രണ്ട് സഹസ്രാബ്ദങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്‍മതില്‍. ചരിത്രത്തിന്റെ ഏടുകളില്‍ രേഖപ്പെടുത്തിയ ഈ അത്ഭുതം ഏതാണ്ട് 20,000 കിലോമീറ്ററിലധികമാണ് വ്യാപിച്ചു കിടക്കുന്നത്. 2, 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണികഴിപ്പിച്ച വന്‍മതില്‍ മരുഭൂമികളിലും പുല്‍മേടുകളിലും പര്‍വ്വതങ്ങളിലുമെല്ലാം വ്യാപിച്ച് കിടക്കുന്നു. ഈ വന്‍മതിലിന് പറയാനുള്ളത് നൂറ്റാണ്ടുകളുടെ ചരിത്രമാണ്. ഇപ്പോഴും ചൈനയിലെ സാംസ്‌കാരിക ചിഹ്നമായി വന്‍മതില്‍ നിലകൊളളുകയാണ്. പല കാലഘട്ടങ്ങളായി ചൈന പല ഭരണാധികാരികള്‍ മാറിമാറി ഭരിച്ചപ്പോഴും അവര്‍ ഈ മതില്‍ പുതുക്കി പണിതുകൊണ്ടിരുന്നു. ഇന്നും വന്‍മതില്‍ തലയെടുപ്പോടെ നില്‍ക്കുന്നതിന് പിന്നിലെ കാരണം റാംഡ് എര്‍ത്ത് എന്ന സാങ്കേതിക വിദ്യയാണ്. ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന ക്വിന്‍ ഷി ഹുവാങ് ആണ് തുടക്കകാലത്ത് ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. മണ്ണ്, ചരല്‍, കുമ്മായം തുടങ്ങിയ പ്രകൃതിദത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് അടിത്തറയും നിലകളും മതിലുകളും നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണ് റാംഡ് എര്‍ത്ത് . മണ്ണുകൊണ്ടുളള ഭിത്തികള്‍ക്ക് വളരെ കുറഞ്ഞ അറ്റകുറ്റപ്പണികള്‍ മതി. ഒരിക്കല്‍ നിര്‍മ്മിച്ചുകഴിഞ്ഞാല്‍ 10 മുതല്‍ 20 വര്‍ഷക്കാലത്തേക്ക് അവയ്ക്ക് കൂടുതല്‍ ശ്രദ്ധയുടെ ആവശ്യമില്ല.
ബിസി മൂന്നാം നൂറ്റാണ്ട് മുതല്‍ എഡി 17ാം നൂറ്റാണ്ട് വരെയുള്ള കാലത്തിനിടയിലാണ് മതില്‍ നിര്‍മ്മിച്ചത്. അയല്‍രാജ്യങ്ങളില്‍ നിന്നും വടക്കന്‍ പ്രദേശത്തുളള നാടോടി ആക്രമണകാരികളില്‍നിന്നും തങ്ങളുടെ രാജ്യം സംരക്ഷിക്കന്നതിനായി വിവിധ ചൈനീസ് ഭരണാധികാരികൾ സഹസ്രാബ്ദങ്ങളെടുത്ത് നിർമ്മിച്ചതാണ് വന്‍മതിലുകള്‍.
മണ്ണും ചരലും ഉപയോഗിച്ചാണ് ആദ്യകാലത്ത് മതിലുകള്‍ നിര്‍മ്മിക്കപ്പെട്ടത്. ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന ക്വിന്‍ ഷി ഹുവാങ് 221 ബി.സിയില്‍ ആദ്യത്തെ ഏകീകൃത ചൈനീസ് സാമ്രാജ്യം സ്ഥാപിക്കുന്നതിനായി ഏഴ് രാജ്യങ്ങളെ ഒരുമിപ്പിച്ചു. ഈ ഐക്യത്തിന്റെ പ്രതീകമായി ഏഴ് രാജ്യങ്ങള്‍ സൃഷ്ടിച്ച നിലവിലുള്ള മതിലുകളെ ഒന്നായി കൂട്ടിചേര്‍ക്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. റാംഡ് എര്‍ത്ത് എന്ന നിര്‍മ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആദ്യം മതില്‍ നിര്‍മ്മിക്കുന്നത്.
പിന്നീട് പല ചക്രവര്‍ത്തിമാര്‍ വന്നുപോയി. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടില്‍ എങ്ങനെയാണ് മതില്‍ പുതിക്കി പണിയേണ്ടത് എന്ന ഐഡിയകള്‍ തയ്യാറാക്കുകയും ചെയ്തു. കാലക്രമേണ മതില്‍ നീട്ടി പണിതുതുടങ്ങി. ചില സ്ഥലങ്ങള്‍ ഇഷ്ടികകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു.മറ്റ് ചില സ്ഥലങ്ങള്‍ ഖനനം ചെയ്ത ഗ്രാനൈറ്റ് അല്ലെങ്കില്‍ മാര്‍ബിള്‍ കട്ടകള്‍ ഉപയോഗിച്ചു. റാംഡ് എര്‍ത്ത് എന്ന നിര്‍മ്മാണ സാങ്കേതികതയിലൂടെ മതില്‍ ഇടയ്ക്കിടെ നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു.
ബിസി206-എഡി206 വരെയുള്ള ഹാന്‍ രാജവംശത്തിന്റെ കാലത്താണ് മതില്‍ നീട്ടാന്‍ തുടങ്ങിയത്. ഈ കാലഘട്ടത്തിലാണ് കല്ലും ഇഷടികയും ഉപയോഗിച്ച് കോട്ടകള്‍ പോലെയുള്ള രൂപം മതിലിന് വരുന്നത്. 1368 എത്തിയപ്പോഴേക്കും മിങ് രാജവംശത്തിന്റെ സ്ഥാപകനായ ഷു യുവാന്‍ഷാങ് സെറാമിക് പെയിന്റിംഗ് മതിലുകളില്‍ ഉപയോഗിച്ചു. വാച്ച് ടവറുകളും പ്ലാറ്റ്‌ഫോമുകളും മതിലില്‍ ചേര്‍ത്തു.
ഓരോ തവണ ശത്രുക്കളുടെ അക്രമണമുണ്ടാകുമ്പോഴും മതിലുകള്‍ ആക്രമിക്കപ്പെട്ടു. അവ നശിപ്പിക്കപ്പെട്ടു. അപ്പോഴൊക്കെ അവ വേഗത്തില്‍ നന്നാക്കി.
പിന്നീട് കാലങ്ങള്‍ കടന്നുപോയപ്പോള്‍ ആളുകള്‍ ഇത് നടക്കാന്‍ ഉപയോഗിച്ചു തുടങ്ങി. പതിയെ സില്‍ക്ക് റൂട്ടിൻ്റെ സഞ്ചാരവഴിയായി ഈ മതിലുകൾ മാറി. സാംസ്‌കാരിക വിനിമയത്തിനും വാണിജ്യത്തിനുമുള്ള കവാടമായി ഈ മതിലുകള്‍ പ്രവര്‍ത്തിച്ചു. ഇന്ന് ഈ വന്‍മതില്‍ ചൈനയുടെ ശക്തമായ സാംസ്‌കാരിക ചിഹ്നമായി നിലകൊള്ളുന്നു.
Content Highlights : The story of the 20,000 km long Great Wall of China