
ഒറ്റ ദിവസം കൊണ്ട് ലോട്ടറിയടിച്ചും മറ്റുമൊക്കെ കോടീശ്വരന്മാരാകുന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഒരു പഴയ 'കടലാസിലൂ'ടെ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ഒരാളുടെ വാര്‍ത്തയാണ് പുറത്തുവരുന്നത്. വീടുകളില്‍ പഴയ, ഉപയോഗമില്ലാത്ത പേപ്പറുകളുമൊക്കെ വര്‍ഷങ്ങളായി തുറന്നുനോക്കാതെ കിടക്കുന്നുണ്ടാകുമല്ലോ. ഇത്തരത്തിലൊരു കടലാസ് കഷണമാണ് ചിലി സ്വദേശിയായ എക്‌സിക്വില്‍ ഹിനോജോസ എന്നയാളെ കോടീശ്വരനാക്കിയത്.
പത്ത് വര്‍ഷം മുമ്പ് മരിച്ച തന്റെ പിതാവ് ഇത്തരമൊരു നിധി തനിക്കായി കാത്തുവെച്ചിട്ടുണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് ഹിനോജോസ പറയുന്നത്. 1960-70 കാലഘട്ടത്തിലാണ് ഹിനോജോസയുടെ പിതാവ് 1.4 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചത്. ഈ പണം ഉപയോഗിച്ച് ഒരു വീട് വാങ്ങുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പണം നിക്ഷേപിക്കുമ്പോഴും അതിന് ശേഷവും അദ്ദേഹം ഈ പണത്തിന്റെ കാര്യം വീട്ടിലെ ആരോടും പറഞ്ഞിരുന്നില്ല.
വീട് വൃത്തിയാക്കുന്നതിനിടെയാണ് ഹിനോജോസ പിതാവിന്റെ 62 വര്‍ഷം പഴക്കമുള്ള ബാങ്ക് പാസ് ബുക്കും മറ്റ് രേഖകളും കണ്ടെത്തിയത്. ബാങ്കിലെ ബാലന്‍സ് കണ്ട് ആദ്യമൊന്ന് സന്തോഷിച്ചെങ്കിലും ഈ ബാങ്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അടച്ചുപൂട്ടിയിരുന്നുവെന്ന് മനസിലാക്കിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നാണ് ഹിനോജോസ കരുതിയത്. എന്നാല്‍ പാസ്ബുക്കിലെ 'സ്‌റ്റേറ്റ് ഗ്യാരണ്ടി' എന്ന വാക്ക് അദ്ദേഹത്തിന്റെ കണ്ണിലുടക്കി. അതായത് നിക്ഷേപിച്ച പണം തിരികെ നല്‍കാന്‍ ബാങ്ക് പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ തിരികെ നല്‍കുമെന്നതാണ് ഈ ഉറപ്പ്.
ഇതോടെ പണം തിരികെ കിട്ടുന്നതിനാവശ്യമായ നടപടികള്‍ ഹിനോജോസ ആരംഭിച്ചു. സര്‍ക്കാര്‍ ഈ അപേക്ഷ നിരസിച്ചതോടെ, തങ്ങള്‍ക്ക് അവകാശപ്പെട്ട പണം ലഭിക്കാന്‍ ഹിനോജോസയ്ക്ക് നിയമപോരാട്ടത്തിലേക്ക് കടക്കേണ്ടി വന്നു. തുടര്‍ന്ന് ബാങ്കില്‍ നിക്ഷേപിച്ച പണവും അതിന്റെ പലിശയും ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 1.2 മില്യണ്‍ ഡോളര്‍ (ഏകദേശം 10,291,200 രൂപ) ആണ് സര്‍ക്കാര്‍ ഹിനോജോസയ്ക്ക് നല്‍കേണ്ടത്.
Content Highlights: Man Finds a paper In Old Waste, Becomes Millionaire Overnight