ലോകത്തെ ജനപ്രിയ സ്വർണ വിൽപ്പന കേന്ദ്രങ്ങളിൽ നിന്നം സ്വർണം വാങ്ങുന്നതിലും വിലക്കുറവിൽ ഇപ്പോൾ ഇന്ത്യയിൽ നിന്നും സ്വർണം വാങ്ങാം. യുഎഇ, ഖത്തർ, ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഇപ്പോൾ സ്വർണവില കുറഞ്ഞിരിക്കുകയാണ്.
നവംബർ 16ന് ഇന്ത്യയിൽ 24 കാരറ്റ് സ്വണ്ണത്തിൻ്റെ വില 10 ഗ്രാമിന് 75,650 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 110 രൂപയാണ് കുറഞ്ഞത്. 22 കാരറ്റ് 10 ഗ്രാം സ്വർണത്തിൻ്റെ വില 69,350 രൂപയായും ഇന്ത്യയിൽ കുറഞ്ഞിരുന്നു. 18 കാരറ്റ് 10 ഗ്രാം സ്വർണത്തിന് ഇപ്പോൾ 56,740 രൂപയായി ഇടിന്സ്ഥി രേഖപ്പെടുത്തിയിരിക്കുകയാണ്. ഒമാനിൽ സ്വർണം കുത്തനെ ഉയർന്ന് 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 75,763 രൂപയായാണ് മാറിയിരിക്കുന്നത്. ഖത്തറിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിൻ്റെ നിരക്ക് 76,293 രൂപയായും ഉയർന്നിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സ്വർണ വിലയുടെ കുതിച്ച് ചാട്ടത്തിന് ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേൽ-ഹമാസ്-ഹിസ്ബുള്ള സംഘർഷങ്ങളും ഇസ്രയേൽ ഇറാൻ ഏറ്റുമുട്ടൽ സാഹചര്യവും പ്രദേശത്ത് അസ്ഥിരത സൃഷ്ടിച്ചിട്ടുണ്ട്. ഇത് ഈ മേഖലയിൽ സ്വർണത്തിൻ്റെ ഡിമാൻ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. സംഘർഷ സമയത്ത് സുരക്ഷിത നിക്ഷേപമായി ഈ പ്രദേശത്ത് സ്വർണം മാറുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ആഴ്‌ച ഇടിവാണ് ആഗോള തലത്തിൽ സ്വർണ്ണ വിലയിൽ ഉണ്ടായിരിക്കുന്നത്, യുഎസിൽ സ്പോട്ട് വിലകൾ 4.5 ശതമാനമാണ് ഇടിഞ്ഞത്. ഒക്ടോബറിൽ വില റെക്കോർഡ് നിരക്കിലേയ്ക്ക് ഉയർന്നതിന് ശേഷമാണ് ആഗോള സ്വർണ്ണ വിലയിൽ ഇടിവുണ്ടായത്. പിന്നീട് 7 ശതമാനം വരെയാണ് സ്വർണ വില കുറഞ്ഞത്.
Content Highlights: Gold in India now cheaper than UAE, Qatar, Oman, and Singapore