ഒരു കാലത്ത് ആധുനികവല്‍ക്കരണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും പേര് കേട്ട രാജ്യമാണ് ദക്ഷിണ കൊറിയ. ഈ രാജ്യമിപ്പോള്‍ ജനസംഖ്യാ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയാണെന്നാണ് റിപ്പോർട്ട്. ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത രീതിയില്‍ ജനന നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ദക്ഷിണ കൊറിയയുടെ ജനസംഖ്യ മൂന്നില്‍ രണ്ടായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വിഷയം പരിഗണിച്ചില്ലെങ്കില്‍ ഇത് ദക്ഷിണ കൊറിയയുടെ സമ്പത്തിനെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 1960കളില്‍ ജനസംഖ്യാ വളര്‍ച്ച തടയുന്നതിനായി സര്‍ക്കാര്‍ കുടുംബാസൂത്രണ നയങ്ങള്‍ നടപ്പിലാക്കിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ആ സമയത്ത് സ്ത്രീകളുടെ പ്രത്യുല്‍പ്പാദനക്ഷമത ഒരു സ്ത്രീക്ക് ആറ് കുട്ടികള്‍ എന്ന നിലയിലായിരുന്നു.
എന്നാല്‍ പ്രതിശീര്‍ഷ വരുമാനം ആഗോള ശരാശരിയുടെ 20 ശതമാനം മാത്രമായിരുന്നു. 1983 ആയപ്പോഴേക്കും പ്രത്യുല്‍പ്പാദന നിരക്ക് 2.1 എന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു. ഇന്ന് പ്രത്യല്‍പ്പാദന നിരക്ക് ആഗോള തലത്തില്‍ തന്നെ കുറഞ്ഞ രാജ്യമായി ദക്ഷിണ കൊറിയ മാറി.
ജനനിരക്ക് വര്‍ധിപ്പിക്കാന്‍ നിരവധി പരിപാടികള്‍ ദക്ഷിണ കൊറിയ അവലംബിച്ചിട്ടുണ്ട്. ഇതില്‍ നികുതി ഇളവുകള്‍, ശിശു സംരക്ഷണത്തിനുള്ള സബ്‌സിഡി, മൂന്നോ അതിലധികമോ കുട്ടികളുള്ള പുരുഷന്മാര്‍ക്ക് സൈനിക സേവനത്തില്‍ ഇളവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ നല്‍കുന്നു. എന്നിരുന്നാലും ഈ നടപടികള്‍ കാര്യമായ ഫലം നല്‍കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
പല ദക്ഷിണ കൊറിയന്‍ സ്ത്രീകളും, പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലെ സ്ത്രീകള്‍ കുടുംബ ജീവിതത്തിന് പകരം സ്വന്തം തൊഴിലാണ് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നടത്തിയ പോളില്‍ രക്ഷാകര്‍തൃത്വം നല്‍കുന്ന വെല്ലുവിളികള്‍ കരിയര്‍ പുരോഗതിക്ക് തടസമാകുന്നുവെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.
സമൂഹത്തിന്റെ മനോഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി സ്ത്രീകളാണ് പാരമ്പരാഗത ജന്‍ഡര്‍ റോളുകളെ നിഷേധിച്ച് രംഗത്തെത്തുന്നത്. ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ മൂന്നില്‍ ഒരു സ്ത്രീ വിവാഹം കഴിക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്. 93 ശതമാനം പേരും വീട്ടു ജോലിയും കുട്ടികളുടെ പരിപാലനവുമാണ് വിവാഹം കഴിക്കാത്തതിന് പ്രധാന കാരണമായി പറയുന്നത്.
പുരുഷന്മാരാണെങ്കില്‍ പങ്കാളിയെ കണ്ടെത്താന്‍ സാധിക്കാതെ മറ്റ് സ്ഥലങ്ങളില്‍ നിന്നും വിവാഹിതരാകുകയാണ്. നിരവധി ദക്ഷിണ കൊറിയന്‍ പുരുഷന്മാരാണ് വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളില്‍ നിന്നും പങ്കാളികളെ കണ്ടെത്തുന്നത്.
Content Highlights: South Korea birth rate decreased