
ഡല്‍ഹി മെട്രൊ സ്‌റ്റേഷനുകളില്‍ വച്ചുള്ള പ്രണയിതാക്കളുടെ സ്‌നേഹപ്രകടനങ്ങള്‍ പലപ്പോഴും വാര്‍ത്തയായിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത് ഐടി ഹബ്ബായ ബെംഗളുരു മെട്രോ സ്‌റ്റേഷനില്‍ നിന്നുള്ള ഒരു ദൃശ്യമാണ്. ബെംഗളുരുവില്‍ ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ ദമ്പതികള്‍ സ്‌നേഹപ്രകടനം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പലരെയും പ്രകോപിപ്പിച്ചിരിക്കുകയാണ്.
നിരവധി യാത്രക്കാര്‍ മെട്രോ കാത്തുനില്‍ക്കുന്നതിനിടയിലാണ് സംഭവം. സ്‌നേഹപ്രകടനം അതിരുകടന്നുവെന്നും സഹയാത്രികരെ ബഹുമാനിക്കാതെയാണ് ഇവര്‍ പെരുമാറുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുഇടങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുരക്ഷിതവും എല്ലാവരെയും ബഹുമാനിക്കേണ്ടതുമായ ഇടമാണ്. അതുകൊണ്ട് ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളുരു ഡല്‍ഹി മെട്രോ പോലെയാവുകയാണോ എന്ന തലക്കെട്ടില്‍ കര്‍ണാടക പോര്‍ട്ട്‌ഫോളിയോ എന്ന അക്കൗണ്ടാണ് വീഡിയോ എക്‌സില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. പൊതുഇടങ്ങളിലുള്ള ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാകില്ലെന്നും നിരാശപ്പെടുത്തുന്നതാണെന്നും പോസ്റ്റില്‍ പറയുന്നു. പൊതുഇടങ്ങള്‍ കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍, കുടുംബങ്ങള്‍ തുടങ്ങി എല്ലാവരുടേതുമാണ്. അത് സ്വകാര്യ ഇടം പോലെ ഇവര്‍ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
പോസ്റ്റിലെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുമ്പോള്‍ വിമര്‍ശിക്കുന്നവരും കുറവല്ല.
Content Highlights: Couple's PDA At Bengaluru Metro Station Goes Viral, Netizens Outraged