനുശേഷം തന്റെ കാഴ്ച്ചശക്തി മെച്ചപ്പെട്ടതായി ഒരു പെണ്‍കുട്ടി അവകാശപ്പെട്ടിരുന്നു. മിന്നലേറ്റതിനുശേഷം താന്‍ കണ്ണട ഉപയോഗിക്കുന്നത് നിര്‍ത്തിയെന്നും എല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.
Content Highlights: Struck By Lightning, Australian Woman Wakes Up With New Eye Colour