എറണാകുളം ജില്ലയിൽ വൈപ്പിനോട് ചേർന്ന് മുനമ്പം വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. മൽസ്യബന്ധനം മുഖ്യ തൊഴിലായിട്ടുള്ള ഇവിടുത്തെ മനുഷ്യർ നേരിടുന്നത് കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ പ്രശ്നമാണ്. ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനങ്ങൾക്കെതിരെ തങ്ങളുടെ ഏക ഉപജീവന മാർഗമായ മൽസ്യ ബന്ധനവും മാറ്റിവെച്ച് സമരം ചെയ്യുകയാണ് ഇവിടെ അറുന്നൂറോളം കുടുംബങ്ങൾ. മുനമ്പം നിവാസികൾ താമസിക്കുന്ന സ്ഥലം വഖഫ് ബോര്‍ഡിന്‍റേതാണെന്ന് അവകാശവാദമുയര്‍ന്നതിനെച്ചൊല്ലിയുള്ള പ്രശ്നത്തെ തുടർന്ന് അറുന്നൂറോളം കുടുംബങ്ങൾ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലാണ്. ഈ പ്രശ്നത്തെ കുറിച്ച് റിപ്പോർട്ടർ ലൈവിനോട് പ്രതികരിക്കുകയാണ് സ്ഥലം എം എൽ എ ആയ കെ എൻ ഉണ്ണികൃഷ്‍ണന്‍.
മുനമ്പം നിവാസികൾ വലിയൊരു പ്രതിസന്ധിയിലൂടെ ആണല്ലോ കടന്നു പോകുന്നത്. കരം അടക്കാൻ പോലും സാധിക്കാതെ വരുന്നു, വിവാഹം നടത്താനായി വായ്പ ലഭിക്കാതെ വരുന്നു, പഠനം മുടങ്ങി പോയെന്ന പരാധികൾ ഉയരുന്നു ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും, 23-ാം ദിനത്തിലേക്ക് സമരം കടക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഒരു തീരുമാനം എടുക്കാൻ ഇത്ര കാലതാമസം എടുക്കുന്നത്?
സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ല. 2022- ലാണ് വഖഫ് ബോർഡിൻറെ അവകാശ വാദവുമായി സർക്കാരിനെ ഇവർ സമീപിക്കുന്നത്. അവിടെ വഖഫ് ബോര്‍ഡിന്‍റേതെന്ന് പറയപ്പെടുന്ന പ്രദേശത്തു 600 ഓളം ആളുകൾ താമസിക്കുന്നുണ്ട്. താമസക്കാർ കരം അടക്കാൻ ചെന്നപ്പോൾ മുതലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ആ സമയം തന്നെ ജനപ്രതിനിധി എന്ന നിലയിൽ ഞാനതിൽ ഇടപെടുന്നുണ്ട്. കരം അടക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനവും അന്ന് സർക്കാർ കൈക്കൊണ്ടതാണ്. എന്നാൽ രണ്ട് വ്യക്തികൾ അന്ന് ആ തീരുമാനത്തിന് എതിരായി കോടതിയെ സമീപിച്ചതുകൊണ്ടാണ് കരം അടക്കുന്ന തീരുമാനത്തിൽ സ്റ്റേ വന്നത്. ഇത് വഖഫ് ബോർഡിൻറെ ഭൂമിയാണെന്നും വഖഫ് ഭൂമികൾ അന്യാധീനപെട്ട് പോവരുതെന്നും, സ്വകാര്യ വ്യക്തികൾ കൈയ്യേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും പറഞ്ഞാണ് അടിസ്ഥാനമില്ലാത്ത ആക്ഷേപം ഉന്നയിച്ച് അന്നവർ കോടതിയെ സമീപിച്ചത്. കോടതി ആ കാര്യത്തിൽ ഇപ്പഴും തീരുമാനം എടുത്തിട്ടിലല്ലോ. അപ്പോൾ ഇതിനെ തുടർന്നാണ് അന്ന് അത് സംഭവിച്ചത്. അന്ന് കരം എടുക്കാനുള്ള തീരുമാനം എടുത്തിരുന്നല്ലോ സർക്കാർ.
ഭേദഗതികൾ പ്രകാരം, ഒരു ഭൂമി "വഖഫ് ' എന്ന് സ്ഥാപിക്കണമെങ്കിൽ 3 വർഷത്തിനുള്ളിൽ ക്ലെയിം ചെയ്യണമെന്നുണ്ട്. എന്നാൽ 2019ലാണ് മുനമ്പം നിവാസികളുടെ ഭൂമി "വഖഫ് ' ആണെന്നുള്ള അവകാശം വഖഫ് ബോർഡ് ഉയർത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വഖഫ് ബോർഡിൻറെ ഈ കാലതാമസം മുനമ്പം ഭൂമി വഖഫ് ആണെന്ന വാദത്തെ അസാധുവാക്കുകയല്ലേ ?
