ബിദാർ കോട്ടയ്ക്കുള്ളിലെ 17 സ്മാരകങ്ങൾ തങ്ങളുടെ സ്വത്തെന്ന് കർണാടക വഖഫ് ബോർഡ് കണ്ടെത്തി; റിപ്പോർട്ട്

ജില്ലാ ആസ്ഥാനമായ ബിദാറിൽ സ്ഥിതി ചെയ്യുന്ന കോട്ടയുടെ ലാൻഡ്‌മാർക്കുകളിൽ പ്രധാനപ്പെട്ടതാണ് ഈ സ്വത്തുക്കൾ

dot image

കർണാടകയിലെ ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയ്ക്കുള്ളിലെ 17 സ്മാരകങ്ങൾ തങ്ങളുടെ സ്വത്തായി കർണാടക വഖഫ് ബോർഡ് കണ്ടെത്തിയതായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ ബിദാറിൽ സ്ഥിതി ചെയ്യുന്ന കോട്ടയുടെ ലാൻഡ്‌മാർക്കുകളിൽ പ്രധാനപ്പെട്ടതാണ് ഈ സ്വത്തുക്കൾ.

ബിദർ കോട്ട വളപ്പിലെ 60 സ്വത്തുക്കളിൽ 17 വഖഫ് ബോർഡ് വഖഫ് ബോർഡിൻ്റെ വകയാണെന്ന് കണ്ടെത്തിയതായി കോട്ടയുടെ സംരക്ഷകരായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)ക്ക് അറിവില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായും ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. പ്രസിദ്ധമായ 16-'ഖാംബ' (പതിനാറ് തൂണുകൾ) പള്ളി, അഹമ്മദ് ഷാ-IV, അഹമ്മദ് ഷായുടെ ഭാര്യ, അല്ലാവുദ്ദീൻ, ഹസൻ ഖാൻ, മുഹമ്മദ് ഷാ-മൂന്നാമൻ, നിസാം, സുൽത്താൻ അഹമ്മദ് ഷാ വാലി, സുൽത്താൻ മഹമൂദ് ഷാ എന്നിവരുൾപ്പെടെയുള്ള അവരുടെ കുടുംബാംഗങ്ങൾ അടക്കം വിവിധ ബഹ്മനി ഭരണാധികാരികളുടെ 14 ശവകുടീരങ്ങളും ഇതിൽപ്പെടുന്നുണ്ട്.

എഎസ്ഐക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് വഖഫ് ബോർഡിലെ പേരുവെളിപ്പെടുത്താത്ത ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐയും റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. 'പതിറ്റാണ്ടുകളായി ചരിത്രസ്മാരകങ്ങൾ കൈവശം വെയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന എഎസ്ഐക്ക് വഖഫ് ബോർഡിന് എങ്ങനെ നോട്ടീസ് നൽകാൻ കഴിയും', എന്നായിരുന്നു ഉദ്യോഗസ്ഥൻ്റെ പ്രതികരണം. വഖഫ് ബോർഡിൻ്റെ പേരിൽ മുസ്‌ലിം സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന അനവധി അപവാദങ്ങളും തെറ്റായ വിവരങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചതായാണ് റിപ്പോർട്ട്. 'വിവാദം ആരംഭിച്ചതുമുതൽ, എല്ലാ നോട്ടീസുകളും പിൻവലിക്കാൻ ഞങ്ങൾ തീരുമാനിച്ചു, കാരണം വളരെക്കാലമായി ഒരു ഭൂമിയിൽ ഇരിക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നത് അന്യായവും നിയമവിരുദ്ധവുമാണ്' എന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിനിടെ വഖഫ് ബോർഡിൻ്റെ നടപടിയിൽ ബുദ്ധിമുട്ട് നേരിടുന്ന കർഷകരുമായി വഖഫ് (ഭേദഗതി) ബിൽ 2024 സംബന്ധിച്ച സംയുക്ത പാർലമെൻ്ററി കമ്മിറ്റി അധ്യക്ഷ ജഗദാംബിക പാൽ നവംബർ 7 ന് കൂടിക്കാഴ്ച നടത്തും. കർണാടകയിലെ ഹുബ്ബള്ളിയിലും വിജയപുരയിലുമാണ് കൂടിക്കാഴ്ച. തങ്ങളുടെ ഭൂമി തർക്കങ്ങൾ വഖഫ് ബോർഡുമായി ചർച്ച ചെയ്യാൻ വിജയപുര ജില്ലയിലെ കർഷകരെ സാക്ഷികളായി ക്ഷണിക്കണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഗദാംബിക പാൽ കർഷകരുമായി കൂടിക്കാഴ്ച നടത്തുന്നത്.

തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയെന്ന് വിജയപുര ജില്ലയിലെ ഒരു വിഭാഗം കർഷകർ നേരത്തെ പരാതിപ്പെട്ടിരുന്നു. കർഷകരുടെ കൈവശമുള്ള ഭൂമികൾ ഒഴിപ്പിക്കില്ലെന്നും അവർക്ക് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും നേരത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.

Content Highlights: Karnataka Waqf Board identifies 17 monuments inside historic Bidar Fort as its property

dot image
To advertise here,contact us
dot image