നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ? ട്രിപ്പ് പോകാന്‍ ഇഷ്ടപ്പെടുന്നവരാണോ? എന്നാല്‍ ഇത് നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയായിരിക്കും. ഇന്ത്യയിലുടനീളമുളള 150 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) 'ഈറ്റ് റൈറ്റ് സ്റ്റേഷന്‍' സര്‍ട്ടിഫിക്കറ്റ് ലഭച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇനി മുതല്‍ ജാര്‍ഖണ്ഡിലെ ടാറ്റാനഗര്‍ റെയില്‍വേ സ്റ്റേഷനും ഉണ്ട്. ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്റ്റേഷനുകളിലെല്ലാം യാത്രക്കാര്‍ക്ക് സുരക്ഷിതവും പോഷകസമൃദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണമാണ് ലഭ്യമാക്കുന്നത്.
റെയില്‍വേ സ്‌റ്റേഷനിലെ ഭക്ഷണശാലകളിലെ വെള്ളത്തിന്റെ ഗുണനിലവാരം, ഭക്ഷണവസ്തുക്കള്‍ സംരക്ഷിക്കുന്ന രീതി എന്നിവയെല്ലാം പരിശോധിച്ച ശേഷമാണ് ഈ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ഭക്ഷണം വിളമ്പുന്നവരുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. യാത്രക്കാര്‍ക്ക് സംതൃപ്തി നല്‍കുന്നതും പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുകയും ചെയ്യുന്നത് എഫ്എസ്എസ്എഐ യുടെ ദൗത്യമാണ്. അത് മാത്രമല്ല ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈറ്റ് റൈറ്റ് ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
കേരളത്തിലെ 26 റെയില്‍വേ സ്റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്റ്റേഷന്‍ സര്‍ഫിക്കഷേന്‍ ലഭിച്ചത്. കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, തിരൂര്‍, കോഴിക്കോട്, പരപ്പനങ്ങാടി, ഷൊര്‍ണ്ണൂര്‍, പാലക്കാട്, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍, കോട്ടയം, ചെങ്ങന്നൂര്‍, തിരുവല്ല, കരുനാഗപ്പളളി, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം, പുനലൂര്‍, വര്‍ക്കല, തിരുവനന്തപുരം, കായംകുളം എന്നീ സ്റ്റേഷനുകള്‍ക്കാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഉടനീളമുള്ള ഈറ്റ് റൈറ്റ് സര്‍ഫിക്കറ്റേഷന്‍ ലഭിച്ച 150 റെയില്‍വേസ്റ്റഷനുകളില്‍ 26 എണ്ണവുമുള്ള കേരളമാണ് ഒന്നാം സ്ഥാനത്ത്. ഈ സംരംഭത്തിന് കീഴില്‍ സംഘടിത കാറ്ററിംഗ് യൂണിറ്റുകള്‍, റെസ്‌റ്റൊറന്റുകള്‍, ഫുഡ്‌കോര്‍ട്ടുകള്‍, കിയോസ്‌കുകള്‍,റീറ്റെയിലിങ് ഔട്ട്‌ലെറ്റുകള്‍, ബൂത്തുകള്‍ എന്നിവയുള്‍പ്പെടെ റെയില്‍വേ സ്റ്റേഷനുകളിലെ എല്ലാ ഭക്ഷണ വിതരണക്കാരും ഇതില്‍ ഉള്‍പ്പെടും.
Content Highlights : One more station of Indian Railways has got 'Eat Right Certification'. Know which railway stations in Kerala have received this approval