'23 സോവിയറ്റ് സൈനികരെ കല്ലാക്കി മാറ്റി അന്യഗ്രഹ ജീവികള്‍'; സിഐഎയുടെ രഹസ്യരേഖകള്‍ പുറത്ത്

രണ്ട് പേര്‍ മാത്രമാണ് തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

dot image

ന്യഗ്രഹ ജീവികളെ കുറിച്ച് വിചിത്ര അവകാശവാദങ്ങളുമായി സിഐഎയുടെ രഹസ്യരേഖ പുറത്ത്. സോവിയറ്റ് സേനയ്‌ക്കെതിരെ യുഎഫ്ഒ ആക്രമണം നടന്നതായാണ് പുറത്തുവന്ന ഒരു പേജുള്ള ഡോക്യുമെന്റില്‍ പറയുന്നത്. 23 സോവിയറ്റ് സൈനികരെ അന്യഗ്രഹ ജീവികള്‍ കല്ലാക്കി മാറ്റിയെന്നും ഇതില്‍ അവകാശപ്പെടുന്നുണ്ട്. വലിയ ചര്‍ച്ചകള്‍ക്കാണ് ഈ വിവരങ്ങള്‍ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്.

ശീതയുദ്ധകാലത്ത്, 1989ലോ 1990ലോ സൈബീരിയയില്‍ നടന്ന പരിശീലനത്തിനിടെയാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 1991ല്‍ സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെജിബി പിരിച്ചുവിട്ടപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. കെജിബിയുടെ 250 പേജുള്ള റിപ്പോര്‍ട്ട് പിന്നീട് സിഐഎയ്ക്ക് ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്.

കനേഡിയന്‍ വീക്ക്ലി വേള്‍ഡ് ന്യൂസും യുക്രേനിയന്‍ പത്രമായ ഹോളോസ് ഉക്രെയ്നിയും പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഒരു പേജുള്ള റിപ്പോര്‍ട്ട്, 2000 മെയ് മാസത്തിലാണ് ആദ്യമായി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയത്. നിരവധി ചിത്രങ്ങളും ഡ്രോയിംഗുകളും ഏറ്റുമുട്ടലിന്റെ ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം.

'പതിവ് പരിശീലന പരിപാടികള്‍ നടക്കുന്നതിനിടെ സോവിയറ്റ് സൈനികര്‍ തങ്ങള്‍ക്ക് മുകളില്‍ വളരെ താഴ്ന്ന് പറക്കുന്ന ഒരു പറക്കുംതളിക(UFO) കണ്ടു. അജ്ഞാത കാരണങ്ങളാല്‍ ഒരാള്‍ യുഎഫ്ഒയ്ക്ക് നേരെ മിസൈല്‍ തൊടുത്തു. തുടര്‍ന്ന് ഇത് ഭൂമിയിലേക്ക് വീഴുകയും അതില്‍ നിന്ന് അന്യഗ്രഹ ജീവികള്‍ പുറത്ത് വരികയും ചെയ്തു', എന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം.

രണ്ട് പേര്‍ മാത്രമാണ് തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടത്. അന്യഗ്രഹജീവികള്‍ തങ്ങള്‍ക്കടുത്തേക്ക് വന്നുവെന്നും തുടര്‍ന്ന് ഗോളാകൃതിയിലുള്ള ഒരൊറ്റ വസ്തുവായി മാറിയെന്നും ഒരു ദൃക്‌സാക്ഷി പിന്നീട് വെളിപ്പെടുത്തി. ഈ വസ്തു വികസിച്ച് പിന്നീട് തിളക്കമുള്ള വെളുത്ത രൂപമായി മാറി. തുടര്‍ന്ന് ഇത് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ഈ സംഭവത്തിന് സാക്ഷ്യം വഹിച്ച 23 സൈനികര്‍ കല്ലായി മാറിയെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. തങ്ങള്‍ ഒരു സ്ഥലത്ത് ഒളിച്ചുനിന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഇവര്‍ പറയുന്നുണ്ട്.

സംഭവത്തിന്റെ തെളിവുകളെല്ലാം മോസ്‌കോയിലുള്ള ഒരു രഹസ്യ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് കെജിബിയുടെ റിപ്പോര്‍ട്ടിലുള്ളത്. ചുണ്ണാമ്പുകല്ലിന്റെ അതേ തന്മാത്രാ ഘടനയുള്ള ഒരു വസ്തുവാക്കിയാണ് സൈനികരെ അജ്ഞാത ഊര്‍ജ സ്രോതസ് മാറ്റിയത്. സിഐഎ രേഖകള്‍ 2000-ല്‍ ഡിക്ലാസിഫൈഡ് ചെയ്തിരുന്നുവെങ്കിലും, 2024-ല്‍ ഒരു പോഡ്കാസ്റ്റില്‍ ഈ വിവരം ഷെയര്‍ ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

Content Highlights: Declassified CIA document says ‘aliens’ turned 23 soldiers to stone in otherworldly encounter

dot image
To advertise here,contact us
dot image