കളറാകും, പരിസ്ഥിതി സൗഹൃദവും; ഹൈഡ്രജൻ പവർ ട്രെയിൻ ഒരുക്കി ഇന്ത്യൻ റെയിൽവെ

2030-ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന ഇന്ത്യൻ റെയിൽവെയെ സംബന്ധിച്ച് ഈ നേട്ടം ഏറെ ശ്രദ്ധേയമാണ്

dot image

പരിസ്ഥിതി സൗഹൃദ യാത്രയെന്ന പുതിയകാല കാഴ്ചപ്പാടിലേയ്ക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങി ഇൻഡ്യൻ റെയിൽവെ. 2024 ഡിസംബറിൽ ഇന്ത്യ തങ്ങളുടെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഡീസലോ വൈദ്യുതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന ട്രെയിൻ എന്നത് ഇന്ത്യയെ സംബന്ധിച്ച് പുതുമയാണ്. അതിനാൽ തന്നെ ഹൈഡ്രജൻ-പവർ ട്രെയിൻ എന്നത് ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നാഴികക്കല്ലാണ്. 2030-ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുന്ന ഇന്ത്യൻ റെയിൽവെയെ സംബന്ധിച്ച് ഈ നേട്ടം ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ സംബന്ധിച്ച് വിപ്ലവകരമാണ് ഹൈഡ്രജൻ റെയിൽവെ.

ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഈ ട്രെയിൻ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ജലമാണ് പ്രാഥമിക വിഭവമായി ഉപയോഗിക്കുന്നത്. പരമ്പരാഗത ഡീസൽ അല്ലെങ്കിൽ ഇലക്ട്രിക് എഞ്ചിനുകളിൽ നിന്ന് വ്യത്യസ്തമായി ട്രെയിൻ്റെ എഞ്ചിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഹൈഡ്രജൻ ഇന്ധന സെല്ലുകളാണ് പുതിയ ട്രെയിനിൽ ഉപയോഗിക്കുക. ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഓക്സിജനുമായി സംയോജിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇതിൻ്റെ ഉപോൽപ്പന്നം നീരാവിയും വെള്ളവും മാത്രമാണ്. ഇത് കാർബൺ ബഹിർഗമനം പൂജ്യം ശതമാനമാക്കുന്നു. ഇത്തരത്തിൽ ക്ലീൻ എനർജിയെന്ന നിലയിൽ ഹൈഡ്രജൻ ട്രെയിൻ മാറുമെന്നും ഇത് ഭാവിയിൽ വ്യാപകമാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്തുകൊണ്ട് ഹൈഡ്രജൻ?

കാർബൺ ബഹിർഗമനമില്ലാത്ത ട്രെയിൻ യാത്ര എന്ന ഇൻഡ്യൻ റെയിൽവെയുടെ ലക്ഷ്യമാണ് ഹൈഡ്രജൻ ട്രെയിൻ എന്ന ആശയത്തിൻ്റെ അടിസ്ഥാനം. ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിക്കുന്നതിലൂടെ കാർബൺ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, കണികാ പദാർത്ഥങ്ങൾ എന്നിവ പുറത്തുവിടുന്നത് ഇല്ലാതാകും. വായു മലനീകരണത്തിന് പുറമെ ശബ്ദ മലിനീകരണത്തിനും ഹൈഡ്രജൻ ട്രെയിൻ ഒരു ബദലാകുമെന്നാണ് കരുതപ്പെടുന്നത്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ ഡീസൽ എഞ്ചിനുകളേക്കാൾ 60 ശതമാനം കുറവ് ശബ്ദം മാത്രമാണ് പുറപ്പെടുവിക്കുന്നത്. രാജ്യവ്യാപകമായി 35 ഹൈഡ്രജൻ ട്രെയിനുകൾ പുറത്തിറക്കാനാണ് നിലവിൽ ഇന്ത്യൻ റെയിൽവെ പദ്ധതിയിടുന്നത്.

ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിൽ 90 കിലോമീറ്റർ ദൂരത്തിലാണ് ഹൈഡ്രജൻ ട്രെയിനിൻ്റെ ട്രയൽ റൺ നടക്കുന്നത്. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക്ക-ഷിംല റെയിൽവേ തുടങ്ങിയ പൈതൃക പർവത തീവണ്ടിപ്പാതകളും ഇന്ത്യയിലെ പ്രകൃതിരമണീയവും വിദൂരവുമായ പ്രദേശങ്ങളിലുള്ള മറ്റു റൂട്ടുകളും ഭാവിയിലെ ഹൈഡ്രജൻ ട്രെയിൻ റൂട്ടുകളായി പരിഗണനയിലുണ്ട്. യാത്രക്കാർക്ക് വേഗമേറിയതും സുസ്ഥിരവും സുഖപ്രദവുമായ യാത്രയാണ് ഹൈഡ്രജൻ ട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നത്. ഈ ട്രെയിന് മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ട്രെയിനുകളിൽ സജ്ജീകരിച്ചിരിക്കുന്ന ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഓക്സിജനുമായുള്ള രാസപ്രവർത്തനത്തിലൂടെ ഹൈഡ്രജൻ വാതകത്തെ വൈദ്യുതിയാക്കി മാറ്റുന്നു. ഇതിൻ്റെ ഉപോൽപ്പന്നങ്ങൾ വെള്ളവും നീരാവിയുമാണ്. ട്രെയിനിന് ആവശ്യമായ ഉർജ്ജോത്പാദനത്തിനായി ഓരോ മണിക്കൂറിലും ഏകദേശം 40,000 ലിറ്റർ വെള്ളം വേണ്ടിവരും. ഇതിനായി പ്രത്യേക ജലസംഭരണ ​​സൗകര്യങ്ങൾ നിർമ്മിക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.

80 കോടി രൂപ ചെലവിലാണ് ഓരോ ഹൈഡ്രജൻ ട്രെയിനും നിർമ്മിക്കുന്നത്. പുതിയ ട്രെയിനിൻ്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി ഹൈഡ്രജൻ സംഭരണ ​​സൗകര്യങ്ങളും സമർപ്പിത ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകളും അടക്കം വിപുലമായ ഇന്‍ഫ്രാസ്‌ട്രെക്ച്ചർ അപ്‌ഡേറ്റുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ട്രയൽ റണ്ണുകൾക്ക് ശേഷം, ഇന്ത്യൻ റെയിൽവേ അതിൻ്റെ ഹൈഡ്രജൻ ട്രെയിൻ സർവീസുകൾ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 35 ഹൈഡ്രജൻ ട്രെയിനുകൾ 2025 ഓടെ വിവിധ റൂട്ടുകളിൽ ഓടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഈ ട്രെയിനുകൾ പരമ്പരാഗത ഡീസൽ ട്രെയിനുകളോട് താരതമ്യപ്പെടുത്താവുന്ന വേഗതയോടും യാത്രസൗകര്യങ്ങളോടും കൂടിയതാണ്.

Content Highlights: India's first hydrogen train set to be launched in December

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us