ഹണിമൂണ്‍ കാലം ഏറ്റവും സുന്ദരവും പ്രണയാര്‍ദ്രവുമാക്കാനാണ് എല്ലാ ദമ്പതികളും ആഗ്രഹിക്കുന്നത്. നിങ്ങളുടെ പ്രണയത്തിന് കൂടുതല്‍ ഊഷ്മളത പകരാന്‍ ഹണിമൂണ്‍ യാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങള്‍ക്ക് കഴിയും. പൂക്കള്‍ നിറഞ്ഞുകിടക്കുന്ന പാതയോരങ്ങളിലൂടെയും നേര്‍ത്ത തിരമാലകള്‍ പുളകം കൊള്ളിക്കുന്ന കടലോരങ്ങളിലൂടെയും പ്രണയിനിയുടെ കൈകള്‍ കോര്‍ത്ത് നടക്കാന്‍ കൊതിക്കാത്തവരായി ആരെങ്കിലുമുണ്ടോ. എങ്കില്‍ നിങ്ങള്‍ ഇവിടങ്ങളിലേക്ക് പോയേ മതിയാവൂ. പ്രകൃതി സൗന്ദര്യവും കടലിന്റെ ഭംഗിയും ആവോളം നുകര്‍ന്നുകൊണ്ട് മനോഹരമായ ഒരു യാത്രയാവാം. ഇന്ത്യയിലെ ഏറ്റവും സുന്ദരവും വ്യത്യസ്തവുമായ അഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളെ പരിചയപ്പെടാം.
പ്രണയിക്കുന്നയാളുടെ കൈകളില്‍ കൈകള്‍ ചേര്‍ത്ത് തിരമാലകള്‍ ഉലയുന്ന കടല്‍തീരത്തുകൂടി നടക്കുന്നതിലും മനോഹരമായ കാര്യം മറ്റെന്താണുള്ളത്. അങ്ങനെയൊരു അനുഭൂതിയ്ക്ക് തീര്‍ച്ചയായും ഗോവയില്‍ പോകുകതന്നെ വേണം. കടല്‍ കാഴ്ചകള്‍ മാത്രമല്ല മറ്റ് പല ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. പാരാഗ്ലൈഡിങ്ങ്, നീന്തല്‍ , കപ്പല്‍യാത്ര എന്നിവയൊക്കെ ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുന്ന വിനോദങ്ങളാണ്. ഒപ്പം അല്‍പ്പം സാഹസികതയുമാകാം. ഗോവയിലെ സൂര്യോദയവും സൂര്യാസ്തമയവും ഒഴിവാക്കാനാവാത്ത കാഴ്ചതന്നെയാണ്. ബീച്ച് സൈഡില്‍ ശരീരത്തില്‍ ടാറ്റൂ ഒട്ടിച്ചുകൊടുക്കുന്നവരുണ്ട്. അത്തരം വിനോദങ്ങള്‍ ഇഷ്ടമുള്ളവര്‍ക്ക് അതും ചെയ്യാം. ഇവിടെയുള്ള ഫല്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിന് പോകാം. ബീച്ച് സൈഡില്‍ കൂട്ടുകാരുമൊത്ത് നല്ലൊരു പാര്‍ട്ടിയും അറേഞ്ച് ചെയ്യാം. ഇവയെല്ലാം ഗോവന്‍യാത്രയില്‍ ഒരിക്കലും നഷ്ടപ്പെടുത്താനാവാത്ത വിസ്മയങ്ങളാണ്.
പ്രകൃതി സൗന്ദര്യം നുകര്‍ന്നുകൊണ്ട് യാത്രയുടെ സുഖം ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടംതന്നെയാണ് മണാലി. ഒരു കപ്പ് ചൂട് ചോക്ലേറ്റും നുകര്‍ന്ന് രാത്രി തണുത്ത കാറ്റേറ്റുകൊണ്ട് കടല്‍തീരത്തുകൂടി നടക്കുമ്പോഴുള്ള രസം ഒന്നുവേറേ തന്നെയാണ്. അവിടങ്ങളിലെ ചെറിയ മാര്‍ക്കറ്റുകളില്‍ നിന്നും ധാരാളം സാധനങ്ങള്‍ വാങ്ങാം. ചെറിയ കടകളില്‍നിന്ന് ലഭിക്കുന്ന അവിടുത്തെ തനതായ ഭക്ഷണ സാധനങ്ങളുടെ രുചി ഒരിക്കലും മിസ് ചെയ്യരുത്. അതോടൊപ്പം തന്നെ പാരാഗ്ലഡിങ്ങ്, കുന്നിന്‍മുകളിലൂടെയുള്ള യാത്ര എന്നിവ പങ്കാളിയോടൊപ്പം ആസ്വദിക്കുകയും ചെയ്യാം.
ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റിന്റെ തലസ്ഥാനമാണ് പോര്‍ട്ട് ബ്ലയര്‍. 350 ദ്വീപുകളുടെ കൂട്ടമാണ് ഇതെന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത. പ്രകൃതിസൗന്ദര്യം കൊണ്ട് മാത്രമല്ല മറ്റ് പല ആകര്‍ഷകമായ കാര്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാനുള്ള ഏറ്റവും വലിയ സംഗതി വെള്ളത്തിനടിയിലൂടെയുള്ള നീന്തല്‍(സ്‌ക്യൂബാ ഡൈവിങ്ങ്) ആണ്. വ്യത്യസ്ത രീതിയിലുള്ള ഈ അനുഭവത്തിന് വേണ്ടിയാണ് പുറംനാടുകളില്‍ നിന്നുപോലും ആളുകള്‍ ഇവിടേക്ക് എത്തുന്നത്. കൂടാതെ കടല്‍ത്തീരത്തുള്ള റസ്റ്റോറന്റുകളില്‍ നിന്ന് നാടന്‍ രീതിയില്‍ തയ്യാറാക്കുന്ന കടല്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കുകയും ചെയ്യാം.
രാജകീയ നഗരം എന്ന് അറിയപ്പെടുന്ന ഇടമാണ് ജയ്പൂര്‍. പഴയ രാജകീയ കല ഇപ്പോഴും അതിന്റെ ആഡ്യത്വം ഒട്ടും ചോരാതെ ഇവിടെ നിലനില്‍ക്കുന്നു. കരകൗശല വസ്തുക്കള്‍ വാങ്ങാന്‍ കഴിയുന്ന ലോകത്തിലെ ഏറ്റവും മികച്ച സ്ഥലവും ജയ്പൂര്‍ തന്നെ. സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ മാത്രമല്ല, കാഴ്ചകള്‍കൊണ്ട് ഹൃദയം കവരാനും മാത്രം വശ്യമനോഹരവുമാണ് ഇവിടം. അതുപോലെതന്നെ മരുഭൂമിയാത്ര റോമാന്റിക്കായ അനുഭവം പകരുന്ന ഏക സ്ഥലവും കൂടിയാണ് ജയ്പൂര്‍.
ധാരാളം ക്രിസ്റ്റല്‍ ക്ലിയര്‍ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന ആന്‍ഡമാന്‍ നവ ദമ്പതികളുടെ ഏറ്റവും മികച്ച യാത്രാകേന്ദ്രങ്ങളിലൊന്നാണ്. എല്ലാ കോണുകളിലും ശാന്തത അനുഭവിക്കാന്‍ ഈ സ്ഥലം നിങ്ങള്‍ക്ക് അവസരം നല്‍കും. മാത്രമല്ല ദ്വീപുകളിലെ മനോഹാരിതയില്‍ ഒന്നിച്ചിരിക്കുന്നത് മനോഹരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കാനും നിങ്ങളെ പ്രാപ്തരാക്കും. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന വെള്ളമണലുകളും നീല നിറത്തില്‍ പരന്നുകിടക്കുന്ന ജലാശയങ്ങളുമെല്ലാം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ഭംഗി വര്‍ധിപ്പിക്കുന്നതാണ്. പവിഴപ്പുറ്റുകളുടെയും വൈവിധ്യമാര്‍ന്ന സമുദ്ര ജീവികളുടെയും കാഴ്ചകളും സ്‌നോര്‍ക്കലിംഗും ഡൈവിംഗും ഒക്കെ നമുക്ക് ഇവിടെ ആസ്വദിക്കാന്‍ കഴിയും.
Content Highlights :Let's take a honeymoon trip to these five beautiful places in India