വാഹനപ്പെരുപ്പം വർദ്ധിച്ചതോടെ ഗതാഗത കുരുക്ക് ലോകത്ത് പല രാജ്യങ്ങൾക്കും തലവേദനയാണ്. ഇതിൽ ഏഷ്യൻ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളാണ് ഗതാഗത കുരുക്കിൻ്റെ കാര്യത്തിൽ മുന്നിൽ. പലപ്പോഴും ഗതാഗതക്കുരുക്കിൽ പെട്ട് അനാവശ്യമായി സമയം പാഴാവുന്നതും ദീർഘനേരം ഗതാഗതക്കുരുക്കിൽ പെട്ട് വലയുന്നതും ആളുകളെ നിരാശരാക്കാറുണ്ട്. പല നഗരങ്ങളിലും ഇത് നിത്യസംഭവവുമാണ്.
ഇപ്പോൾ 55 രാജ്യങ്ങളിലെ 387 നഗരങ്ങളിലെ 2023ലെ ട്രാഫിക് ട്രെൻഡുകളുടെ വാർഷിക ഡാറ്റ പങ്കുവെച്ചിരിക്കുകയാണ് ടോംടോം ട്രാഫിക് സൂചിക. മിക്ക നഗരങ്ങളിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഗതാഗത വേഗത കുറഞ്ഞതായാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ ലോകത്തെ 82 നഗരങ്ങളിൽ ഗതാഗത വേഗതയ്ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് യാതൊരു മാറ്റവുമില്ല. 2024ലെ ഏറ്റവും മോശം ഗതാഗത വേഗതയുള്ള നഗരങ്ങളുടെ പട്ടിക പരിശോധിച്ചാൽ അതിൽ ആദ്യത്തെ പത്ത് സ്ഥാനത്തും ഏഷ്യൻ നഗരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്.
ഇതിൽ തന്നെ ബെംഗളൂരുവാണ് ലോകത്തെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് മറ്റൊരു ഇന്ത്യൻ നഗരമായ പൂനെയാണ് ഇടം പിടിച്ചിരിക്കുന്നത്. ഫിലിപ്പൈൻസിൻ്റെ തലസ്ഥാനമായ മനിലയാണ് മൂന്നാമത്. തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം 132 മണിക്കൂറാണ് ബെംഗളൂരുവിഷ നഷ്ടപ്പെടുന്നതെന്നാണ് കണക്ക്. പത്ത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ബെംഗളൂരുവിൽ വേണ്ടിവരിക 28 മിനിട്ടും 01 സെക്കൻ്റുമാണ്. പൂനെയിൽ തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം നഷ്ടമാകുന്നത് 128 മണിക്കൂറാണ്. ഇവിടെ പത്ത് കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടി വരുന്നത് 27 മിനിട്ടും 50 സെക്കൻ്റുമാണ്. മനിലയിൽ തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം 105 മണിക്കൂറാണ് നഷ്ടമാകുന്നത്. ഫിലിപ്പൈൻസ് തലസ്ഥാനത്ത് 10 കിലോമീറ്റർ ദൂരം പിന്നിടാൻ വേണ്ടി വരുന്നത് 27 മിനിട്ടും 20 സെക്കൻ്റുമാണ്. ജപ്പാൻ തലസ്ഥാനമായ ടോക്യോയും ഈ പട്ടികയിലെ ആദ്യപത്തിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ടാമതാണ് ടോക്യോയുടെ സ്ഥാനം. തിരക്കുള്ള സമയങ്ങളിൽ ഇവിടെ പ്രതിവർഷം നഷ്ടമാകുന്നത് 76 മണിക്കൂറാണ്. ടോക്യോയിൽ പത്ത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വേണ്ടത് 23 മിനിറ്റും 40 സെക്കൻ്റുമാണ്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയും പട്ടികയിലുണ്ട്. ഒമ്പതാം സ്ഥാനത്താണ് ജക്കാർത്ത. തിരക്കുള്ള സമയങ്ങളിൽ പ്രതിവർഷം ഇവിടെ നഷ്ടമാകുന്നത് 117 മണിക്കൂറാണ്. ഇവിടെ പത്ത് കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വേണ്ടത് 23 മിനിറ്റും20 സെക്കൻ്റുമാണ്.
Content Highlights: top-10 cities with the worst traffic in the world 2024