ഈ വഖഫ് ഭൂമികൾ അന്യാധീനപ്പെട്ട് പോവുന്നതിന് എതിരായി 2005, 2006 2007 കാലത്ത് ഉയർന്ന് വന്ന ആക്ഷേപങ്ങളെ തുടർന്നാണല്ലോ നിസാർ കമ്മീഷനെ നിയോഗിക്കുന്നത്. നിസാർ കമ്മീഷൻ്റെ റിപ്പോർട്ട് വരുന്നത് 2009-ലാണ്. ആ റിപ്പോർട്ട് അന്നത്തെ ഗവണ്മെൻ്റ് അംഗീകരിക്കുകയുണ്ടായി. ആ റിപ്പോർട്ടിൻ്റെ മറ പിടിച്ചാണ് വഖഫ് ബോർഡ് ഇത് സ്വായത്തമാക്കുന്നത്. ബോർഡ് സ്വമേധയാ ആണ് ഇത് അവരുടെ രജിസ്റ്ററില്‍ ഉൾപ്പെടുത്തിയത്.
ഈ വിഷയത്തിനിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവരുണ്ട് അല്ലെങ്കിൽ അതുണ്ടാകാനുള്ള സാധ്യതകളുണ്ട് ആ പ്രതിസന്ധിയെ എങ്ങനെ മറികടക്കും ? അതാണോ ഈ കാലതാമസത്തിന് കാരണം ?
മതസ്പര്‍ദ്ധ വളർത്താനും അവിടെ വിഭാഗീയത വളർത്താനും ചില കക്ഷികൾ ശ്രമിക്കുന്നുണ്ട്. പക്ഷേ അത് അനുവദിക്കുന്നതല്ല. അതിൽ തീർച്ചയായും ഇടപെടും. ഇപ്പോൾ നിലവിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടെന്ന് പറയാൻ കഴിയില്ല. അതിന് വേണ്ടി ചില ആളുകൾ ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് ഒരു ന്യൂനപക്ഷ വിരുദ്ധ വികാരം ഉണ്ടാകുന്നതിന് വേണ്ടി ചില തൽപരകക്ഷികൾ ശ്രമിക്കുന്നതായി കാണാം. പക്ഷേ അതിനെയെല്ലാം സർക്കാർ വളരെ സമയോചിതമായി നേരിടുന്നതായി കാണാം. ഇപ്പോഴത്തെ ഗവൺമെൻ്റ് എട്ട് വർഷമായി തുടരുകയല്ലേ, ഒരു വർഗീയ കലാപമോ മതസപർദ്ധയോ ഉണ്ടായിട്ടിലല്ലോ. അതുകൊണ്ട് തന്നെ സമാധാനം കൈവരിക്കാനായുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും. ജനപ്രതിനിധിയെന്ന നിലയിൽ ഞാനും അതിന് വേണ്ടത് ചെയ്യും.
മുനമ്പം വിഷയത്തിൽ ഇനിയെന്താണ് സംസ്ഥാന സർക്കാരിന്റെ സമീപനം ?
കേന്ദ്ര സർക്കാരിന് മാത്രമേ ഇത് പരിഹരിക്കാൻ സാധിക്കുകയുള്ളു, അത്കൊണ്ടാണ് മുഖ്യമന്ത്രി ഈ കാര്യത്തിൽ 16 ആം തീയതി ബന്ധപ്പെട്ട മൂന്ന് മന്ത്രിമാരുമായി ചേർന്ന് ഉന്നതതല യോഗം വിളിച്ചിട്ടുള്ളത്. ഇതിൽ വഖഫ് ബോർഡിൻ്റെ നിലപാട് സമവായം ഉണ്ടാക്കുന്നതിൽ പ്രധാനപ്പെട്ട നിലപാടാണ്. അങ്ങനെയൊരു നിലപാടിലേക്ക് അവർക്കും എത്താൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. കാരണം മുസ്ലിം സംഘടനകളെല്ലാം പൊതുവെ അവിടെ താമസിക്കുന്നവരോട് അനുകൂലമായൊരു നിലപാട് പരസ്യമായി പ്രഖാപ്പിച്ചു കഴിഞ്ഞല്ലോ. പക്ഷേ അതുകൊണ്ട് മാത്രം മതിയാകില്ല. വഖഫ് ബോർഡും അത് പോലെ വരേണ്ടതുണ്ട്. നിസ്സാർ കമ്മീഷൻ്റെ ഭാഗമായി അന്നിറങ്ങിയ ഒരു ഉത്തരവ്, ആ ഉത്തരവിൻ്റെ മറവിലാണ് ഇത് കൈവശം വെച്ചിട്ടുള്ളതെങ്കിൽ ഗവണ്മെൻ്റ ആ ഓർഡർ റദ്ദ് ചെയേണ്ടതുണ്ട്. അതുപോലെയുള്ള നിയമ പ്രശ്നങ്ങൾ തീർച്ചയായും പരിഹരിക്കാൻ സർക്കാർ ആണ് മുൻകൈ എടുക്കേണ്ടത്. സർക്കാർ അത് എടുക്കും. നിസ്സാർ കമ്മീഷൻ്റെ അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ അത് ഈ കാര്യത്തിൽ തടസ്സമാകുന്നുണ്ടെങ്കിൽ തീർച്ചയായും പുതിയ അന്വേഷണമാകാമല്ലോ. സർക്കാർ ആ നിലയിൽ ആലോചിക്കുമെന്നാണ് ഞാൻ കരുതുന്നത്.
Content Highlights: Vypin MLA K N Unnikrishnans rection to munambam waqf board land dispute