എല്ലാവരുടെയും ബക്കറ്റ് ലിസ്റ്റിൽ ഉള്ള ഒരു പ്രധാന കാര്യമായിരിക്കും യൂറോപ്പ് രാജ്യങ്ങൾ സന്ദർശിക്കുക എന്നുള്ളത്. എന്നാൽ പലപ്പോഴും അവിടേക്ക് ഉള്ള വിസ കിട്ടുക എന്നത് വലിയൊരു ജോലി തന്നെയായിരിക്കും. എന്നാൽ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം പറയട്ടെ…ഇനി വിസ ഇല്ലാതെ താമസിക്കാനും ജോലി ചെയ്യാനും പറ്റിയ ഒരു സ്ഥലമുണ്ട് യൂറോപ്പിൽ. കേൾക്കുമ്പോൾ കുറച്ച് അത്ഭുതമായി തോന്നുമെങ്കിൽ സംഭവം സത്യമാണ്. ഇനി ഏതാ ആ സ്ഥലമെന്ന് അറിയണ്ടേ.
സ്വാൽബാർഡ്, ആർട്ടിക് സർക്കിളിന് വളരെ മുകളിലായി സ്ഥിതി ചെയ്യുന്ന അതിശയകരമായ ഒരു ദ്വീപസമൂഹം. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും മഞ്ഞുമൂടി കിടക്കുന്ന ഒരു സ്ഥലം. 1920-ലെ സ്വാൽബാർഡ് ഉടമ്പടി പ്രകാരം, ഏത് രാജ്യത്തുനിന്നും ആളുകൾക്ക് വിസയുടെയോ റസിഡൻസ് പെർമിറ്റിൻ്റെയോ ആവശ്യമില്ലാതെ ദ്വീപസമൂഹത്തിൽ താമസിക്കാനും ജോലിചെയ്യാനും സാധിക്കും. ഈ ഓപ്പൺ-ഡോർ സമീപനമാണ് സ്വാൽബാർഡിനെ സഞ്ചാരികളിലേക്ക് ആകർഷിക്കുന്നതും. ഇവിടേക്കുള്ള ഇമിഗ്രേഷൻ നടപടിക്രമങ്ങളെല്ലാം വളരെ എളുപ്പമാണ്.
എന്നാൽ ഭൂരിഭാഗം ദിവസങ്ങളിലും മഞ്ഞുമൂടി കിടക്കുന്നതുകൊണ്ട് തന്നെ ദ്വീപിൽ താമസിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ഇവിടെ താപനില -20 ഡിഗ്രി സെൽഷ്യസിനു താഴെയാണ്. ദീർഘനാളുകൾ ഇരുട്ടായിരിക്കും ദ്വീപിൽ അനുഭവപ്പെടുക. എന്നാൽ വേനൽക്കാലം ആകുന്നതോടെ താമസക്കാർക്ക് 24 മണിക്കൂറും പകൽ വെളിച്ചം അനുഭവിക്കാൻ സാധിക്കും. താമസക്കാര്‍ കുറവായത് കൊണ്ട് തന്നെ പലപ്പോഴും ഇവിടെ എത്തിയാൽ ഒറ്റപ്പെടൽ അനുഭവപ്പെടും.
സ്വാൽബാർഡിൽ ദീർഘനാളുകൾ താമസിക്കാൻ താത്പര്യമുള്ളവർ തീർച്ചയായും ആരോഗ്യ ഇൻഷുറൻസ് എടുത്തിരിക്കണം. ഇവിടെ അടിയന്തര വൈദ്യസഹായം ലഭ്യമാണെങ്കിലും താമസക്കാർ തന്നെ അതിൻ്റെ ചെലവ് വഹിക്കേണ്ടതുണ്ട്. സ്വാൽബാർഡിലേക്ക് ആളുകളെ ആകർഷിക്കാനുള്ള പ്രധാന കാരണം നോർത്തേൺ ലൈറ്റുകൾ കാണാൻ സാധിക്കും എന്നുള്ളതുകൊണ്ടാണ്. രാത്രി വെളിച്ചത്തിൽ നോർത്തേൺ ലൈറ്റുകളുടെ മനോഹരമായ കാഴ്ച്ചയാണ് ഇവിടുത്തെ പ്രധാനഹൈലൈറ്റും. വൈകുന്നേരം 6 മണിക്കും അർദ്ധരാത്രിക്കും ഇടയിലും പുലർച്ചെ 4നും രാവിലെ 8നുമിടയിലുമാണ് നോർത്തേൺ ലൈറ്റുകൾ കാണാനുള്ള ഏറ്റവും മികച്ച സമയം.
Content Highlight: Svalbard is a stunning archipelago, nestled far above the Arctic Circle. This is the place where snow blankets the landscape for most part of the year.