യു എൻ വേദിയിൽ 'തിരുവന്തോര'ത്തിൻ്റെ മാസ്സ് എൻ‍ട്രി, മെൽബണിനും ദോഹക്കുമൊപ്പം അവാ‌ർഡ് നേടി

ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായാണ് ഒരു ന​ഗരം ഈ അവാർഡിന് അർഹമാകുന്നത്.

dot image

രാജ്യത്തിന് തന്നെ അഭിമാനമായി യു എൻ വേദിയിൽ അവാ‌ർഡ് നേടി നമ്മുടെ സ്വന്തം തിരുവനന്തപുരം. സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാ‌‌ർഡ് നേടിയിരിക്കുകയാണ് തലസ്ഥാന ന​ഗരമായ തിരുവനന്തപുരം. ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായാണ് ഒരു ന​ഗരം ഈ അവാർഡിന് അർഹമാകുന്നത്. യുഎൻ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേർന്നാണ് ഈ അംഗീകാരം നൽകിയത്. സുസ്ഥിരത, ഭരണം, നവീകരണം എന്നിവയിലെ മികച്ച നേട്ടങ്ങൾക്കാണ് ഈ അവാ‌ർഡ്. അഗാദിർ, മെൽബൺ, ദോഹ, ഇസ്തപാലപ എന്നിവയാണ് തിരുവന്തപുരത്തിനൊപ്പം അംഗീകരിക്കപ്പെട്ട മറ്റ് അഞ്ച് നഗരങ്ങൾ.

എന്താണ് ഷാങ്ഹായ് ഗ്ലോബൽ അവാ‌‌ർഡ് ?

യുഎൻ-ഹാബിറ്റാറ്റിൻ്റെയും ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ഒരു ​ഗ്ലോബൽ സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ഷാങ്ഹായ് ഗ്ലോബൽ അവാർഡ്. ഇത് പ്രത്യേകമായും നഗരങ്ങളെ ലക്ഷ്യമാക്കിയുള്ളതാണ്. ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും മികച്ച പുരോഗതിയും നേട്ടങ്ങളും അംഗീകരിക്കുന്നതിനാണ് ഈ അവാർഡ് സംഘടിപ്പിച്ചിട്ടുള്ളത്. ലോകത്തെ പലയിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര അന്താരാഷ്ട്ര ജൂറിയാണ് അപേക്ഷകൾ വിലയിരുത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നത്. ലോകമെമ്പാടുമുള്ള നഗരങ്ങൾക്കും മുനിസിപ്പാലിറ്റികൾക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്. നഗരങ്ങൾക്ക് അവരുടെ അനുഭവങ്ങൾ കൈമാറാനും പരസ്പരം പഠിക്കാനും നഗരങ്ങളെ അവരുടെ വികസന ലക്ഷ്യങ്ങൾ മികച്ച രീതിയിൽ കൈവരിക്കാൻ സഹായിക്കാനും ഈ അവാർഡ് പിന്തുണ നല്‍കുന്നു.

വിജയികൾക്ക് ഫലകവും ട്രോഫിയുമാണ് സമ്മാനം. വിജയിക്കുന്ന നഗരങ്ങൾക്ക് സുസ്ഥിര നഗരവികസനത്തിൽ അവരുടെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും പങ്കിടാനുള്ള അവസരം ലഭിക്കുമെന്നത് മാത്രമല്ല, വേൾഡ് അർബൻ ഫോറം, വേൾഡ് സിറ്റി ഡേ ആചരണം തുടങ്ങിയ സുപ്രധാന അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുകയും ചെയ്യും.

എന്തുകൊണ്ട് തിരുവനന്തപുരം ?

നമ്മുടെ തലസ്ഥാന ന​ഗരത്തിനെ ഈ വലിയ നേട്ടത്തിലേക്ക് എത്തിച്ചതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്, എന്താവും ഇന്ത്യയിലെ ഒരു ന​ഗരങ്ങൾക്കുമില്ലാത്ത എന്നാൽ തിരുവനന്തപുരത്തിന് മാത്രമുളള ആ പ്രത്രേകതകൾ ?

ഗുണമേന്മയുള്ള ഭവനനിർമ്മാണം, യുവാക്കളെ ശാക്തീകരിക്കൽ, നൂതന വികസനം പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധം പ്രോത്സാഹിപ്പിക്കുക, എസ്ഡിസികൾ നടപ്പിലാക്കുന്നതിൽ ആഗോളതലത്തിൽ നഗരങ്ങളുടെ നേട്ടങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ പ്രക്രിയകൾ നടത്തിയെന്നത് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം ഈ അവാർഡിന് അർഹമായിരിക്കുന്നത്.


മേൽ പറയുന്ന കാരണങ്ങൾ മാത്രമല്ല നമ്മുടെ തിരുവനന്തപുരത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ അടുത്ത് പുനർനിർമ്മാണം നടത്തിയ മാനവീയം വീഥി കൾച്ചറൽ സ്ട്രീറ്റ്, ഇലക്ട്രിക് ബസുകൾ, ഇൻ്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെൻ്റർ, സ്മാർട്ട് റോഡുകൾ, നഗര അടിസ്ഥാന സേവനങ്ങളും പ്രതിരോധ പദ്ധതികൾ, തുടങ്ങിയവയെല്ലാം അവാ‌ർഡിന് പിന്നിലെ കാരണങ്ങളായി.

