പതിഞ്ഞ സംഗീതം, മങ്ങിയ വെളിച്ചം, അപരിചിതര്‍..കരഞ്ഞ് ആശ്വസിക്കാന്‍ ഒരിടം;ജപ്പാന്‍കാരുടെ സന്തോഷത്തിന്റെ താക്കോല്‍

കരയുന്നത് ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും, എന്നാല്‍...

dot image

റൂയികാട്‌സു..സമ്മര്‍ദം കുറയ്ക്കാനായി ജാപ്പനീസുകാര്‍ പിന്തുടരുന്ന ഒരു പുതിയ മാര്‍ഗമാണ് ഇത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ആളുകള്‍ ഒന്നിച്ചിരുന്ന് കരഞ്ഞ് സമാധാനം കണ്ടെത്തുന്നു. ദുര്‍ബലരായതുകൊണ്ടല്ല അവരൊന്നിച്ചിരുന്ന് കരയുന്നത് മറിച്ച്, സമ്മര്‍ദങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം ലഭിക്കാനും, സ്വയം നവീകരിക്കാനും വേണ്ടിയാണ്. റൂയികാട്‌സു എന്ന വാക്കിന്റെ അര്‍ഥം കണ്ണീര്‍ പ്രവര്‍ത്തനം എന്നാണ്. റൂയി എന്നാല്‍ കണ്ണീര്‍ എന്നും കാട്‌സു എന്നാല്‍ സ്വയംമെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം എന്നുമാണ് അര്‍ഥം. 2013ലാണ് ഇത്തരമൊരു ആചാരം ജപ്പാനില്‍ ആരംഭിക്കുന്നത്. ഇത് പിന്നീട് ശക്തമായ ഇമോഷണല്‍ റിലീസ് തെറാപ്പിയായി മാറുകയായിരുന്നു.

കരയുന്നത് ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ കരയുന്നത് യഥാര്‍ഥത്തില്‍ കരുത്തിന്റെ ലക്ഷണമാണ്. അത് നിങ്ങളുടെ വൈകാരിക ബുദ്ധിസാമര്‍ഥ്യത്തെയാണ് കാണിക്കുന്നത്. ശ്രദ്ധിച്ചാല്‍ അറിയാം, നന്നായൊന്ന് കരഞ്ഞു കഴിഞ്ഞാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും ഭാരം കുറഞ്ഞതുപോലെയും അല്പം സമാധാനം കൈവന്നതുപോലെയും തോന്നും.

വൈകാരികമായി എഴുതപ്പെട്ട കത്തുകള്‍, സിനിമകള്‍, ഹൃദയത്തെ സ്പര്‍ശിക്കുന്ന കഥകള്‍ തുടങ്ങി കരയുന്നതിനായി എന്ത് മാര്‍ഗവും സ്വീകരിക്കാം. മനസ്സറിഞ്ഞ് കരഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ആശ്വാസം തോന്നും. കനംകുറഞ്ഞ് തൂവല്‍ പോലെ ആയതായി അനുഭവപ്പെടും. നിങ്ങളുടെ വികാരവിസ്‌ഫോടനങ്ങള്‍ പുറത്തുവരുന്നത് ഒരുതരത്തിലും തടയാതിരിക്കുന്നതിനായി ഷെയിം-ഫ്രീ ഇടങ്ങളാണ് ഒരുക്കുന്നത്.

കരയുന്നത് സമ്മര്‍ദം കുറയ്ക്കുമെന്ന് മനഃശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. വൈകാരികമായി കരയുമ്പോള്‍ അതുവഴി സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളും പുറന്തള്ളപ്പെടുന്നുണ്ട്. ഇത് വൈകാരിക ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. നിത്യമുള്ള കരച്ചില്‍ ഉത്കണ്ഠ കുറയ്ക്കും, ഹൃദയമിടിപ്പ് കുറയ്ക്കും, ഉറക്കം മെച്ചപ്പെടുത്തും എന്ന് ജപ്പാനിലെ ടോഹോ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

കരയുന്നതിനുള്ള എല്ലാ അന്തരീക്ഷവും ഒരുക്കുന്ന ശാന്തമായ ചുറ്റുപാടുകള്‍ക്കുള്ളിലാണ് റൂയികാട്‌സു നടത്തുക. ഇതിനായി പതിഞ്ഞ ശബ്ദത്തിലുള്ള സംഗീതവും മങ്ങിയ വെളിച്ചവും നിങ്ങള്‍ക്കാവശ്യമുള്ളത്ര ടിഷ്യുവും അവര്‍ കരുതിയിരിക്കും. ചിലയിടത്ത് ടിയര്‍ തെറാപ്പിസ്റ്റുകളുടെ സേവനവും ലഭ്യമാണ്.

വീട്ടിലിരുന്ന കരയുന്നതിനേക്കാള്‍ റൂയികാട്‌സു എങ്ങനെയാണ് വ്യത്യസ്തമാകുന്നത് എന്നതിന് ഉത്തരം അതൊരു കമ്യൂണിറ്റിയാണ് എന്നുള്ളതാണ്. തികച്ചും അപരിചിതരായ ഒരുകൂട്ടം ആളുകള്‍ക്കിടയിലിരുന്നാണ് നിങ്ങള്‍ കരയുക. പരസ്പരം അറിയില്ലെന്ന് മാത്രമല്ല അവരാരും നിങ്ങളെ വിലയിരുത്തില്ല, തടസ്സപ്പെടുത്തില്ല, നിങ്ങളുടെ വികാരങ്ങളെ ചോദ്യം ചെയ്യില്ല, സംസാരിക്കുക കൂടിയില്ല. നിങ്ങളുടെ വൈകാരിക ഭാണ്ഡക്കെട്ടുകള്‍ യാതൊരു സങ്കോചവും കൂടാതെ നിങ്ങള്‍ക്കവിടെ ഇറക്കിവയ്ക്കാം. തനിച്ച് എന്നാല്‍ ഏകാന്തതയിലല്ലാതെ നിങ്ങള്‍ക്ക് കരയാനൊരിടം അതാണ് റൂയികാട്സു..

Content Highlights: The Japanese believe crying your heart out can heal stress

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us