
കോടീശ്വരന്മാര്‍ കൂട്ടത്തോടെ ലണ്ടന്‍ വിടുന്നതായി റിപ്പോര്‍ട്ട്. 2024ല്‍ മാത്രം 11,000 കോടീശ്വരന്മാരാണ് ലണ്ടന്‍ വിട്ടത്. ഇവരില്‍ ഭൂരിഭാഗം പേരും ഏഷ്യയിലോ അമേരിക്കയിലോ ആണ് കുടിയേറുന്നത്. കുറച്ചുവര്‍ഷങ്ങളായി ഈ പ്രതിഭാസം അരങ്ങേറുന്നുണ്ടെങ്കിലും അടുത്തകാലത്തായി ലണ്ടന്‍ വിടുന്നവരുടെ എണ്ണത്തിലും വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വര്‍ധിച്ച നികുതി ഭാരം, 2008ലുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകേറാന്‍ സാധിക്കാതെ വന്നത് യൂറോപ്പിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് ബ്രിട്ടനെ വേര്‍തിരിക്കാനുള്ള തീരുമാനം എന്നിവയാണ് കൂട്ടത്തോടെയുള്ള നാടുവിടലിന് കാരണം.
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ കേന്ദ്രമായിരുന്നു ലണ്ടന്‍. എന്നാല്‍ 2014 മുതല്‍ വലിയ തോതിലുള്ള മാറ്റമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടില്‍ തങ്ങളുടെ ധനാഢ്യരായ താമസക്കാരില്‍ 12 ശതമാനം കുറവാണ് ലണ്ടനില്‍ രേഖപ്പെടുത്തിയത്. ലോകത്തെ ഏറ്റവും സമ്പന്നമായ ആദ്യ അഞ്ചു നഗരങ്ങളുടെ പട്ടികയില്‍ നിന്ന് ലണ്ടന്‍ പുറത്തായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണകക്കുകള്‍ പരിശോധിച്ചാല്‍ 11,300 കോടീശ്വരന്മാരാണ് ലണ്ടന്‍ വിട്ടിരിക്കുന്നത്. സിറ്റിയില്‍ നിലവില്‍ 2,15,700 കോടീശ്വരന്മാരാണ് ഇപ്പോഴും താമസിക്കുന്നത്.
ഏഷ്യയിലും അമേരിക്കയിലും ഐടി സെക്ടറുകളിലുണ്ടായ കുതിപ്പും ഈ കൊഴിഞ്ഞുപോക്കിന് ഒരു കാരണമാണ്. ലണ്ടന്‍ കഴിഞ്ഞാല്‍ കോടീശ്വരന്മാര്‍ ഉപേക്ഷിക്കുന്ന നഗരങ്ങളില്‍ തൊട്ടുപിന്നിലുള്ളത് മോസ്‌കോയാണ്. യുദ്ധമാണ് ഇവിടെ നിന്ന് ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
അതേസമയം ഏഷ്യയിലും അമേരിക്കയിലും കോടീശ്വര ഭവനങ്ങള്‍ വന്‍തോതില്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ട്. സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയില്‍ മാത്രം കോടീശ്വരഭവനങ്ങളില്‍ 98 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. സിംഗപ്പൂരില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 62 ശതമാനവും വര്‍ധനവ് ഉണ്ടായി.
ലോകത്തെ ആദ്യ പത്ത് സമ്പന്ന നഗരങ്ങളില്‍ ഏഴും അമേരിക്കയിലെയോ, ഏഷ്യയിലെയോ നഗരങ്ങളാണ്. ടോകിയോ, ദുബായ്, ലോസ് ആഞ്ചല്‍സ് എന്നീ നഗരങ്ങളിലും കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 3,84,500 കോടീശ്വരന്മാരുമായി ന്യൂയോര്‍ക്ക് സിറ്റി തന്നെയാണ് പട്ടികയില്‍ ഒന്നാമത്.
Content Highlights: Why Millionaires Are Fleeing London