മാനവീയം വീഥി

സാമൂഹിക സാംസക്കാരിക ബന്ധങ്ങൾ പരിപ്പോഷിപ്പിക്കുന്ന തലസ്ഥാനത്തിന്റെ ഏറ്റവും ചടുലമായ ഈ ഇടം ഇന്ന് സംസ്ഥാനത്തിൻ്റെ തന്നെ അഭിമാന വീഥികളിൽ ഒന്നായി മാറിയിരിക്കുകയാണ്. വൈവിധ്യമാർന്ന സാംസ്ക്കാരിക പൈതൃകം വെച്ച് പുലർത്തുന്ന മാനവീയവും തിരുവനന്തപുരത്തിന് ഈ നേട്ടം നേടി കൊടുത്തതിൽ മുന്നിൽ നിൽക്കുന്നു.

ഇലക്ട്രിക് ബസുകൾ

ന​ഗരത്തിൽ ഉടനീളമോടുന്ന ഇലക്ട്രിക്ക് ബസ്സുകളാണ് മറ്റൊരു പ്രധാന ആകർഷണം. കാർബൺ പുറം തള്ളൽ ചെറുക്കുന്നതിനാണ് പ്രധാനമായും നഗരം വൈദ്യുത ബസുകളെ അവതരിപ്പിച്ചത്. വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ പൊതുഗതാഗത സംവിധാനം കൂടിയാണപ്പോൾ ഉയർന്ന് വന്നത്. തൊഴിലില്ലാത്ത യുവാക്കൾക്കായി 115 ഇലക്ട്രിക് ബസുകളും 100 ഇ-ഓട്ടോകളും ഇതിനായി ഇറക്കിയത് സാമൂഹികമായും പാരിസ്ഥിതികമായും മികച്ച് നിന്നു.

ഇൻ്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെൻ്റർ

നഗരത്തിലെ വെല്ലുവിളികൾക്ക് മെച്ചപ്പെട്ട പരിഹാരങ്ങൾ കാണാൻ മുനിസിപ്പൽ സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിവര വിനിമയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നഗര പ്രവർത്തനങ്ങൾ, അടിയന്തര സാഹചര്യങ്ങൾ, ദുരന്ത ലഘൂകരണം എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കാൻ ഇൻ്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെൻ്റർ സഹായിച്ചു. ഇത് പൗരൻ്റെ ജീവിത നിലവാരം വർധിപ്പിക്കാനായി ന​ഗരത്തെ പ്രാപ്ത്തമാക്കി.

സ്മാർട്ട് റോഡുകൾ

എല്ലാ തെരുവിലെയും തെരുവ് വിളക്കുകളും LED സാങ്കേതികവിദ്യയിലേക്ക് മാറ്റിക്കൊണ്ട് കാൽ നട യാത്രകാർക്ക് സുരക്ഷ ഉറപ്പാക്കാൻ സ്മാർട്ട് റോഡുകൾ സഹായിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാ​ഗമായി ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി 2,000 സോളാർ തെരുവ് വിളക്കുകൾ സ്ഥാപിചിട്ടുണ്ട്.

നഗര അടിസ്ഥാന സേവനങ്ങളും പ്രതിരോധ പദ്ധതികൾ

പരിസ്ഥിതി അപകടസാധ്യതകൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ അവശ്യ സേവനങ്ങൾ മെച്ചപ്പെടുത്താനാണ് പ്രധാനമായും ഇവ ലക്ഷമിടുക. ഇവ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളിൽ നിന്ന് ആളുകൾക്ക് സംരക്ഷണം നൽകുന്നു.

ഇതോടൊപ്പം ഊർജ്ജ സംരക്ഷണത്തിനായി സോളാർ റൂഫ് ടോപ്പുകളും, ​ഗ്രീൻ പാർക്കുകൾ പൗര കേന്ദ്രീകൃത തുറസ്സായ ഇടങ്ങളുമൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ഇതോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സമ്പന്നമായ ഒരു സാംസ്കാരിക ചരിത്രവും പൈതൃകവും ഇവിടെ ഉണ്ട്. ചരിത്രം ഉറങ്ങുന്ന നിരവധി കെട്ടിടങ്ങളും ആവിഷ്ക്കാരങ്ങളും അതോടൊപ്പം തന്നെ തിരുവനന്തപുരത്തിൻ്റെ മാറ്റ് കൂട്ടുന്നു. ഇവയെല്ലാം ആ​ഗോള സുസ്ഥിര വികസനത്തിന് സംഭാവന ചെയ്യതതായി കണ്ടെത്തിയാണ് തിരുവനന്തപുരത്തെ ഈ അവാർഡിന് അർഹമാക്കിയത്.

ഈജിപ്തിലെ അലക്സാണ്ട്രിയയിൽ നടന്ന അവാർഡ് ദാന ചടങ്ങിലാണ് മേയർ ആര്യ രാജേന്ദ്രനും തിരുവനന്തപുരം സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമ്മയും ചേർന്ന് നഗരത്തിന് വേണ്ടി ബഹുമതി ഏറ്റുവാങ്ങിയത്. ഇതോടെ നമ്മൾ മലയാളികളുടെ സ്വന്തം തിരുവനന്തോരം രാജ്യത്തിന് മാത്രമല്ല ലോകത്തിന് മുന്നിൽ തന്നെ ഉദാഹരണമായി മാറുകയാണ്.

Content Highlights- Trivandrum wins award along with Melbourne and Doha on UN stage

dot image
To advertise here,contact us
dot image